- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുട്ട് അഞ്ച് മിനിട്ടാകുമ്പോഴേക്കും തണുക്കും, പിന്നെ എനിക്കത് കഴിക്കാൻ പറ്റില്ല; പിന്നെ ഞാനും അമ്മയും തമ്മിൽ വഴക്കാവും; പുട്ട് എനിക്കിഷ്ടമല്ലെന്നും ബന്ധങ്ങളെ തകർക്കും'; പുട്ടിനെ കുറിച്ച് കുറിപ്പെഴുതി വൈറലായ ആ വിദ്യാർത്ഥി ഇവിടെയുണ്ട്
മുക്കം: മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. കൂട്ടിന് കടലക്കറിയോ പപ്പടമോ ഉണ്ടെങ്കിൽ കുശാൽ! എന്നാൽ, ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത മുക്കത്തുകാരൻ മൂന്നാംക്ലാസ് വിദ്യാർത്ഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗം.
ബെംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാർത്ഥിയാണ് ജയിസ് ജോസഫ്. നടൻ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിർദ്ദേശം. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നുതുടങ്ങുന്ന ഉത്തരത്തിൽ കുട്ടി ഇങ്ങനെ കുറിച്ചു.
'കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല.
വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതോടെ ഞാൻ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോൾ എനിക്ക് കരച്ചിൽവരും. പുട്ട് ബന്ധങ്ങളെ തകർക്കും' എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.
'എക്സലന്റ്' എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിർണയം നടത്തിയ അദ്ധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്.
മറുനാടന് മലയാളി ബ്യൂറോ