മൂവാറ്റുപുഴ: 'എനിക്ക് 18 വയസ്സുവരെയേ ജീവിതമുള്ളു, നീ എനിക്ക് എല്ലാ സുഖങ്ങളും നൽകണം...' ബാഗിൽനിന്നും കണ്ടെത്തിയ കുറിപ്പിലെ വാചകങ്ങളെച്ചൊല്ലി അദ്ധ്യാപകർ പരസ്യമായി ശാസിച്ചതിനെത്തുടർന്നു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 17 -കാരിയായ നിർദ്ധന വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ. വാഴക്കുളം കദളിക്കാട് സ്വദേശിനിയായ വിഎച്ച് എസ് സി രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എൺപതു ശതമാനം പൊള്ളലേറ്റ പെൺകുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്‌ച്ചയും നഷ്ടപ്പെട്ടതായിട്ടാണ് ലഭ്യമായ വിവരം. ഈ മാസം 3-ന് ഉച്ചക്ക് ഒന്നരയോടെ കുളിക്കാനെന്ന് പറഞ്ഞ് വീടിന് പിൻഭാഗത്തേക്ക് പോയ വിദ്യാർത്ഥിനി കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മൂവാറ്റുപുഴയിലെ സർക്കാർ സ്‌കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്.

മകൾ കരിയിലക്ക് തീയിട്ടപ്പോൾ വസ്ത്രത്തിന് തീ പിടിച്ചാണ് പൊള്ളലേറ്റതെന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ ആദ്യം അറിയിച്ചിരുന്നതെന്നും സംശയംതോന്നി നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് വാഴക്കുളം പൊലീസ് സംഭവം സംബന്ധിച്ച് നൽകിയ വിവരം. കഴിഞ്ഞ ദിവസം സ്‌കൂളിൽ പരീക്ഷ നടക്കുന്ന സമയത്ത് പുറത്തു സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ ബാഗിൽ നിന്നും പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ഒരുകുറിപ്പ് കണ്ടെത്തിയിരുന്നു. കുട്ടികൾ സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതായുള്ള സൂചനകളെ തുടർന്നായിരുന്നു അദ്ധ്യാപക സംഘം പരീക്ഷ സമയത്ത് മുന്നറിപ്പില്ലാതെ തെളിവെടുപ്പിനിറങ്ങിയത്.

പെൺകുട്ടിയുടെ ബാഗിൽ നിന്നും കണ്ടെത്തിയ കുറിപ്പ് കാമുകനെഴുതുന്നതുപോലെ തോന്നിക്കുന്നതായിരുന്നെന്നും വാചങ്ങളിൽ പലതും സഭ്യതക്ക് നിരക്കുന്നതല്ലെന്നുമായിരുന്നു അദ്ധ്യപകസംഘത്തിന്റെ വിലയിരുത്തൽ. താൻ സ്വപ്‌നം കാണുന്ന ജീവിതത്തെക്കുറിച്ച് കുറുപ്പിൽ പെൺകുട്ടി വിശദമായി വിവരിച്ചിരുന്നെന്നും പതിനെട്ടുവയസ്സുവരെ മാത്രമേ തനിക്ക് ജീവിതമുള്ളെന്നും ഇതിനകം നീ എനിക്ക് എല്ലാ ജീവിതസുഖങ്ങളും നൽകണമെന്നും വിദ്യാർത്ഥിനി കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് പ്രധാനാദ്ധ്യപിക പൊലീസിന് നൽകിയ വിവരം.

ഇതേത്തുടർന്ന് പെൺകുട്ടിയെ ഓഫീസ് റൂമിൽ വിളിച്ചു വരുത്തി ഇക്കാര്യത്തിൽ പ്രധാനാദ്ധ്യാപിക വിശദീകരണം തേടിയെന്നും മാതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെന്നും ഇതേത്തുടർന്നുള്ള മനോവിഷമത്താലാവാം പെൺകുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്നുമാണ് പൊലീസ് അനുമാനം. സംഭവത്തെത്തുടർന്ന് അദ്ധ്യപികയ്‌ക്കെതിരെ ബാലപീഡനത്തിന് വാഴക്കുളം പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് ഒളിവിലായിരുന്ന ഇവർക്ക് ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പുറത്തുവിട്ടിട്ടുള്ള വിവരം മറ്റൊന്നാണ്. മകൾ കഥകളും കവിതകളുമൊക്കെ എഴുതാറുണ്ടെന്നും ഇത്തരത്തിൽ പാതി പൂർത്തിയാക്കിയ രചനയിലെ ഒരുഭാഗം മാത്രം കണ്ടെത്തി മകളെ അദ്ധ്യാപകസംഘം മാനം കെടുത്തുകയായിരുന്നെന്നുമാണ് ഇവരുടെ വാദം. സ്റ്റാഫ് റൂമിൽ മറ്റ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും മുന്നിൽ വച്ചാണ് പ്രധാനാദ്ധ്യാപിക ഇക്കാര്യത്തിൽ മകളോട് പരുഷമായ ഭാഷയിൽ വിശദീകരണം തേടിയതെന്നും ഇതേത്തുടർന്നുള്ള മാനഹാനിയും മനോവിഷമവും മൂലമാണ് മകൾ ഈ കടുംകൈ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ.

കഷ്ടപ്പാടുകൾക്കിടയിൽ ഏറെ പ്രതീക്ഷയോടെ വളർത്തിയിരുന്ന തങ്ങളുടെ പൊന്നോമനയുടെ ഇന്നത്തെ ദു:സ്ഥിക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പേരാട്ടത്തിലാണിപ്പോൾ ഈ നിർദ്ധന ദമ്പതികൾ. പാതയോരത്തുനിന്നും ഒന്നരകിലോമീറ്ററോളം ദൂരെ കുന്നും പുറത്തെ പണിതീരാത്ത വീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന കൂലിവേലയിൽ നിന്നും കിട്ടുന്ന തുകകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ടിരുന്ന കുടുംബം അപ്രീക്ഷിതമായുണ്ടായ ദുരന്തത്തിൽ ആകെ അടിപതറിയ നിലയിലാണ്. വിദഗ്ധ ചികത്സ ലഭ്യമാക്കിയാൽ മകളുടെ ജീവൻ രക്ഷപെടുമെന്നുതന്നെയാണ് മാതാപിതാക്കളുടെ വിശ്വാസം. ഇതിനായി എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണിപ്പോൾ ഇവർ.