വിശാഖപട്ടണം: സിപിഐ(എം) പോളിറ്റ്ബ്യൂറോയിൽ ഇതുവരെ ഉണ്ടായിരുന്ന ഏക വനിതാ സാന്നിധ്യം വൃന്ദാ കാരാട്ടായിരുന്നു. പ്രകാശ് കാരാട്ടിന്റെ പത്‌നിയെന്ന പരിഗണനയാണ് ഇവരെ പോളിറ്റ്ബ്യൂറോയിൽ എത്തിച്ചതെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും തന്റെ ശക്തമായ സാമൂഹിക ഇടപെടലിലൂടെ അതിനെ മറികടക്കാൻ വൃന്ദാ കാരാട്ടിന് സാധിച്ചിരുന്നു. വൃന്ദയ്ക്ക് ശേഷം സിപിഐ(എം) പോളിറ്റ്ബ്യൂറോയിലേക്ക് മറ്റൊരു വനിത കൂടി എത്തിയിരിക്കയാണ്. പശ്ചിമ ബംഗാൾ സിപിഐ(എം) ഘടകത്തിന്റെ പിന്തുണയോടെ സുഭാഷിണി അലിയാണ് സിപിഎമ്മിന്റെ ഉന്നത സമിതിയായ പോളിറ്റ്ബ്യൂറോയിൽ എത്തിയത്.

തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലെയും സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിലെയും സാന്നിധ്യമായ സുഭാഷിണി അലി പോളിറ്റ്ബ്യൂറോയിൽ എത്തുമ്പോൾ മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ മലയാൡകളുടെ അഭിമാനമായിരുന്ന ക്യാപ്ടൻ ലക്ഷ്മി സൈഗാളിന്റെ മകളാണ് സുഭാഷിണി അലി. ഇപ്പോൾ പോളിറ്റ്ബ്യൂറോയിലെ സ്ഥാനലബ്ധി ക്യാപ്ടൻ ലക്ഷ്മിയുടെ മകൾക്ക് ലഭിച്ച അർഹിച്ച പരിഗണന തന്നെയാണ്.

അമ്മയിൽ നിന്നും പകർന്നു കിട്ടിയ പോരാട്ട വീര്യമാണ് സുഭാഷിണി അലിയെ സിപിഐ(എം) പ്രവർത്തക ആക്കിയത്. ചെറുപ്പത്തിൽ തന്നെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച സുഭാഷിണി പടിപടിയായാണ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നത്. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന അവർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അധ്യക്ഷ കൂടിയായിരുന്നു. ബംഗാൾ ഘടകത്തിന്റെയും കേരള ഘടകത്തിന്റെയും പിന്തുണയോടെയാണ് ഇവർ പോളിറ്റ്ബ്യൂറോയിൽ എത്തിയത്. മഹിളാ അസോസിയേഷൻ പ്രവർത്തക എന്ന നിലയിൽ കേരളത്തിലും സജീവമായി ഇവർ ഇടപെടലുകൾ നടത്തിയിരുന്നു.

വ്യവസായ നഗരമായ കാൺപൂരിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് സുഭാഷിണി അലി സിപിഎമ്മിന്റെ മുൻനിര പോരാളിയായി വളർന്നത്. സ്ത്രീകളെയും തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് അവർക്ക് അർഹമായ പരിഗണന തൊഴിലിടങ്ങളിൽ നേടിയെടുക്കാൻ വേണ്ടി സുഭാഷിണി അലി പ്രവർത്തിച്ചു. സിപിഎമ്മിന് പരമ്പരഗതമായി ശക്തി അവകാശപ്പെടാനില്ലെങ്കിലും ഇവിടെ ചെങ്കൊടി പാറിക്കാൻ ക്യാപ്ടൻ ലക്ഷ്മി സൈഗാളിന്റെ മകളെന്ന പരിഗണനയും ഇവർക്ക് സഹായകമായി. 1991ൽ കാൺപൂരിൽ നിന്നും സിപിഐ(എം) സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കാനും സുഭാഷിണി അലിക്ക് സാധിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നും സുഭാഷിണി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഉത്തര പർഗനാസ് ജില്ലയിലെ ബാരക്പുർ മണ്ഡലത്തിലായിരുന്നു സുഭാഷിണി അലി മത്സരിച്ചത്. ഉത്തര 24 പർഗനാസ് ജില്ലയിലെ സി പി എമ്മിന്റെ കരുത്തരായ നേതാക്കളായ തരിത് ബരൺ തൊപ്ദാറും നേപാൾദേബ് ഭട്ടാചാര്യയും തമ്മിലുള്ള ഗ്രൂപ്പുവഴക്കിനെ തുടർന്നായിരിരുന്നു ഉത്തർപ്രദേശിൽ നിന്നുള്ള സുഭാഷിണിയെ ബംഗാളിൽ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. ഇവിടെ തൃണമൂലിന്റെ ദിനേശ് ത്രിവേദിയോട് പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്നും പാർട്ടിക്ക് വേണ്ടി തൃപ്തികരമായി പ്രവർത്തിച്ചതാണ് അവരെ പോളിറ്റ്ബ്യൂറോയിലെത്തിച്ചത്. ഇതോടെ 16 അംഗ പോളിറ്റ്ബ്യൂറോയിൽ രണ്ടാമത്തെ വനിതയായി മാറി സുഭാഷിണി അലി.

പൊതുപ്രവർത്തന രംഗത്തോടൊപ്പം സിനിമാ രംഗത്തും സുഭാഷിണി അലി പ്രവർത്തിച്ചിരുന്നു. ഭർത്താവ് കൂടിയായ മുസഫർ അലിയുടെ സാന്നിധ്യമായിരുന്നു ഇവരെ സിനിമാ മേഖലയിലുമായി അടുപ്പിച്ചത്. ഉമ്രാവു ജാൻ എന്ന ക്ലാസിക് സിനിമയുടെ കോസ്റ്റൂം ഡിസൈൻ ചെയ്തത് സുഭാഷിണി ആയിരുന്നു. കേണൽ പ്രേം സൈഗാളിന്റെയും ലക്ഷ്മി സൈഗാളിന്റെയും മകളായ സുഭാഷിണി ഇടതുപ്രസ്ഥാനങ്ങളോടു കൂറുപുലർത്തിയ മുസഫർ അലിയെയാണ് ജീവിത പങ്കാളിയാക്കിയത്. ഈ ബന്ധത്തിൽ ഷായിദ് അലി എന്നൊരു മകനും ഇവർക്കുണ്ട്. സിനിമാ സംവിധായകൻ എന്ന നിലയിലാണ് ഷായിദ് അലി പ്രവർത്തിക്കുന്നതും.