ന്യൂഡൽഹി: സുരന്ദ പുഷ്‌ക്കർ വധക്കേസിന്റെ അന്വേഷണം മുന്നോട്ടു പോകവേ ഓരോ ഘട്ടത്തിലും ഓരോ പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുകയാണ്. പാക്കിസ്ഥാനി മാദ്ധ്യമപ്രവർത്തക മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ തരൂരിന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീയുടെ കൂടി പേര് വെളിപ്പെടുത്തിക്കൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി.

തരൂരുമായി ബന്ധമുണ്ടെന്ന് സുനന്ദ ഇടയ്ക്കിടെ പറയുമായിരുന്നത് യുവ എഴുത്തുകാരി കാത്തി എന്ന കാതറിൻ എബ്രഹാമിനെ കുറിച്ചാണെന്ന് സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയത്. തരൂരും സുനന്ദയും തമ്മിലുള്ള വഴക്കിനിടെ കാത്തിയുടെ പേര് പറയാറുണ്ടെന്ന് തരൂരിന്റെ സഹായി നാരായൺ സിംഗിന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ മറ്റൊരു യുവതിയുമായി തരൂരിനുണ്ടായ ബന്ധത്തെക്കുറിച്ചും സുനന്ദ തന്നോട് പറഞ്ഞിരുന്നെന്നും അവരുടെ പേര് വ്യക്തമാക്കിയില്ലെന്നുമാണ് മാദ്ധ്യമ പ്രവർത്തകയായ നളിനി സിങ് മൊഴി നൽകിയത്.

കാത്തിയുടെ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ പ്രകാരം ശശി തരൂരിന്റെ ആശയങ്ങളും മറ്റും പിന്തുടരുന്നവരെയും പിന്തുണയ്ക്കുന്നവരെയും സൂചിപ്പിക്കാൻ 'തരൂരിയൻ' എന്ന ഹാഷ് ടാഗാണ് ഉപയോഗിച്ചിരുന്നത്. കാത്തിയാണ് തരൂരിയൻ എന്ന പ്രയോഗം കൊണ്ടുവന്നത് തന്നെ. ഇപ്പോൾ, കാത്തി തരൂരിന്റെ ജീവചരിത്രം എഴുതുകയാണ് സ്വാമി അവകാശപ്പെട്ടു.

അതേസമയം ശശി തരൂമായുള്ള ദാമ്പത്യ ജീവിതത്തിൽ സുനന്ദ പുഷ്‌കർ സന്തുഷ്ടയായിരുന്നെന്ന് സഹോദരൻ രാജേഷ് പുഷ്‌കർ പൊലീസിനു മൊഴി നൽകി. തരൂരിൽ നിന്ന് ശാരീരിക പീഡനം ഏറ്റതായി സുനന്ദ പരാതി പറഞ്ഞിട്ടില്ലെന്നും മർദനം ഏറ്റതായി പരാതി പറഞ്ഞിട്ടില്ലെന്നും എന്നാൽ ഐ.പി.എൽ, ട്വിറ്റർ വിവാദങ്ങളിൽ സുനന്ദ അസ്വസ്ഥയായിരുന്നെന്നും മൊഴിയിൽ പറയുന്നു. സുനന്ദയ്ക്ക് രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്ന രോഗം ഉണ്ടായിരുന്നതായി മകൻ ശിവ്‌മേനോനും മൊഴി നൽകി. ചികിത്സയുടെ ഭാഗമായി ധാരാളം മരുന്നുകൾ സുനന്ദ കഴിച്ചിരുന്നതായും ശിവ് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം പാക്കിസ്ഥാനി മാദ്ധ്യമപ്രവർത്തക മെഹർ തരാറുമായി ശശി തരൂർ മൂന്ന് ദിവസം ദുബായിൽ ചെലവഴിച്ചതാണ് സുനന്ദയും തരൂരും തമ്മിലുള്ള വഴക്കിന് കാരണമായതെന്ന് വെളിപ്പെടുത്തിയെന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സുനന്ദാവധക്കേസുമായി ബന്ധപ്പെട്ട് നളിനി സിങ് പൊലീസിന് നൽകിയ മൊഴി ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുനന്ദ തന്നെ ഫോണിൽ വിളിച്ച് ശശി തരൂരും മെഹർ തരാറും തമ്മിലുള്ള പ്രശ്‌നം ചർച്ച ചെയ്‌തെന്ന് നളിനി സിങ് പൊലീസിന് മൊഴി നൽകിയതായി പത്രം പറയുന്നു.

ശശി തരൂർ കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടന്നത്. 2013 ജൂണിൽ ഇരുവരും മൂന്ന് ദിനം ഒരുമിച്ചു ചെലവഴിച്ചു. ദുബായിൽ ശക്തമായ സൗഹൃദബന്ധമുള്ള സുനന്ദയെ അവിടുള്ളവരാണ് വിവരം വിളിച്ചു പറഞ്ഞത്. ഇക്കാര്യത്തിലുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് സുനന്ദ തന്നോട് പറഞ്ഞിരുന്നതായും നളിനി സിങ് വെളിപ്പെടുത്തി. തരൂർ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മെഹർ തരാർ മെസേജ് അയച്ചതായും സുനന്ദ തന്നോട് പറഞ്ഞെന്ന് നളിനി സിങ് പൊലീസിന് വിവരം നൽകിയിട്ടുണ്ട്.

അതിനിടെ കൊലചെയ്യപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഏത് രാജ്യത്തേക്ക് അയയ്ക്കണമെന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സി അറിയിച്ചിട്ടുണ്ട്. സുനന്ദയുടെ മരണം വിഷം അകത്തു ചെന്നതിനെത്തുടർന്നാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൊലപാതകത്തിന് കേസ്സെടുത്തത്. ആന്തരികാവയവങ്ങളുടെ പരിശോധന വിദേശത്ത് നടത്തണമെങ്കിൽ കേസ് നിലവിലുണ്ടായിരിക്കണം. സാധാരണയായി ലണ്ടനിലോ അമേരിക്കയിലോ ആണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.

മരണകാരണമായ വിഷം ഏതാണെന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് ആന്തരികാവയവങ്ങളുടെ പരിശോധന നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വിഷം ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊളോണിയം അടക്കമുള്ള വിഷങ്ങളിലൊന്നാകാം മരണകാരണമെന്ന് 'എയിംസ്' അധികൃതർ പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ആരെയെല്ലാം ചോദ്യംചെയ്യണമെന്നത് തീരുമാനിക്കുന്നത് പ്രത്യേകാന്വേഷണ സംഘമാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സുനന്ദയുടെ ഭർത്താവ് ശശി തരൂരിനെ എപ്പോൾ ചോദ്യം ചെയ്യുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.