സീ ന്യൂസ് തലവനും ബിജെപി എംപിയുമായ സുഭാഷ്ചന്ദ്രയുടെ എസ്സൽ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ സർക്കാരിനെ കബളിപ്പിച്ച് കോടികളുടെ ലാഭമുണ്ടാക്കിയതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) കണ്ടെത്തി. ഇതേത്തുടർന്ന് നാലു കമ്പനികളുടെ പ്രവർത്തനം സിഎജി മരവിപ്പിച്ചു. 2012-2015 മുതൽ മിസോറാമിൽ നടത്തിയ ലോട്ടറി വിതരണത്തിന്റെ പേരിലാണ് ക്രമകേട് കണ്ടെത്തിയിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ മകൻ, സഹോദരൻ എന്നിവരാണ് ഈ കമ്പനിയിലെ ഓഹരി ഉടമകൾ.

ലോട്ടറി ഫയലുകൾ പരിശോധിച്ച സിഎജി നാലു കമ്പനികളും നടത്തിയ നിയമ ലംഘനത്തെ തുടർന്ന് മിസോറാം സർക്കാരിന് ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. നാലു വർഷം മുമ്പ് കൽക്കരി ഇടപാടുമായി ബദ്ധപ്പെട്ടു സീ ന്യൂസ് എഡിറ്റർ സുധിർ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പിനെ ബ്ലാക്‌മെയിൽ ചെയ്‌തെന്ന കേസിൽ സുഭാഷ് ചന്ദ്ര ഇപ്പോൾ നിയമ നടപടി നേരിടുകയാണ്.

സംസ്ഥാന ഖജനാവിലേയക്ക് എത്തേണ്ട 11,808 കോടി രൂപ തട്ടിയെടുത്തെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ വരുമാനം പങ്കു വയ്ക്കുന്നതിലും കമ്പനികൾ തട്ടിപ്പു നടത്തി. ഇതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടെയെന്നും ഓഡിറ്റർ റിപ്പോർട്ട് പറയുന്നു.

പേപ്പർ, ഓൺലൈൻ ലോട്ടറി വിതരണത്തിന് നാല് കമ്പനികളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഇ-കൂൾ ഗേമിങ് സൊല്യൂഷൻസ്, എൻ.വി ഇന്റർനാഷണൽ ആൻഡ് സമ്മിറ്റ് ഓൺലൈൻ ട്രേഡ് സൊല്യൂഷൻസ് എന്നീ കമ്പനികൾ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് അപേക്ഷ സമർപ്പിച്ചത്. ടിക്കറ്റുകൾ വിറ്റഴിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് കൂടുതൽ ലാഭമുണ്ടാക്കിക്കൊടുക്കുമെന്ന് പറഞ്ഞ കമ്പനികൾക്കല്ല ലോട്ടറി ടെൻഡർ നൽകിയതെന്നും സിഎജി ആരോപിക്കുന്നു.

ഒൺലൈൻ ലോട്ടറി വിതരണത്തിൽ മുൻപരിചയമില്ലാത്ത എൻവി ഇന്റർനാഷണൽ ഇ-കൂളിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് കരാർ ലംഘനമാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇ-കൂൾ ഗെയിമിങ് കമ്പനിയിലാണ് എസ്സൽ ഗ്രൂപ്പ് ബന്ധം സ്ഥാപിക്കപ്പെടുന്നത്. എസ്സൽ ഗ്രൂപ്പിന്റെ കമ്പനിയായിട്ടാണ് ഇ-കൂൾ ഗേമിങ് അറിയപ്പെടുന്നത്. ഈ കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും സുഭാഷ് ചന്ദ്രയുടെ മകൻ അമിത് ഗോയങ്കയുടെയും സഹോദരൻ അശോക് ഗോയലിന്റെയും പേരിലാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു ലോട്ടറി കമ്പനിയായ പാൻ ഇന്ത്യൻ നെറ്റ് വർക്ക് ലിമിറ്റഡുമായി ഇ-കൂൾ കമ്പനിക്കുള്ള ബന്ധത്തെ പറ്റിയും റിപ്പോർട്ടിൽ പറയുന്നു. സുഭാഷ് ചന്ദ്രയുടെ മകൻ ഗോയങ്കയാണ് പാൻ ഇന്ത്യൻ നെറ്റ്‌വർക്കിന്റെ തലവൻ സി.എ.ജി റിപ്പോർട്ട് പ്രകാരം, ടെൻഡർ ലഭിച്ചതിനുശേഷം മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലെ ലോട്ടറി നറുക്കെടുപ്പിനുള്ള ഉടമസ്ഥാവകാശം ഇ-കൂൾ പാൻ ഇന്ത്യക്ക് കൈമാറി. മഹാരാഷ്ട്ര, സിക്കിം സർക്കാരുകൾ ലോട്ടറി വിൽപ്പനയിൽ പാൻ ഇന്ത്യയ്ക്ക് പിഴ ചുമത്തിയ കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

400 മില്യൺ ഡോളറാണ് പാൻ ഇന്ത്യയുടെ വാർഷിക വിറ്റുവരവ്. ലോട്ടറീസ് (റെഗുലേഷൻ) റൂൾഅനുസരിച്ച് ടിക്കറ്റ് വിറ്റുകിട്ടുന്ന തുക സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ടിൽ അടയ്ക്കണം. എന്നാൽ 11,834.22 കോടിയുടെ ലോട്ടറി ടിക്കറ്റുകൾ വില്പന നടത്തിയ ശേഷം 25.45 കോടി രൂപ മാത്രമാണ് ഈ കമ്പനി സർക്കാരിന് കൈമാറിയിരിക്കുന്നത്. ഇത് സംസ്ഥാനത്തിനു ഭീമമായ നഷ്ടമുണ്ടാക്കിയെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.