കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സിഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്.

പേരാമ്പ്ര മത്സ്യ മാർക്കറ്റിലെ മത്സ്യ വിൽപനക്കാർ തമ്മിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പേരാമ്പ്രയിൽ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിൽനിന്ന് ഒരുവിഭാഗം തൊഴിലാളികൾ സിഐടിയുവിൽ ചേർന്നിരുന്നു. വ്യാഴാഴ്ച രാവിലെ മാർക്കറ്റിൽ മത്സ്യ വില്പന നടത്താൻ തങ്ങൾക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കൽ സെക്രട്ടിയുടെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകർ എത്തുകയായിരുന്നു.

ഇവരെ നിലവിൽ മാർക്കറ്റിൽ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ നൂറോളം ആളുകളുമായി തൊഴിലാളികളെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയിൽ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചു.