ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ആർ എസ് എസിന് പിന്നാലെ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സുബ്രഹ്മണ്യം സ്വാമി ഇപ്പോൾ പറയുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാൻ കേന്ദ്ര സേനയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഹിന്ദുക്കൾ ഭിന്നിക്കപ്പെട്ട സാഹചര്യത്തിൽ വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി പറഞ്ഞു. വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് മുൻനിലപാടിൽ നിന്നും സ്വാമി മലക്കം മറിഞ്ഞത്. ആർ എസ് എസും ഇത്തരത്തിൽ നിലപാട് എടുക്കാൻ സുബ്രഹ്മണ്യം സ്വാമിയോട് ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ ബിജെപി സാധ്യതകളെ പോലും ശബരിമല പ്രശ്‌നം സ്വാധീനിക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിൽ സുബ്രഹ്മണ്യം സ്വാമിയോട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസാരിച്ചതയായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ മലക്കം മറിച്ചിൽ.

സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി ഇപ്പോൾ സുബ്രഹ്മണ്യം സ്വാമി പറയുന്നു. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുള്ളതാണ്. വിധി അനുകൂലമാണെങ്കിലും സ്ത്രീകൾ സ്വയം മാറി നിൽക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം. നക്‌സലേറ്റുകളും കമ്മ്യുണിസ്റ്റുകളും സ്ത്രീകളാണ് ശബരിമലയിൽ പ്രശ്‌നം ഉണ്ടാക്കുന്നതെന്നും സർക്കാർ ഇവർക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു. രാജ്യത്തു പല വിധികളും വിശ്വാസികളുടെ എതിർപ്പ് കൊണ്ട് നടപ്പാക്കാൻ കഴിയാത്ത സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ഓർമിപ്പിച്ചു.

വിധി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ അഭപ്രായമെങ്കിലും നിലവിലെ സഭവങ്ങൾ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തെച്ചൊല്ലി യഥാർഥ ഹിന്ദു വിശ്വാസികൾ ഭിന്നിപ്പിക്കപ്പെട്ടു. ഇപ്പോൾ ശബരിമല വിഷയത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. കമ്മ്യൂണിസ്റ്റുകളും നക്‌സലേറ്റുകളുമാണെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു. ശബരിമലയിലെ തർക്കം ഹിന്ദു നവോത്ഥാനവാദികളും ഹിന്ദു സമൂഹത്തിലെ പിന്തിരിപ്പന്മാരും തമ്മിലെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമി ആദ്യം പറഞ്ഞിരുന്നത്. വർഷങ്ങളോളം കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ബ്രയിൻവാഷ് ചെയ്യപ്പെട്ടവരാണു ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത്. ആ സ്വാധീനമാണ് അപ്രായോഗിക സമരത്തിനു കാരണം. സ്ത്രീകൾക്കു ശബരിമല ക്ഷേത്രത്തിൽ ദർശനത്തിന് അവസരം ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നായിരുന്നു സ്വാമിയുടെ ആദ്യ പക്ഷം. വിധിയെ ആർഎസ്എസ് തുടക്കത്തിൽ സ്വാഗതം ചെയ്തിരുന്നു. പിന്നീട് നിലപാട് മാറ്റി. ഇതാണ് സുബ്രഹ്മണ്യം സ്വാമിയേയും വെട്ടിലാക്കിയത്.

കേരളത്തിലും തമിഴ്‌നാട്ടിലും നേട്ടമുണ്ടാക്കാൻ ശബരിമല ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യം സ്വാമി നിലപാടിൽ മാറ്റം വരുത്തുന്നത്. ബിജെപി സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിൽ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചു. സുബ്രഹ്മണ്യം സ്വാമിയോട് വിവാദ പ്രസ്താവനകൾ ഒഴിവാക്കാൻ ആവശ്യപ്പെടണമെന്നായിരുന്നു പിഎസ് ശ്രീധരൻ പിള്ളയുടെ ആവശ്യം. ഇതും കേന്ദ്ര നേതൃത്വം പരിഗണിച്ചു. ബിജെപി നേരിട്ട് പ്രതിഷേധങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്.

ശബരിമല വിധിക്കെതിരേ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത് കേരളത്തിലെ ബിജെപിക്ക് ഏറെ തലവേദനയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്ത് സൈനികനിയമം പ്രഖ്യാപിക്കണം. വിധി നടപ്പാക്കാൻ സൈന്യത്തിന്റെ സഹായം ആവശ്യമെങ്കിൽ കേന്ദ്രത്തോട് കേരളം ആവശ്യപ്പെടണമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ മുൻ നിലപാട്. സ്ത്രീപ്രവേശത്തെ എതിർക്കുന്ന കേരളത്തിലെ ബിജെപി. പ്രവർത്തകരുടെ നിലപാടല്ല പാർട്ടിക്ക്. മല ചവിട്ടാൻ ആരും സ്ത്രീകളെ നിർബന്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ പോകരുതെന്നു പറയാനും ആർക്കുമാവില്ല. ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോകാൻ നിർബന്ധിക്കുന്നതല്ല സുപ്രീംകോടതിയുടെ വിധി. ഇത്തരം കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കണം. ആർത്തവം മോശമാണെന്ന കാഴ്ചപ്പാട് മാറണം. അയ്യപ്പൻ ബ്രഹ്മചാരിയാണെന്നു പറയുന്നതിൽ എന്തടിസ്ഥാനമാണുള്ളതെന്നും സ്വാമി നേരത്തെ ചോദിച്ചിരുന്നു.

പുനഃപരിശോധനാ ഹർജി നൽകുന്നത് തിരിച്ചടിയാകും. ഇടതുസർക്കാരിന് വിധി നടപ്പാക്കുന്നതിൽ ആത്മാർഥയില്ലെന്നും സുബ്രഹ്മണ്യൻസ്വാമി കുറ്റപ്പെടുത്തി. അത്തരത്തിലൊരു നേതാവാണ് ഒറ്റ രാത്രി കൊണ്ട് നിലപാട് മാറ്റുന്നത്.