തിരുവനന്തപുരം: സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിന് അറസ്റ്റിലായ യുവാവ് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി. എന്നാൽ ഈ കേസ് ഒതുക്കി തീർക്കാൻ പൊലീസിലെ ഉന്നതർ കൂട്ടുനിന്നു. ഇതിന്റെ ബലത്തിലാണ് സുബീഷ് വേണുഗോപാൽ ഈ കേസിൽ രക്ഷപ്പെട്ടത്. തുടർന്ന് സൗദിയിലേക്ക് ജോലിക്ക് പോവുകയും ചെയ്തു. ആസിഡ് കേസിൽ അകത്തായതോടെ സുബീഷിന്റെ വീരകൃത്യങ്ങളിൽ പൊലീസ് തുടരന്വേഷണം തുടങ്ങി കഴിഞ്ഞു.

കാട്ടക്കടയ്ക്ക് അടുത്ത് കോളനിയിലെ പന്ത്രണ്ടുകാരിയെയാണ് സുബീഷ് പീഡിപ്പിച്ചത്. അമ്മ മരിച്ചു പോയ കുട്ടിയായിരുന്നു ഇത്. ക്രൂരമായ പീഡനത്തിന് ഇരയായ കുട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി സുബീഷിനെ പ്രതിസ്ഥാനത്ത് നിന്ന് രക്ഷിക്കുകയും ചെയ്തു. ഈ കേസിലും സുബീഷിനെ വീണ്ടും അറസ്റ്റ് ചെയ്യും. സുബീഷിന് വീട്ടിനടുത്ത് സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. സമീപത്തെ ആദിവാസി കോളനികളായിരുന്നു താവളം. ഇവിടെ പല പ്രശ്‌നവും ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്.

സൗദിയിൽ മർച്ചന്റ് നേവിയിലാണ് ജോലി. മൂന്ന് മാസത്തിലൊരിക്കലൊക്കെ അവധിക്ക് നാട്ടിലെത്തും. ഈ സമയത്തൊക്കെ പല അനാശാസ്യങ്ങളും നടത്തും. ഇതിനിടെയാണ് പന്ത്രണ്ടുകാരിയുടെ പീഡനം പിടിക്കപ്പെടുന്നത്. അതിനിടെ യുവതിയെ വിരൂപയാക്കി കല്ല്യാണം കഴിക്കാനാണ് ആസിഡ് ഒഴിച്ചതെന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പന്ത്രണ്ട് വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ഒരാളാണ് പ്രതി. അതുകൊണ്ട് തന്നെ ക്രിമിനൽ ബുദ്ധിയാണ് ആസിഡ് ആക്രമണത്തിന് കാരണം. ചുമട്ടു തൊഴിലാളിയാണ് ഇയാളുടെ അച്ഛൻ കുടുംബവുമായി വലിയ അടുപ്പം പുലർത്തിയതുമില്ല.

പിടിയിലായ സുബീഷ് സൗദി അറേബ്യയിൽ മർച്ചന്റ് നേവിയിൽ സീമാൻ ആയി ജോലി ചെയ്തുവരുകയാണ്. കൃത്യം നിർവഹിക്കാനായി തീരുമാനിച്ച് ഇവിടെനിന്നും അവധിയെടുത്തുവരുമ്പോൾ കപ്പലിലെ കെമിക്കൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന എൻജിൻ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ആസിഡ് രഹസ്യമായി കൈയിൽ കരുതിയിരുന്നു. ഇതാണ് യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ചത്. സംഭവസ്ഥലത്തുനിന്നുലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലും നാട്ടുകാരുടെ മൊഴിയിൽനിന്നും ബൈക്കിലാണു പ്രതി എത്തിയതെന്നു വ്യക്തമായി. അടുത്തകാലത്തായി സുബീഷ് ഉപയോഗിക്കുന്ന ബൈക്കിനെക്കുറിച്ചും വിവരംകിട്ടി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ഇയാളുടെ ഇടതുകൈയിലുണ്ടായിരുന്ന മുറിവിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യം വെളിവായത്. തുടർന്ന് ആസിഡ് വീണുണ്ടായ മുറിവാണെന്നു പ്രതി സമ്മതിക്കുകയും കുറ്റം ഏറ്റു പറയുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പകപോക്കലാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതം. കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻ-ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനനിൽ (23) നിന്ന് പൊലീസിന് ലഭിച്ച ചില സൂചനകളാണ് ഇയാളെ പിടികൂടാനിടയാക്കിയത്. ജീനയുടെ ഫേസ് ബുക്ക് അക്കൗണ്ടും ഫോൺ കോൾ വിവരങ്ങളും പരിശോധിച്ച പൊലീസ് ഗൾഫിൽ ജോലി ചെയ്തിരുന്ന പ്രതിയുടെ പ്രണയാഭ്യർത്ഥന അടങ്ങിയ പോസ്റ്റുകൾ കണ്ടെത്തി. തുടർന്ന് ജീനയോട് കാര്യങ്ങൾ വിശദമായി ചോദിച്ച് മനസിലാക്കിയതോടെയാണ് കേസിന് വഴിത്തിരിവായത്.

ഏതാനും മാസം മുമ്പ് ഫേസ് ബുക്ക് വഴി ഇയാൾ നടത്തിയ വിവാഹ അഭ്യർത്ഥന നിരസിച്ചത് നീരസത്തിനും പിണക്കത്തിനും കാരണമായിട്ടുണ്ടെന്ന് ജീന പൊലീസുദ്യോഗസ്ഥരോട് സമ്മതിച്ചു. തുടർന്ന് സൈബർ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ച മുമ്പ് ഗൾഫിൽ നിന്ന് അവധിക്കെത്തിയ പ്രതി പിടിയിലായത്. ജീനയുടെ ചേച്ചിയുടെ കൂട്ടുകാരിയുടെ പരിചയത്തിലുള്ളയാളാണ് സുധീഷെന്നാണ് വിവരം. കുറ്റിച്ചൽ തച്ചൻകോട് കരിംഭൂതത്താൻ പാറ വളവിൽ കഴിഞ്ഞദിവസം വൈകിട്ട് 6.30യോടെയായിരുന്നു സംഭവം.

സംഭവസമയത്ത് ഹെൽമറ്റും കോട്ടും ധരിച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിലും മുതുകത്തും കൈകളിലും പൊള്ളലേറ്റ ജീന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖത്ത് ആസിഡ് വീഴുന്നത് ഒഴിവായി. ആര്യനാട്ടെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ ജീന കുറ്റിച്ചലിൽ ബസിറങ്ങറിയ ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകവെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ സുബീഷ് ആസിഡ് ഒഴിച്ച് കടന്നത്.