ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവ്വകലാശലയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ തള്ളി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സർവ്വകലാശാലയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് നക്സൽ ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. സംഘർഷത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് ഉചിതമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സംഘർഷം ആസൂത്രിതമാണെന്നാണ് തോന്നുന്നത്. കാമ്പസിനുള്ളിൽ പെൺകുട്ടി അപമാനിക്കപ്പെട്ടുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അക്രമത്തിന് പിന്നിൽ ആരാണെന്നോ, സംഭവത്തിനു ശേഷം അടിയന്തിരമായി പെൺകുട്ടി പരാതിപ്പെട്ടിരുന്നോ എന്നും മറ്റുള്ള വിദ്യാർത്ഥികൾ എങ്ങനെയാണ് ഇത് അറിഞ്ഞതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും' സ്വാമി ആരോപിച്ചു.

ശനിയാഴ്ച രാത്രി നടന്ന സംഘർഷത്തിൽ പെൺകുട്ടികളടക്കമുള്ള നിരവധി വിദ്യാർത്ഥികൾക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ബൈക്കിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.

പെൺകുട്ടികൾക്കെതിരെ കാമ്പസിൽ ആവർത്തിക്കുന്ന അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാർത്ഥികൾ സർവ്വകലാശാല പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി.എന്നാൽ പൊലീസും സുരക്ഷാ ജീവനക്കാരും ഇത് തടഞ്ഞു.ഇതോടെ പൊലീസിനു നേരേയും പ്രതിഷേധവും കല്ലേറും ഉണ്ടായി.പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു.

പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ സർവ്വകലാശാല കാമ്പസിൽ കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ട് വരെ കാമ്പസിന് സർവ്വകലാശാല അവധി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.