കാട്ടാക്കട: കുറ്റിച്ചലിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയുടെ മേൽ, ബൈക്കിലെത്തി ആസിഡ് ഒഴിച്ചത് പരുത്തിപ്പള്ളിക്കാരനായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ. സൗദിയിൽ കപ്പൽ ജോലി ചെയ്യുന്ന സുബീഷ് വേണുഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒറ്റയ്ക്കാണ് ആസിഡ് ആക്രമണം ആസൂത്രണം ചെയ്തതും പദ്ധതി നടപ്പാക്കിയും. അദ്ധ്യാപികയോടുള്ള പ്രണയം മൂത്തതാണ് ഇതിന് കാരണം. അന്യമതക്കാരിയായ യുവതിക്ക് ഈ നേവി ഉദ്യോഗസ്ഥനോട് പ്രണയമുണ്ടായിരുന്നില്ല. അപ്പോഴും എങ്ങനേയും ഇഷ്ടപ്പെട്ട യുവതിയെ കല്ല്യാണം കഴിക്കുകയെന്നതായിരുന്നു സുബീഷിന്റെ ആഗ്രഹം. ഇതിന് വേണ്ടിയായിരുന്നു ആക്രമണം.നെയ്യാർ ഡാം എസ്‌ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി അപകടനില തരണം ചെയ്തു കഴിഞ്ഞു. പൊലീസ് ഇവരിലൂടെ പ്രതിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സൂചനയൊന്നും കിട്ടിയില്ല. ഇതോടെ യുവതിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഇതിൽ നിന്നാണ് യുവാവിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടിയത്. പെൺകുട്ടിയുടെ വീട്ടിലെ ബൈബിളിനുള്ളിൽ ഒരു രാഖി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഈ രാഖിക്ക് പിന്നിലെ കഥ തേടിയപ്പോഴാണ് യുവതിയുടെ സുഹൃത്തിന്റെ ബന്ധുവിലേക്ക് കാര്യങ്ങളെത്തിയത്. ഇയാൾ യുവതിയെ കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചുവെന്നും പൊലീസിന് ബോധ്യമായി. യുവതിയുടെ ബന്ധുവിനോട് അന്യമതസ്ഥനായ ഒരാൾക്ക് കുട്ടിയെ കെട്ടിച്ചു കൊടുക്കുമോ എന്നായിരുന്നു അന്വേഷണം. എന്നാൽ അത് നടക്കില്ലെന്നായിരുന്നു യുവാവിന് ലഭിച്ച മറുപടി. ഇതോടെ നിരാശനായ യുവാവ് സൗദിയിലേക്ക് പോയി.

അതിനിടെയ യുവതിക്ക് പുതിയൊരു ജോലി ലഭിച്ചു. ഇവിടെയുള്ള യുവാവുമായി വിവാഹത്തിലേക്ക് കാര്യങ്ങളെത്തുന്നുവെന്നും സുബീഷ് മനസ്സിലാക്കി. ഇതോടെ എങ്ങനേയും കല്ല്യാണം മുടക്കാനും യുവതിയെ സ്വന്തമാക്കാനും തീരുമാനം എടുത്തു. കപ്പലിൽ ഉപയോഗിക്കുന്ന ആസിഡ് ഇതിനായി സൗദിയിൽ നിന്ന് സുബീഷ് കൈക്കലാക്കി. ആസിഡുമായി വിമാനത്തിൽ നാട്ടിലെത്തുക അസാധ്യമാണ്. അതിനാൽ യാത്ര കപ്പലിലുമാക്കി. അങ്ങനെ ആസിഡുമായി നാട്ടിലെത്തിയ സുബീഷ് ആരുമറിയാതെ യുവതിയെ ആക്രമിക്കാൻ തീരുമാനിച്ചു. താനാണ് ഇതിന് പിന്നിലെന്ന് യുവതിയും അറിയരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു. ഇതിന് വേണ്ടി ജാക്കറ്റും മറ്റും വാങ്ങി. പൾസർ ബൈക്കിലെത്തി ഒളിച്ചിരുന്നു. യുവതി കാണാതെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് അതിവേഗം കടന്നു കളഞ്ഞു.

