ഷിമോഗ: കാൻസർ രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോ? പൂർണമായും ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ആധുനിക വൈദ്യശാസ്ത്രത്തിന് പോലും ഇപ്പോഴും സാധിച്ചിട്ടില്ല. കീമോ തെറാപ്പിയാണ് ലോക വ്യാപകമായി കാൻസറിനെതിരെ അനുവർത്തിക്കുന്ന ചികിത്സാ മാർഗ്ഗം. എന്നാൽ, കേരളത്തിന് അകത്തും പുറത്തും കാൻസർ ഭേദമാക്കാനായി പച്ചമരുന്ന് ചികിത്സകളുമുണ്ട്. ആയുർവേദ മാർഗ്ഗത്തിൽ കാൻസർ ചികിത്സ നടത്തുന്നവരിൽ അതിപ്രശസ്തൻ കർണാടകയിലെ ഷിമോഗ ജില്ലയിലെ അനന്തപുരയിലുള്ള നർസിപുര നാരായണ മൂർത്തി എന്ന വൈദികനാണ്. ഏതൊരു സമ്പന്നനെയും ദരിദ്ര്യനാക്കുന്ന കാൻസർ ചികിത്സയിൽ വെറും 400 രൂപയ്ക്ക് നാരായണ മൂർത്തി ചെയ്യുമ്പോൾ അതിൽ വിശ്വസിക്കുന്ന വലിയൊരു ജനസഞ്ചയം തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിത്സ തേടി ഷിമോഗയിൽ എത്തുന്നത്.

സോഷ്യൽമീഡിയയിലെ ഏറ്റവും പ്രചാരമുള്ള വൈദികനാണ് ഷിമോഗയിലെ കാൻസർ മാൻ എന്നറിയപ്പെടുന്ന നാരായണ മുൂർത്ിത. വൈദ്യൻ വെറും 400 രൂപയ്ക്ക് കാൻസർരോഗത്തെ ചികിത്സിച്ചു മാറ്റും എന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പലരും തങ്ങൾക്ക് അനുഭവമുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാൽ, രോഗിയെ കാണാതെ ചികിത്സിക്കുന്നത് എങ്ങനെ പ്രായോഗികമാകുമെന്നും ഇത്് തട്ടിപ്പാണെന്നും വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഈ വിവാദം നിലനിൽക്കെ തന്നെ കാൻസൻ കണ്ട് കഷ്ടപ്പെടുന്ന ആയിരങ്ങൾ അവിടെ പ്രതീക്ഷയോടെ എത്തുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.

കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ ചികിത്സ തേടിയെത്തുന്ന നർസിപുര

കർണാടകയിലെ ഷിമോഗ ജില്ലയിലെ അനന്തപുര എന്ന സ്ഥലത്താണ് നാരായണ മൂർത്തിയുടെ ചികിത്സ. കൃത്യമായി പറഞ്ഞാൽ അനന്തപുരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്ത് നർസിപുര എന്ന സ്ഥലത്ത്. നർസിപുര നാരായണ മൂർത്തി എന്നാണ് വൈദ്യൻ അറിയപ്പെടുന്നത്. കാൻസർ മാൻ എന്നാണ് വിളിപ്പേര്. ഇംഗ്ലീഷ് മരുന്നില്ല കാൻസർ ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്നില്ല എന്നതാണ് നാരായണ മൂർത്തിയുടെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം മരുന്നായി നൽകുന്നത് ചില ആയുർവേദ കൂട്ടുകളാണ്.

സ്വന്തം തൊടിയിൽ നട്ടുവളർത്തുന്നത് ഉൾപ്പെടെയുള്ള മരങ്ങളുടെ തൊലി അടക്കമുള്ളവയാണ് ഔഷധക്കൂട്ടെന്നാണ് നാരായണ മൂർത്തിയെ അനുകൂലിക്കുന്നവർ പറയുന്നത്. നാരായണ മൂർത്തിയെന്ന വയോധികനായ ചികിത്സകനെ കാമാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പുലർച്ചെ മുതൽ ആളുകൾ ഇവിടെ എത്താറുണ്ട്. നൂറുകണക്കിന് ആളുകൾ ദിവസവും ചികിത്സക്കെത്തുന്നു. മലയാളികൾ അടക്കമുള്ളവർ ഇവിടെ ചികിത്സ തേടി എത്താറുണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും പോലും ആളുകളെത്തുന്നതായി നാട്ടുകാർ പറയുന്നു.

