തിരുവനന്തപുരം : സംസ്ഥാന ഖജനാവ് നിറയ്ക്കുന്ന ടൂറിസം മേഖലയെ തകർക്കാൻ അയൽസംസ്ഥാന ലോബികൾ കച്ചമുറുക്കുന്നതായി സൂചന. കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തെക്കുറിച്ച് അന്താരാഷ്ട്ര, ആഭ്യന്തര ടൂർ ഏജൻസികളേയും വിദേശരാജ്യങ്ങളിലെ എംബസികളേയും അറിയിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ തകർക്കാനാണ് അന്തർസംസ്ഥാന ലോബികൾ ശ്രമിക്കുന്നത്.

ഇതിനായി, കഴിഞ്ഞ ഒരു വർഷം കേരളത്തിലുണ്ടായ നായകളുടെ ആക്രമണവും അതുസംബന്ധിച്ച് പത്രങ്ങളിലും ചാനലുകളിലും വന്ന വാർത്തകളും മാത്രമല്ല, ഗുരുതരമായ ആക്രമണത്തിന് ഇരയായ ആളുകളുടെ അനുഭവങ്ങളും ഇതിനായി ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. സംസ്ഥാന പൊലീസ് ഇന്റലിജൻസും ഇത്തരത്തിൽ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.

കേരളത്തിലെ വിനോദസഞ്ചാര മേഖലകളിൽ ഭ്രാന്തൻ നായകൾ വിലസുകയാണെന്നും ഇവയുടെ കടിയേറ്റാൽ നൽകേണ്ട ആന്റി റാബീസ് വാക്‌സിൻ കേരളത്തിൽ ഇല്ലെന്നും തെളിവുകൾസഹിതമാണ് പ്രചരണം. ഇക്കാര്യം സംസ്ഥാന പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പക്ഷേ നായകളുടെ ആക്രമണം തടയാൻ, നായ്ക്കളെ കൊല്ലാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ.

ഇന്ത്യയിൽ വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലേക്കുള്ള ഒഴുക്ക് തടയുകയാണ് ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യം. 2013 -ൽ 8.58 ലക്ഷം വിദേശസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2014-ൽ 9.23 ലക്ഷം സഞ്ചാരികളും എത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ 18.31 ശതമാനം വർദ്ധനയാണ് വിദേശസഞ്ചാരികളുടെ വരവിൽ രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് ഇത് പ്രതിവർഷം താഴേയ്ക്ക് പോകുകയായിരുന്നു. 2011-ൽ വർധന 11.18 ശതമാനവും 2012ൽ 8.28 ശതമാനവും, 2013ൽ 8.12 ശതമാനവും , 2014 ൽ 7.60 ശതമാനവുമാണ് കണക്ക്.

തെരുവുനായകളുടെ പേരിൽ ഭീതി പടർത്തിയുള്ള പ്രചരണം മുൻവർഷങ്ങളിലുമുണ്ടായിരുന്നുവെങ്കിലും ഈ വർഷം കരുതിക്കൂട്ടിയുള്ള സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുകയാണ്. 'കേരളത്തിലെ നായകളെ കൊല്ലരുത്' എന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില അയൽസംസ്ഥാന സംഘടനകൾ നടത്തുന്ന സമരം ടൂറിസം മേഖലയെ തകർക്കാനുള്ള 'സ്‌പോൺസേഡ് സമരം' ആണെന്നാണ് ഇന്റലിജന്റ്‌സ് നിഗമനം.