ആക്രമണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. ഇതോടെയാണ് യുവതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് സുബീഷിലേക്ക് കാര്യങ്ങളെത്തിയത്. പൾസർ ബൈക്കിന്റെ സൂചനകളുമായുള്ള അന്വേഷണവും നിർണ്ണായകമായി. യുവതിയെ ആക്രമിച്ച് അതിവേഗം പോകുമ്പോൾ മറ്റൊരു പെൺകുട്ടിയെ ഇടിച്ചിടാൻ ഈ ബൈക്കുകാരൻ ശ്രമിച്ചിരുന്നു. ഈ പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർണ്ണായകമായി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റ സമ്മതിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് സുബീഷിന്റെ വീടുള്ള പരുത്തിപ്പള്ളി.

ആസിഡ് ആക്രമത്തിലൂടെ പെൺകുട്ടിക്ക് വൈകല്യം വന്നാൽ തനിക്ക് തന്നെ യുവതിയെ സ്വന്തമായി കിട്ടുമെന്ന കണക്കുകൂട്ടിലാണ് ആക്രമണം നടത്തിയതെന്നും ഇയാൾ സമ്മതിച്ചു. ആക്രമണ സമയത്ത് ഇട്ടിരുന്ന ജാക്കറ്റും മറ്റും കത്തിച്ചു കളഞ്ഞതായും മൊഴി കിട്ടിയിട്ടുണ്ട്. തനിക്ക് പെൺകുട്ടിയോട് പ്രണയമായിരുന്നുവെന്നും എന്നാൽ രണ്ട് വ്യത്യസ്ത മതമായത് വിവാഹത്തിന് തടസ്സമായെന്നും പറയുന്നു. കല്ല്യാണ അഭ്യർത്ഥനയുമായി യുവതിയുടെ ബന്ധുവിനെ സമീപിച്ചപ്പോൾ നിരാശനായി. അതിന് ശേഷവും ഫെയ്‌സ് ബുക്കിലൂടെ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻ-ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കുറ്റിച്ചൽ തച്ചൻകോട് കരിംഭൂതത്താൻ പാറ വളവിൽ ചൊവ്വാഴ്ച വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. ആര്യനാട്ടെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ ജീന കുറ്റിച്ചലിൽ ബസിറങ്ങറിയ ശേഷം സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് പോകവെയാണ് ബൈക്കിൽ പിറകെ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞതെന്നായിരുന്നു സൂചന. എന്നാൽ ഒരാൾ മാത്രമേ ബൈക്കിലുണ്ടായിരുന്നുള്ളൂവെന്ന് പിന്നീട് തെളിഞ്ഞു ഈ യുവതിയുടെ വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കിയതാണ് പൊലീസിന് അന്വേഷണത്തിൽ വഴിത്തിരിവായത്.

മുഖം വികൃതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസിഡ് ആക്രമണം നടന്നത്. എന്നാൽ സ്‌കൂട്ടർ യാത്രയിൽ ഹെൽമറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആസിഡ് ആക്രമണത്തിൽ മുഖത്ത് പൊള്ളലേറ്റതുമില്ല. എന്നാൽ ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് യുവതി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അരിച്ചു പറക്കുകയാണ്. നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ അദ്ധ്യാപികയെ കുറ്റിച്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രാത്രി 8 മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചക്കുകയായിരുന്നു. ആസിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കൈയിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ബൈക്കിലെത്തിയ അക്രമി സംഘത്തെപ്പറ്റി വിവരങ്ങളില്ല. മെഡിക്കൽ കോളേജാശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആരോ ആണ് തന്നെ ആക്രമിച്ചതെന്ന് ജീന മൊഴിനൽകി. അതിന് അപ്പുറത്ത് ഒന്നും യുവതി പറഞ്ഞിരുന്നില്ല.