തൃശൂർ: 22 വയസ്സിനുള്ളിൽ രണ്ടു പീഡനം ഉൾപ്പടെ 14 കേസുകൾ. പൊലിസ് പിടിയിലായപ്പോൾ സ്‌റ്റേഷനിൽ വച്ച് ആത്മഹത്യാ ശ്രമം. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതിയുടെ രക്തപരിശോധനാ ഫലം വന്നപ്പോൾ രക്താർബുദം മൂർദ്ധന്യാവസ്ഥയിലും.

വീട്ടുകാർ കൂടി ഉപേക്ഷിച്ച യുവാവ് ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്‌ച്ച ഉച്ചക്ക് ഒരു മണിയോടെ ഒറ്റപ്പാലം പൊലിസ് കസ്റ്റഡിയിലെടുത്ത തിരുവില്വാമല സ്വദേശി സുഭാഷ് ( 22 ) ഒന്നര മണിയോടെ സ്‌റ്റേഷനകത്തെ ടോയ്‌ലെറ്റിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. സ്‌റ്റേഷനിൽ ഉണ്ടായിരുന്ന പാറാവുകാരണ് ആത്മഹത്യാ ശ്രമം കണ്ടത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് ത്യശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചു നടത്തിയ രക്തപരിശോധനയിലാണ് പ്രതിക്കു രക്താർബുദമുള്ളതായി സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായ നിലയിലെത്തിയതായാണ് പരിശോധനാ ഫലം. എന്നാൽ ആത്മഹത്യാ ശ്രമത്തെ തുടർന്നുള്ള അപകടനില തരണം ചെയ്തിട്ടുണ്ട്.

രോഗവിവരം നേരത്തെ ഇയാൾക്ക് അറിയാമായിരുന്നതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ബുധനാഴ്‌ച്ച ഉച്ചയോടെ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം കുന്നത്ത് കാവ് പരിസരത്തുവച്ചാണ് സുഭാഷിനെ സിഐ എം.വി മണികണ്ഠൻ കസ്റ്റഡിയിലെടുത്തത്. നേരത്തെ ബസ്സിൽ ക്ലീനറായി ജോലി ചെയ്തിരുന്ന സുഭാഷ് പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച കേസ് നിലവിലുണ്ട്. കൂടാതെ പതിനൊന്നു മോഷണക്കേസുകളും.

കഴിഞ്ഞ മാസം വടക്കാഞ്ചേരിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസും ഇയാൾക്കെതിരേയുണ്ട്. ഇനിയിപ്പോൾ ആത്മഹത്യാശ്രമത്തിനുള്ള കേസും കൂടി ഇയാൾക്കെതിരെ പുതിയതായി എടുക്കുമെന്ന് പൊലിസ് പറഞ്ഞു. കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിത്തീർന്ന സുഭാഷിന് ടി.ബി.രോഗവുമുണ്ട്്. കഞ്ചാവ് വിൽപ്പനയും നടത്തിയിരുന്നു. ഇടക്കിടെ അപസ്മാരബാധയും വരാറുണ്ട്. സ്വഭാവദൂഷ്യത്തെ തുടർന്ന് വീട്ടുകാർ ഉപേക്ഷിച്ച യുവാവ് കഴിഞ്ഞ മാസം വീട്ടിലെത്തി അനിയനുമായി അടിപിടി നടത്താനും ശ്രമിച്ചിരുന്നു.