ഒരു മാസത്തെ മരുന്നിന്  400 രൂപ

കാൻസർ ചികിത്സ കച്ചവടമാകുന്ന ഇക്കാലത്ത് നാരായണ മൂർത്തിക്ക് ഇതൊരു കച്ചവടമല്ല. കാരണം ഒരാളിൽ നിന്നും ഒരു മാസത്തെ ചികിത്സക്കു മരുന്നിനുമായി അദ്ദേഹം കൈപ്പറ്റുന്നതെ വെറു 400 രൂപയാണ്. മരത്തിന്റെ തൊലിയും മറ്റ് ഔഷധക്കൂട്ടുകളും ചേർത്ത ഒരു പൊടിയാണ് നൽകുന്നത്. രോഗത്തിന്റെ അവസ്ഥ, രോഗിയുടെ പ്രായം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രോഗത്തിന്റെ കാഠിന്യമനുസരിച്ച് മരുന്ന് നൽകും. ഇത് ചൂട് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി കുടിക്കുകയാണ് വേണ്ടത്. കാലങ്ങളായി തുടങ്ങിയതാണ് നാരായണ മൂർത്തിയുടെ ചികകിത്സ. നാൽപ്പത് വർഷത്തോളമായി ഇവിടെ ചികിത്സ തുടങ്ങിയിട്ടെന്നും നാട്ടുകാർ പറയുന്നു.

പറഞ്ഞും കേട്ടും ആളുകൾ മറ്റ് നാടുകളിൽ നിന്നുും വന്നുതുടങ്ങി. ഇന്റർനെറ്റ് സജീവമായതോടെയാണ് പുറംനാടുകളിൽ നിന്നും ഇത്രയധികം ആളുകൾ വരാൻ തുടങ്ങിയത് പോലും. വാഹനങ്ങൾക്ക് പാർക്കിങ് നൂറ് കണക്കിന് വാഹനങ്ങളാണ് നർസിപുരയിൽ നാരായണ മൂർത്തിയുടെ അടുത്തേക്ക് എത്തുന്നത്. ആൾത്തിരക്ക് കൂടിയതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി മൂന്ന് ഗ്രൗണ്ടുകൾ ഒരുക്ക്ി. ചുരുക്കത്തിൽ നർസിപുര ഒരു കൊച്ചു ടൗൺഷിപ്പായി തന്നെ മാറിയിട്ടുണ്ട്. അനന്തപുരയിൽ ബസിറങ്ങിയാൽ ഏത് സമയത്തും നർസിപുരയിലേക്ക് ഓട്ടോറിക്ഷ സർവീസുകളുമുണ്ട്.

വെറും തട്ടിപ്പെന്ന് അലോപ്പതി ഡോക്ടർമാർ

അതേസമയം നാരായണ മൂർത്തിയുടെ ചികിത്സയെ കുറിച്ച് മറുവാദങ്ങളുമുണ്ട്. കാൻസർ ബാധിച്ചവരുടെ രോഗാതുരമായ മാനസികാവസ്ഥയെ മുതലെടുക്കുകയാണ് മൂർത്തി ചെയ്യുന്നതെന്നാണ് വിമർശനം. ഈ വിമർശനം പ്രധാനമായു ഉന്നയിക്കുന്നത് അലോപ്പതി ഡോ്ക്ടർമാരാണ്. കർണാടകയിലെ ഒരു കുഗ്രാമത്തിൽ ഒരു സാധാരണക്കാരന് ഉണ്ടാക്കാൻ പറ്റുന്ന മരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകത്തെവിടെയും ഉണ്ടാക്കാം. അങ്ങനെ കാൻസർ ഇല്ലാത്ത ലോകവും സൃഷ്ടിക്കാമായിരുന്നല്ലോ എന്ന ചോദ്യമാണ് ഇത് വ്യാജ ചികിത്സയാണെന്ന് വാദിക്കുന്നവർ പറയുന്നത്. മരുന്ന് എന്താണെന്ന് വെളിപ്പെടുത്തണമെന്നും അല്ലാതെ മാജിക്കൊന്നും സാധ്യമല്ലെന്നും സൈബർ ലോകത്തെ വിമർശകർ പറയുന്നു.

