ചെങ്ങന്നൂർ: പൊലീസുകാരനെ പട്ടി എന്നു വിളിച്ചതല്ലേ ഞാൻ ചെയ്ത കുറ്റം? പട്ടിയെ പൊലീസുകാരാന്നു വിളിച്ചാൽ കുഴപ്പമുണ്ടോ സാറേ? രഞ്ജിത്ത് ആദ്യകാലത്ത് എഴുതിയ പ്രാദേശികവാർത്തകൾ എന്ന സിനിമയിൽ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഇതു പോലെയാണ് പട്ടിയെ കൊല്ലുന്നവരെ അറസ്റ്റ് ചെയ്യണമെന്ന ഡി.ജി.പി ടി.പി. സെൻകുമാറിന്റെ ഉത്തരവ്.

പട്ടിയെ അടിച്ചു കൊന്ന നാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത് പെരുമ്പാവൂരിലാണ്. എന്നാൽ, കഴിഞ്ഞ 21 ന് ചെങ്ങന്നൂരിൽ എസ്.ഐയെ കടിച്ച തെരുവുനായയെ പൊലീസുകാർ നാട്ടുകാരുടെ മുന്നിലിട്ടു ലാത്തി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ട്രാഫിക് എസ്.ഐ ഉൾപ്പെടെ ആറുപേരെ കടിച്ച നായയെയാണ് പൊലീസുകാർ തല്ലിക്കൊന്നത്. പുലിക്കുന്ന് സ്വദേശി ഷാജിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് ട്രാഫിക് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ജോസഫ്. പൊലീസുകാരെ മനുഷ്യൻ പേടിച്ചാൽ മതിയല്ലോ? ആ വക പേടിയൊന്നുമില്ലാത്ത, വകതിരിവില്ലാത്ത നായ, എസ്.ഐയെ ഓടിച്ചിട്ട് കടിച്ചു.

മറ്റു നാട്ടുകാരെയും ഇതേ നായ തന്നെ കടിച്ചു മുറിവേൽപ്പിച്ചു. വിവരമറിഞ്ഞ് പൊലീസിലെ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നായയെ തല്ലിക്കൊന്നു. ഈ വാർത്ത എല്ലാ പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. പട്ടിയെ, അത് പേയിളകിയതാണെങ്കിൽ പോലും തല്ലിക്കൊല്ലുന്നവർക്ക് എതിരേ കേസ് എടുക്കമെന്നാണ് ഡി.ജി.പി സെൻകുമാറിന്റെ ഉത്തരവ്. അങ്ങനെയെങ്കിൽ 'ചെങ്ങന്നൂർ കൊലപാതകത്തിന്റെ പേരിൽ എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം. പൊലീസിന് എന്തുമാകാമല്ലോ അല്ലേ? പട്ടിയെ കൊല്ലാനുള്ള ലൈസൻസും പൊലീസിനുണ്ടെന്ന് വേണം കരുതാൻ.

തെരുവ് പട്ടികളെ കൊല്ലുന്ന വാർത്ത പുറത്തുവന്നതോടെ തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്നും ഇതിന് പൊലീസ് കൂട്ടു നിൽക്കരുതെന്നും കേന്ദ്രന്ത്രി മേനകാഗാന്ധി ഡി. ജി. പി ടി.പി .സെൻകുമാറിന് പ്രത്യേകദൂതൻ വഴി കത്ത് നൽകി. നിർദ്ദേശം ഡി.ജി.പി എല്ലാ എസ്‌പിമാർക്കും റേഞ്ച് ഐ.ജിമാർക്കും നൽകി. നായ്ക്കളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിന്റെ പേരിലുള്ള കത്തിലുണ്ട്. പരിസ്ഥിതിവനം വകുപ്പിനു കീഴിലുള്ളതാണ് അനിമൽ വെൽഫെയർ ബോർഡ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 428, 429 വകുപ്പുകൾ പ്രകാരം ഇത് കുറ്റകരമാണെന്നും കർശന നടപടിയെടുക്കണമെന്നുമാണ് ആവശ്യം. മേനകാഗാന്ധിയുടെ ഓഫിസിൽ നിന്ന് നേരിട്ടെത്തിച്ച നിർദ്ദേശമാണ് താഴേത്തട്ടിലേക്ക് കൈമാറിയതെന്ന് ടി.പി.സെൻകുമാർ പറഞ്ഞു.

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിമൽ വെൽഫെയർ ബോർഡ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവ് സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. അനിമൽ വെൽഫയർ ബോർഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കോടതി വിധി അപകടകാരികളായ തെരുവ് പട്ടികൾക്ക് മാത്രമാണ്. അതുകൊണ്ട് എല്ലാ തെരുവുനായ്ക്കളേയും കൊല്ലുന്നതിന് അനുവാദമില്ലെന്നാണ് മേനകാ ഗാന്ധിയുടെ വാദം. ഇത് ശരിവച്ച് തന്നെയാണ് ഡിജിപി താഴെ തട്ടിലേക്ക് നിർദ്ദേശം കൈമാറിയതും.

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സർക്കാരും തീരുമാനിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനം. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ, വധ്യംകരണ സംവിധാനങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പ്രായോഗികമായിട്ടില്ല. ഇതിനെ തുടർന്നാണ് നാട്ടുകാർ തന്നെ തെരുവ് പട്ടികളെ കൊല്ലാൻ മുന്നിട്ടിറങ്ങുന്നത്.