കണ്ണൂർ: ഷുഹൈബ് കൊലക്കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ നടത്തുന്ന സമരം ശക്തമാവുന്നു. കലക്ട്രേറ്റിന് മുന്നിൽ സുധാകരനോടൊപ്പം അനുഭാവ ഉപവാസം നടത്താൻ നൂറുക്കണക്കിന് പ്രവർത്തകരാണ് രാപ്പകൽ ഭേദമെന്യേ എത്തിച്ചേരുന്നത്.

പ്രവർത്തകരെ മുഴുവൻ അണിനിരത്താൻ ഉപവാസ പന്തലിന് വലിപ്പം കൂട്ടിയപ്പോൾ കവിഞ്ഞൊഴുകുന്ന നിലയിലാണ് പ്രവർത്തക സാന്നിധ്യം. ഗ്രൂപ്പ് വൈരം വെടിഞ്ഞ് പോഷക സംഘടനകൾ ഉപവാസ പന്തലിലേക്ക് അഭിവാദ്യമർപ്പിക്കാൻ എത്തുന്നതും സമരത്തിന് ആവേശം പകരുന്നു. ഉപവാസ പന്തൽ ഫലത്തിൽ കോൺഗ്രസ്സിന്റെ സമ്മേളന വേദിയായി മാറിക്കഴിഞ്ഞു.

കോൺഗ്രസ്സിന്റെ യുവ എംഎ‍ൽഎ വി.ടി.ബൽറാമിനെ മുദ്രാവാക്യം വിളിയുടെയാണ് അണികൾ പന്തലിലെത്തിച്ചത്. ഇന്നെത്തിയ നേതാക്കളിൽ അണികൾക്ക് പ്രിയം ബൽറാം എന്ന് വ്യക്തമാക്കുകയായിരുന്നു പ്രവർത്തകരുടെ ആവേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും സി.എംപി. നേതാവ് സി.പി. ജോണും ഉപവാസ സമരത്തെ അഭിവാദ്യം ചെയ്യാനെത്തി.

സിപിഎമ്മിന്റെ സമര ശൈലി തന്നെ സ്വീകരിച്ചു കൊണ്ടാണ് ഉപവാസ സമരം നടക്കുന്നത്. ഇടക്കിടെ നേതാക്കളുടെ പ്രസംഗങ്ങൾ. അതുകഴിഞ്ഞുള്ള ഇടവേളകളിൽ കവിതാലാപനം. അതും കഴിഞ്ഞ് അഹിംസാത്മക ഗാനങ്ങൾ. പിന്നെ കൊല്ലപ്പെട്ട ഷുഹൈബിനെക്കുറിച്ചുള്ള ഓർമ്മകൾ. ഉപ്പ മുഹമ്മദിന്റെ വാക്കുകൾ. തുടങ്ങിയവയൊക്കെ ജനശ്രദ്ധ ആകർഷിക്കും വിധം അവതരിപ്പിക്കുന്നു. പിന്നെ പോഷകസംഘടനകളുടെ ജാഥകൾ. വനിതാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പർദ്ദ ധരിച്ച മുസ്ലിം സ്ത്രീകൾ, സർവ്വീസ് സംഘടനകൾ, തുടങ്ങി അഭിവാദ്യങ്ങളർപ്പിക്കാൻ എത്തുന്നവരേറെ.

സമീപകാല കോൺഗ്രസ്സ് പരിപാടികളിലൊന്നും എത്തിച്ചേരാത്ത ജനസഞ്ചയം. അതുകൊണ്ടു തന്നെ സമരം ശക്തമാക്കാനുള്ള ആത്മ വിശ്വാസം നേതൃത്വത്തിനുണ്ടായി. 48 മണിക്കൂറിൽ നിന്നും അനിശ്ച്ചിത കാലത്തേക്ക് കെ.സുധാകരന്റെ ഉപവാസം തുടരാൻ തീരുമാനിച്ചതിനുള്ള കാരണവും ഇതു തന്നെ. അറസ്റ്റിലായവരല്ല ടി.പി. കേസിലെ പ്രതി കിർമാണി മനോജിനെ പോലുള്ളവരാണ് യഥാർത്ഥ പ്രതികളെന്നും സുധാകരൻ ആരോപിക്കുന്നു.

നിരാഹാര പന്തലിൽ സിപിഐ.(എം). അനുഭാവികളായ സിനിമാ കോസ്റ്റിയൂം ഡിസൈനർ റാഫി കണ്ണാടിപ്പറമ്പിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ കോൺഗസ്സ്രിൽ ചേരുകയും ചെയ്തു. സുധാകരനും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും അവരെ പന്തലിൽ വച്ചു തന്നെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ഷുഹൈബ് കൊലക്കേസിലെ അന്വേഷണ സംഘത്തെ എന്തിനാണ് മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഉപവാസത്തിന് അഭിവാദ്യമർപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പഴയ അന്വേഷണ സംഘത്തിന് എന്ത് വീഴ്ചയാണ് സംഭവിച്ചതെന്നും സർക്കാർ വ്യക്തമാക്കണം. പൊലീസിൽ നിന്ന് എല്ലാ വിവരങ്ങളും സിപിഐ.(എം). നേതാക്കൾക്കും പ്രതികൾക്കും കൃത്യമായി ലഭിക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു യുവാവ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത ബുദ്ധി ജീവികളും സാംസ്കാരിക നായകന്മാരും കാഷ്വൽ ലീവെടുത്ത് പോയ അവസ്ഥയിലാണെന്ന് കെ.മുരളീധരൻ എംഎൽഎ. പറഞ്ഞു. ആരെ ഭയപ്പെട്ടാണ് അവർ മൗനം പാലിക്കുന്നത്. നരേന്ദ്ര മോദിയുടെ കേരള പതിപ്പ് ഇപ്പോൾ കുമ്മനമല്ല. പിണറായി വിജയനാണെന്നും കെ.മുരളീധരൻ ആരോപിച്ചു.