ഷിമോഗയിലെ കാൻസർ ചികിത്സയിലെ തട്ടിപ്പെന്ന് പറഞ്ഞ് ഡോ. നെൽസൺ ജോസഫ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

ഷിമോഗയിലെ കാൻസർ ചികിൽസയെക്കുറിച്ച് മുൻപ് എഴുതിയിട്ടുണ്ട്. ഇപ്പൊ വീണ്ടും എഴുതാനുള്ള കാരണം ഇന്നലെ കണ്ട ഒരു പോസ്റ്റാണ്.

ഇന്നലെ കിടക്കാൻ നേരം നോക്കുമ്പോൾ ആ പോസ്റ്റിന്ന് 81,000ൽ പരം ഷെയറുകളുണ്ട്. എന്നാൽ ഇപ്പോൾ , ഏതാനും മണിക്കൂറുകൾക്ക് ശേഷം പോസ്റ്റിന്റെ ഷെയറുകളുടെ എണ്ണം 82,582 ആണ്. അത്രയധികം പേർ മണിക്കൂറുകൾ കൊണ്ട് വഞ്ചിക്കപ്പെടുമ്പൊ എഴുതാതിരിക്കാൻ പറ്റില്ല..

പോസ്റ്റ് എഴുതിത്ത്ത്തീരുമ്പൊ ഷെയർ 82,692. ഇതുതന്നെയാണ് കുഴപ്പവും. ഈ പോസ്റ്റ് മുഴുവൻ വായിക്കുന്നവർ ഈ പോസ്റ്റ് എഴുതുന്ന സമയം കൊണ്ട് വന്ന ഷെയറിന്റെ അത്ര പോലും കാണില്ല..വായിക്കുന്നവരിൽ മിക്കവരും വായിക്കുക മാത്രമായിരിക്കും ചെയ്യുന്നതും .അതുകൊണ്ടുതന്നെ ഇത് എത്തുന്നത് വളരെ ചുരുക്കം പേരിലാകും...മറ്റേത് ദശലക്ഷങ്ങളിലും

ആ പോസ്റ്റിൽത്തന്നെ കാണാം അവിടെപ്പോയി മരുന്നുകഴിച്ച് ആയുസെത്തുന്നതിനു മുൻപേ മരിച്ചുപോയ നൂറുകണക്കിനാൾക്കാരുടെ അനുഭവങ്ങൾ. എന്നിട്ടും ആൾക്കാർ ഇപ്പൊഴും ചെന്ന് വീണുകൊണ്ടിരിക്കുകയാണ് തട്ടിപ്പിൽ.

കാൻസർ ഒരൊറ്റ രോഗമല്ല എന്നതാണ് ആദ്യമായി തിരിച്ചറിയേണ്ട കാര്യം. വിവിധ ശരീരഭാഗങ്ങളിൽ വരുന്നതനുസരിച്ച് ചികിൽസയും സർവൈവൽ റേറ്റുമടക്കം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെയുള്ളപ്പോഴാണ് ഷിമോഗയിൽ നിന്ന് കാൻസർ രോഗിയെയോ അയാളുടെ പരിശോധനാഫലമോ കാണാതെ തന്നെ ഒരു പൊടി കൊടുത്ത് ചികിൽസിക്കാമെന്ന് പറഞ്ഞ് ഇറങ്ങുന്നത്.

അതായത് ഏത് പൂട്ടും തുറക്കാൻ ഒരു താക്കോല് മതീന്ന്..ആ താക്കോൽ ഉണ്ടാക്കിക്കൊടുക്കുന്നതോ, പൂട്ട് പോലും കാണാതെ.. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം..

