കണ്ണൂർ: ദേശിയ പാതാ ബൈപാസിനെതിരെ കണ്ണൂരിൽ മറ്റൊരു സമരം കൂടി ശക്തമാവുന്നു. പാപ്പിനിശ്ശേരി -ചാല ബൈപാസിനുവേണ്ടി വേളാപുരം -കോട്ടക്കുന്ന്-പാപ്പിനിശ്ശേരി-തുരുത്തി- അത്താഴക്കുന്ന്-കല്ലുകെട്ടുചിറ-എന്നിവിടങ്ങളിലെ കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ സമരമാണ് കലക്ട്രേറ്റിന് മുന്നിൽ നടക്കുന്നത്. ദേശീയ പാതാ ബൈപാസിന്റെ പേരിൽ പാവങ്ങളെ തെരുവിൽ വലിച്ചെറിയുകയാണ് അധികൃതരും സർക്കാറും ചെയ്യുന്നതെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് കെ.എം. ഷാജി ആരോപിച്ചു. പാവങ്ങളെ മാത്രം ബൈപാസ് ഇരകളാക്കി മാറ്റി വി.ഐ.പി. കളെ രക്ഷിക്കുന്നതിന്റെ പിറകിൽ ആരാണെന്ന് വ്യക്തമാകണം. സർക്കാർ അനുകൂല എംഎൽഎ അതിനു വേണ്ടി ഹൈവേ അധികാരികൾക്ക് കത്ത് നൽകിയതായും ആരോപണമുയർന്നിട്ടുണ്ട്. 

അടുത്ത കാലത്ത് ഭൂമി വാങ്ങിക്കൂട്ടിയവരും ഫാക്ടറി ഉടമകളും മത പുരോഹിതരുടെ സ്ഥാപന മേധാവികളും ഇത്തരം നീക്കം നടത്തിയതായി വിവരമുണ്ട്. നേരത്തെയുള്ള അലൈന്മെന്റ് അട്ടിമറിച്ചാണ് ജനവാസ കേന്ദ്രത്തിലൂടെയുള്ള പുതിയ അലൈന്മെന്റ് ദേശീയ പാതാ അധികാരികൾ വിഞ്ജാപനം ചെയ്തത്. ഇത് മാറ്റി പഴയ നിലയിലേക്ക് കൊണ്ടു വരണം. ആദ്യത്തെ അലൈന്മെന്റ് അട്ടിമറിച്ചതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമാകണം. ഇക്കാര്യത്തിൽ ദുരൂഹമായ ഇടപെടൽ നടന്നിട്ടുണ്ട്. ഷാജി പറയുന്നു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ടോൾ കമ്പനികളുടെ താത്പര്യം സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ആരോപിച്ചു. ഉപവാസ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ വീട് പൊളിച്ചാൽ പോലും ലാഭം ടോൾ കമ്പനിക്കാണ് ലഭിക്കുക. ഇതിന്റെ തെറി കേൾക്കേണ്ടതും ചിലവു വഹിക്കേണ്ടതും സർക്കാറാണ്. ടോൾ പിരിവ് കൂട്ടിയാൽ സാധനങ്ങൾക്ക് വില വർദ്ധിക്കും. ചരക്കു ലോറികൾ അതിന്റെ പണവും സാധനങ്ങളിലൂടെ സാധാരണക്കാരന്റെ ചുമലിൽ കെട്ടിവെക്കും. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടു പോകുന്ന റോഡിന്റെ അലൈന്മെന്റ് എത്രയും വേഗം തിരുത്തണമെന്നും അത് ജനങ്ങളിലേക്ക് എത്തിക്കണമെന്നും നീലകണ്ഠൻ പറഞ്ഞു.

സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ മാർച്ച് നടത്തി. ഓൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്സും സമരത്തിന് പിൻതുണയുമായെത്തി. കീഴാറ്റൂർ സമരത്തിന്റെ ചുവട് പിടിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. സമര സമിതി കൺവീനർ നിശിൽ കുമാർ അധ്യക്ഷനായിരുന്നു. വിവിധ കക്ഷി നേതാക്കളായ അബ്ദുൾ ഖാദർ മൗലവി, രാജീവൻ എളയാവൂർ, സി.ബാലകൃഷ്ണൻ, സി. സീനത്ത്, കെ.വി.ഹാരിസ്, സൈനുദ്ദീൻ കരിവെള്ളൂർ,സി.പുരുഷോത്തമൻ, എന്നിവരും അഭിവാദ്യം ചെയ്തു.