- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ച് വരുന്നത് പേപ്പട്ടിയാണെന്ന് അറിഞ്ഞിട്ടും ചാക്കോ ഭയന്നില്ല; കടിച്ച പട്ടിയെ നിലത്തടിച്ചു കൊന്ന് 79 കാരൻ വീരനായകനായി; തേക്കടി രണ്ടാം മൈലിൽ കണ്ട ധീരതയ്ക്ക് എങ്ങും കൈയടി
ഇടുക്കി: പട്ടിയെ കൊല്ലുന്നത് മേനക ഗാന്ധിയുടെ നിയമത്തിനെതിരാണെന്നും കൊന്നാൽ കേസെടുക്കുമെന്ന ഡി. ജി. പി സെൻകുമാറിന്റെ നിലപാടും ഏറെ ചർച്ചയായി. ഇതിനെ തള്ളി തെരുവുനായ്ക്കൾക്കെതികെ ചിറ്റിലിപ്പള്ളി കൊച്ചൗസേപ്പിന്റെ സമരവുമെത്തി. ഈ കോലാഹലങ്ങൾക്കിടയിൽ സസുഖം അഴിഞ്ഞാടുന്ന തെരുവുപട്ടികളുടെ എണ്ണം ദിനംപ്രതി പെരുകി വരുകയും ജനങ്ങളുടെ സ്വൈര
ഇടുക്കി: പട്ടിയെ കൊല്ലുന്നത് മേനക ഗാന്ധിയുടെ നിയമത്തിനെതിരാണെന്നും കൊന്നാൽ കേസെടുക്കുമെന്ന ഡി. ജി. പി സെൻകുമാറിന്റെ നിലപാടും ഏറെ ചർച്ചയായി. ഇതിനെ തള്ളി തെരുവുനായ്ക്കൾക്കെതികെ ചിറ്റിലിപ്പള്ളി കൊച്ചൗസേപ്പിന്റെ സമരവുമെത്തി. ഈ കോലാഹലങ്ങൾക്കിടയിൽ സസുഖം അഴിഞ്ഞാടുന്ന തെരുവുപട്ടികളുടെ എണ്ണം ദിനംപ്രതി പെരുകി വരുകയും ജനങ്ങളുടെ സ്വൈരവിഹാരം മുമ്പെങ്ങുമില്ലാത്തവിധം തടസപ്പെടുകയുമാണ്.
ഇതിനിടെ തന്നെ കടിക്കാനെത്തിയ പേപ്പട്ടിയെ ധൈര്യം കൈവിടാതെ പിടികൂടി നിലത്തടിച്ചു കൊന്ന 79കാരൻ നാട്ടിൽ ഹീറോയായി മാറുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിക്കടുത്ത് കുമളി ഒന്നാം മൈലിൽ പുളിക്കൽ ചാക്കോയാണ് പട്ടിയെ പിടികൂടി വീരനായകനായത്. ചാക്കോ വെയിറ്റിങ് ഷെഡിൽ ഇരിക്കുമ്പോഴാണ് അക്രമാസക്തനായി പട്ടി അതുവഴിയെത്തിയത്. റോഡിലൂടെ പാഞ്ഞെത്തിയ നായ കുരച്ചുകൊണ്ട് വെയിറ്റിങ് ഷെഡിലേയ്ക്ക് ചാടിക്കയറി.
ചാക്കോയുടെ ദേഹത്തേയ്ക്ക് കുതിച്ചുചാടിയെങ്കിലും ചാക്കോ കടിയേൽക്കാതെ പെട്ടെന്ന് ഒഴിഞ്ഞുമാറി. പട്ടി വീണ്ടും വീണ്ടും ചാക്കോയെ കടിക്കാനാഞ്ഞു. പട്ടിക്ക് പേവിഷബാധയുണ്ടെന്നു മനസിലാക്കിയ ചാക്കോ മനസാന്നിധ്യം കൈവിടാതെ പേപ്പട്ടിയെ കീഴടക്കാൻ ശ്രമിച്ചു. സംഭവം കണ്ടുനിന്ന നാട്ടുകാർ ഭയപ്പെട്ടതിനാൽ ആരും അടുത്തില്ല. ഇതിനിടെ പട്ടിയെ ചാക്കോ പിടികൂടി. പട്ടിയുടെ വായിലാണ് പിടുത്തം കിട്ടിയത്. കുതറി രക്ഷപെടാൻ നായ ശ്രമിച്ചെങ്കിലും ചാക്കോ തന്റെ കാൽക്കീഴിൽ അമർത്തി.
ചാക്കോയുടെ ധൈര്യം കണ്ട നാട്ടുകാരിലൊരാൾ കയർ എറിഞ്ഞുകൊടുത്തു. ഈ സമയം കൊണ്ട് പേപ്പട്ടിയുടെ വായ, കൈയിൽ കിട്ടിയ കമ്പികൊണ്ട് ചാക്കോ ബന്ധിച്ചിരുന്നു. തുടർന്ന് പട്ടിയുടെ കാലിൽപ്പിടിച്ച് ചാക്കോ തുടരെത്തുടരെ നിലത്തടിച്ചു. അൽപ സമയത്തിനുള്ളിൽ പട്ടി ചത്തു വീണു. ഇതോടെ നാട്ടുകാർ അടുത്തുകൂടി ചാക്കോയെ അഭിനന്ദിച്ചു. പട്ടിയെ കീഴടക്കുന്നതിനിടെ ചാക്കോയുടെ കൈവരലുകൾക്ക് കടിയേറ്റു. തുടർന്ന് ചാക്കോ പേവിഷ ബാധയ്‌ക്കെതിരെ ആശുപത്രിയിലെത്തി കുത്തിവയ്‌പെടുത്തു.
ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയും പരിസരങ്ങളും രണ്ട് വർഷത്തോളമായി തെരുവുപട്ടികളുടെ വിഹാരരംഗമാണ്. വിദേശികളടക്കമുള്ള സഞ്ചാരികൾക്കും നിരവധി നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും പട്ടികടിയേറ്റു. പുലർച്ചെയുള്ള നടത്തവും വിദ്യാർത്ഥികളുടെ ട്യൂഷനും രാവിലത്തെ ആരാധാനാലയ സന്ദർശനവുമെല്ലാം തെരുവുനായ ശല്യംകൊണ്ടു മുടങ്ങിയ നാടാണ് കുമളി മേഖല.
ഇവിടെ ചാക്കോയെന്ന വയോധികന്റെ ധൈര്യവും പട്ടിയെ നിലത്തുകൊന്നതും സോഷ്യൽ മീഡിയായിലൂടെ വേഗത്തിൽ പ്രചരിക്കുകയാണ്. ചാക്കോയെ തേടി അഭിന്ദനങ്ങൾ പ്രവഹിക്കുകയാണ്.