തിരുവനന്തപുരം:തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആരോരുമില്ലാത്തവർക്ക് അഭയമാവുകയാണ് മുരുഗൻ എന്ന യുവാവ്. സമൂഹം അറപ്പോടെ മാത്രം നോക്കികാണുന്ന തെരുവ് ജീവിതങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനായി ഒരു സംഘടന തന്നെ രൂപീകരിച്ച് പ്രവർത്തിക്കുകയാണ് മുരുഗൻ, തെരുവോരം എന്ന തന്റെ സംഘടനയിലൂടെ. നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും അലഞ്ഞ് നടക്കുന്നവരെ സ്‌നേഹത്തോടെ സമീപിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ശ്രമിക്കുകയാണ് ഈ യുവാവ്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ കണ്ടെത്തി അവരെ വൃത്തിയാക്കി സംരക്ഷിക്കുകയെന്ന സമൂഹം മടിച്ചു നിൽക്കുന്ന ഒരു ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോവുകയാണ്.

ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞ് നടന്ന പത്തോളം ആൾക്കാരെ കണ്ടെത്തി. അലക്ഷ്യമായി മുടിയും താടയിയും വളർത്തി വൃത്തിയില്ലാതെ നടക്കുന്നവരെ സ്‌നേഹത്തോടെ തോളിൽ കൈയിട്ട് കൊണ്ട് വന്ന് താടിയും മുടിയും വെട്ടി വൃത്തിയാക്കി പുതിയ വസ്ത്രവും കഴിക്കാൻ ഭക്ഷണവും നൽകി മനസ്സു നിറയ്ക്കുകയാണ് ഈ യുവാവ്. തലസ്ഥാനത്ത് ഇന്ന് നടന്ന പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹിക പ്രവർത്തക ധന്യ രാമൻ എന്നിവർ പങ്കെടുത്തു.

വഴിയിൽ നിന്നും കണ്ടെത്തുന്നവരെ ഡെറ്റോൾ ഉൾപ്പടെയുള്ള മരുന്നുകൾ ഉപയോഗിച്ചാണ് കുളിപ്പിക്കുന്നത്. ഇടയ്ക്ക് ആംബുലൻസിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയ ആളെ പിന്നാലെ പോയി പിടിച്ച് കുശല സംഭാഷണത്തിലൂടെയാണ് മുരുഗൻ തിരിച്ച് കൊണ്ട് വന്നത്. കണ്ട് നിന്നവരിൽ പലരും പറഞ്ഞ അഭിപ്രായം ഒന്ന് തന്നെ 'ഈ മനുഷ്യനെ സമ്മതിക്കണം' കേരളീയ സമൂഹത്തിന്റെ പല കോണുകളിലായി കാണപ്പെടുന്ന ഇത്തരം ജന്മങ്ങളെ ആരോരുമില്ലാത്ത തെരുവുകളിൽ നിന്നും തണലിലേക്ക് എത്തിക്കുന്ന പ്രവർത്തിയെ എത്ര പുകഴ്‌ത്തിയാലും മതിയാകില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

2007ലാണ് തെരുവോരം എന്ന സംഘടന രൂപീകരിച്ചത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ നാളിതുവരെ എണ്ണായിരത്തോളം തെരുവ് ജന്മങ്ങൾക്കാണ് സംഘടന തണലായത്. ഇങ്ങനെ തെരുവിൽ നിന്നും പുനരുദ്ധീകരിക്കുന്നവർ തന്നെയാണ് പിന്നീട് പുതിയതായി ആൾക്കാരെ കണ്ടെത്തി അവരെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരുന്നതിന് മുരുഗനെ സഹായിക്കുന്നത്. ഇത്തരത്തിൽ കണെത്തുന്നവരിൽ മലയാളികൾ മാത്രമല്ല ഉണ്ടാകാറുള്ളതെന്ന് സംഘടനാ പ്രവർത്തകർ മറുനാടനോട് പറഞ്ഞു. ഇത്തരം ആൾക്കാരോട് മുരുഗൻ അടുത്തിടപെടുന്നത് ആദ്യമൊക്കെ ഒരു അത്ഭുതത്തോടെയാണ് താൻ നോക്കികണ്ടിരുന്നതെന്ന് സാമൂഹിക പ്രവർത്തക ധന്യ രാമൻ പറഞ്ഞു. 

ഇടുക്കി പീരുമേട് സ്വദേശിയായ മുരുഗൻ വളർന്നത് എറണാകുളം നഗരത്തിലെ ഒരു ചേരിയിലാണ്. തമിഴ്‌നാട് സ്വദേശികളായ ഷണ്മുഖം, വള്ളി എന്നിവരാണ് മാതാപിതാക്കൾ. റണാകുളത്തെ കുപ്പ്കൂനകളിലായിരുന്നു മുരുഗന്റെ ജീവിതം അവിടെ നിന്നുംഎട്ടാം വയസ്സിൽ ബ്രദർ മാവൂരിസ് മുരുഗനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പള്ളുരുത്തിയിലെ ഡോൺബോസ്‌കോ സ്‌നേഹഭവൻ അനാഥാലയത്തിലായിരുന്നു ജീവിതം. പിന്നീടാണ് മലയാളം എഴുതാനു വായിക്കാനും പടിച്ചത്. പകൽ മുളുവൻ തെരുവ് മക്കൾക്കായി തന്റെ ജീവിതം മാറ്റിവയ്ക്കുകയും രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ ഒടിച്ചുമാണ് മുരുഗൻ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.

ഓരോ മനുഷ്യനും തെരുവിലെത്തുന്നത് അവന്റെ കുറ്റം കൊണ്ടല്ല. ചിലരെ ബന്ധുക്കളും കുടുംബവും തന്നെ ഉപേക്ഷിച്ചതാണ്. മയക്ക് മരുന്നിലും ലഹരിക്കും അടിമകളായി തെരുവിൽ അലഞ്ഞ് നടക്കുന്നവർ കേരളത്തിൽ ഉപേക്ഷിക്കപ്പെട്ട അന്യസംസ്ഥാന സ്വദേശികൾ എന്നിങ്ങനെ അനേകംപേരാണ് തെരുവോരത്തിലെ അന്തേവാസികൾ. അനവധി പുരസ്‌കാരങ്ങളാണ് തന്റെ പ്രവർത്തിയുടെ അംഗീകാരമായി മുരുഗനെ തേടിയെത്തിയത്. ടൈംസ് നൗ ചാനലിന്റെ അമെയ്‌സിങ്ങ് ഇന്ത്യൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും കഴിഞ്ഞ വർഷം മുരുഗൻ ഏറ്റു വാങ്ങിയിരുന്നു.