പോസ്റ്റിൽ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട് : ഓരോന്നായി പരിശോധിക്കുകയാണിവിടെ

1. ആദ്യം പണത്തിനുവേണ്ടിയല്ല ചികിൽസിക്കുന്നത് എന്ന വാദം നമുക്ക് നോക്കാം. അദ്ദേഹം തന്നെ പറഞ്ഞത് 800 പേർ അവിടെയുണ്ടായിരുന്നെന്നാണ്. ഒരാൾ നൽകുന്നത് 400രൂപ. അപ്പൊ ഒരു ദിവസത്തെ വരുമാനം 3,20,000. മൂന്ന് ലക്ഷം രൂപ. അതും പ്രത്യേകിച്ച് ഫലമൊന്നും തെളിയിക്കാത്ത, രോഗിയെ കാണുകപോലും ചെയ്യാത്ത ചികിൽസ. അല്ല. . .തട്ടിപ്പ്. ആഴ്ചയിൽ രണ്ട് ദിവസമാണു ചികിൽസയെങ്കിൽ ഒരാഴ്ച 6.4 ലക്ഷം.വർഷം 3.3 കോടി. രസീതും കൃത്യമായ കണക്കുമൊന്നുമില്ലാത്ത പണമാണെന്നും ഓർക്കണം.

2. രോഗം പൂർണ്ണമായും മാറിയവരെയാരെയും അവിടെ കണ്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. (രോഗം മാറിയവർക്ക് ക്യൂവിൽ നിൽക്കേണ്ടല്ലോയെന്ന് മറുവാദവും). മരിച്ചവരെയും കണ്ടുകാണാൻ വഴിയില്ല. അവരും ക്യൂവിൽ നിൽക്കില്ലല്ലോ. അതായത് അദ്ദേഹത്തിനു പോലും രോഗം പൂർണമായി സുഖപ്പെട്ടുവെന്നോ ആ ചികിൽസ കൊണ്ട് ആർക്കും ഒരു പാർശ്വഫലവും ഉണ്ടാകുന്നില്ലെന്നും പറയാൻ കഴിയുകയില്ല.

3. രോഗത്തിന് പ്രകടമായ ശമനം നൽകുന്നവർക്കൊപ്പമാണ് ജനം നിൽക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അത്തരത്തിൽ തെളിയിക്കപ്പെട്ട ഒരേയൊരു ചികിൽസാരീതിയേ ഉള്ളൂ ഇന്ന്. അത് മോഡേൺ മെഡിസിനാണ്. ഷിമോഗയിലെ വിൽപ്പനക്കാരൻ രോഗത്തിന് പ്രകടമായ ശമനം നൽകി എന്ന് അദ്ദേഹം വാദിക്കുന്നു. പക്ഷേ അത് അയാളുടെ പൊടികൊണ്ടാണെന്ന് എന്താണുറപ്പ്?

കാൻസറാണെന്ന് ഡയഗ്‌നോസ് ചെയ്തത് അയാളായിരിക്കില്ല എന്ന് ഞാൻ കരുതുന്നു. കാൻസറാണെന്ന് കണ്ടെത്താൻ രോഗിയെയുമായല്ല ഇപ്പറഞ്ഞിടത്തേക്ക് ആരെങ്കിലും പോകുന്നതും.മെഡിക്കൽ റിപ്പോർട്ടുമാെക്കെയായിട്ടാണ് മിക്ക ആളുകളും അവിടെ എത്തിയത്. എന്നാൽ അതൊന്നും നോക്കിയിരുന്നില്ല...ആളിന്റെ പ്രായം, രോഗത്തിന്റെ അവസ്ഥ... ഇവയൊക്കെയാണ് ചോദിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

അപ്പോൾ മറ്റെവിടെയോ കാൻസർ കണ്ടെത്തിയിരിക്കുന്നു. അവിടെ ചികിൽസയും നടത്തിയിട്ടുണ്ടാവണം, നടത്തുന്നുണ്ടാവണം. ആ ചികിൽസയുടെ ഫലമല്ല താൻ കണ്ടതെന്ന് എങ്ങനെ ഉറപ്പിച്ച് പറയാനാകും?

ഇനി വാർത്തയ്‌ക്കെതിരെ പ്രതിഷേധിച്ചവർ ഉയർത്തിയ ചോദ്യങ്ങളെന്ന് അദ്ദേഹം പറയുന്നവയിലേക്ക്.

1. ആയുർവേദ മരുന്ന് കൊണ്ട് എങ്ങനെ കാൻസർ പോലെ ഒരു രോഗം ഭേദമാകും?

ആയുർവേദ മരുന്നാണ് അയാൾ കൊടുക്കുന്നതെന്ന് സുഹൃത്ത് എങ്ങനെ ഉറപ്പിച്ചു? പ്രമുഖ കല്ല് ചികിൽസകൻ നൽകുന്ന 'ആയുർവേദ മരുന്ന്' എപ്‌സം സാൾട്ടും എണ്ണയും നാരങ്ങാനീരുമാണെന്ന് ഇപ്പൊ അങ്ങാടിപ്പാട്ടാണ്.

പിന്നെ, ആയുർവേദം കൊണ്ട് കാൻസർ ഭേദമാകില്ല എന്നല്ല പറഞ്ഞത്. ആയുർവേദം കൊണ്ട് കാൻസർ ഭേദമാക്കാമെന്ന് ( ഏത് കാൻസർ, ഏത് സ്റ്റേജ്, എന്ത് ചികിൽസ എന്നിങ്ങനെ ) അവർ തെളിയിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നേ പറഞ്ഞുള്ളു.

2. രോഗിയെ കാണാതെയും രോഗം സ്ഥിരീകരിക്കാതെയും എങ്ങനെ ചികിൽസ നടത്തും.

വളരെ വാലിഡായ ഒരു ചോദ്യമാണിത്. കാൻസറിന്റെ രോഗലക്ഷണങ്ങൾ കാൻസറിനു മാത്രമായിട്ടുള്ളവ ആയിരിക്കണമെന്നില്ല. ഓരോ സ്റ്റേജനുസരിച്ചും വിവിധ ഇടങ്ങളിലെ കാൻസറുകളനുസരിച്ചും ചികിൽസകൾ മാറാം.ആ ഒരൊറ്റക്കാരണത്താൽ തന്നെ ഷിമോഗ ഒരു വൻ തട്ടിപ്പാണ്.

എല്ലാവരെയും രോഗികളാക്കിയ ശേഷം ചികിൽസിക്കുകയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം തന്നെ അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്നേ എനിക്ക് പറയാനുള്ളൂ. ഇത് ബിസിനസായിരുന്നെങ്കിൽ നാട് നീളെ ബ്രാഞ്ചുകളുണ്ടാകുമായിരുന്നേനെ അല്ലാത്തതുകൊണ്ട് ഇത് ബിസിനസ് അല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഇതും മറ്റൊരുതരം ബിസിനസാണ്.

ഇത് ബിസിനസ് അല്ലായിരുന്നെങ്കിൽ തന്റെ കയ്യിലുള്ള അദ്ഭുത മരുന്നുകൂട്ട് എന്താണെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയേനെ. പേറ്റന്റ് സ്വന്തമാക്കാമായിരുന്നു താനും. പെനിസിലിൻ കണ്ടെത്തിയപ്പൊഴോ വസൂരിയുടെ വാക്‌സിൻ കണ്ടെത്തിയപ്പൊഴോ അവർ അവിടെച്ചെന്ന് അവരുടെ മുന്നിൽ ക്യൂ നിൽക്കുന്ന രോഗികളെ മാത്രം ചികിൽസിക്കുകയായിരുന്നെങ്കിൽ ഇന്ന് ഈ പോസ്റ്റിടാൻ ഞാനോ വായിക്കാൻ നിങ്ങളോ ഒരുപക്ഷേ ഉണ്ടാകില്ലായിരുന്നു.

കർണാടകയിലെ ഒരു കുഗ്രാമത്തിൽ ഒരു സാധാരണക്കാരന് ഉണ്ടാക്കാൻ പറ്റുന്ന മരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകത്തെവിടെയും ഉണ്ടാക്കാം. അങ്ങനെ കാൻസർ ഇല്ലാത്ത ലോകവും സൃഷ്ടിക്കാമായിരുന്നല്ലോ.

പക്ഷേ അതിനു വെറുതെ കഴിയില്ല. പഠനങ്ങൾ നടത്തേണ്ടിവരും. മരുന്ന് എന്താണെന്ന് വെളിപ്പെടുത്തേണ്ടിവരും. അപ്പൊ മാജിക് ട്രിക്കിന്റെ ആയുസും തീരും. ബിസിനസ് അവസാനിക്കും. തട്ടിപ്പ് തട്ടിപ്പാണെന്ന് അറിയാൻ വണ്ടിക്കൂലി മുടക്കി അത്രടം വരെ പോകേണ്ടതില്ല.