തിരുവനന്തപുരം: മാതാപിതാക്കളെ നോക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണെന്ന നിയമനിർമ്മാണത്തിനും ഈ അമ്മയെ സഹായിക്കാനായില്ല. ആനയറ ശ്രീനാരായണ സാംസ്‌കാരിക വനിതാ സമിതിയുടെ വയോധിക സദനത്തിലെ അന്തേവാസിയും കടയ്ക്കാവൂർ സ്വദേശിനിയുമായ ജി. സുധാദേവിയാണ് ഇവിടെ നിർഭാഗ്യവതിയായി അമ്മ. മകളെ പണിയെടുത്ത് ഡോട്കറും മകനെ ഉദ്യോഗസ്ഥനുമാക്കിയ ഈ അമ്മയ്ക്ക് അവസാന കാലത്ത് ഇവരാരും തുണയായില്ല. വയോധികസദനത്തിലാണ് താമസിച്ചിരുന്നത്.

അമ്മ രോഗക്കിടക്കയിലായ വിവരം ഡോക്ടറായ മകളെയും മകനെയും വനിതാ സമിതി അറയിച്ചിരുന്നു. മക്കൾ തിരിഞ്ഞു നോക്കതായതോടെ വനിതാ കമ്മീഷൻ ഇടപെട്ടു. അന്ത്യം അടുത്തുവെന്ന് വ്യക്തമായതോടെ ഡോക്ടർമാരും മക്കളെ വിളിച്ചു. എന്നാൽ ഫലമുണ്ടായില്ല. സുധാദേവിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരിന്നത്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സുധാദേവി മരിച്ചത് . കണ്ണൂർ പയ്യന്നൂരിൽ ആയുർവേദ ഡോക്ടറാണ് മകൾ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകൻ. പക്ഷേ ജീവിതത്തിലെ അനാഥത്വം മരണത്തിലും തുടരുന്നു

മക്കളുടെ ചെറുപ്രായത്തിലേ ഭർത്താവ് സുധാദേവിയെ ഉപേക്ഷിച്ചു പോയി. തുടർന്ന് കടയ്ക്കാവൂരിലെ വസ്തുവകകൾ വിറ്റ് തേക്കുംമൂട്ടിലേക്ക് താമസംമാറ്റി. ആനടിയിൽ ആശുപത്രിക്ക് സമീപം സ്റ്റാർ ആൻഡ് സ്‌റ്റൈൽ എന്ന തയ്യൽ സ്ഥാപനം നടത്തിയാണ് സുധാദേവി കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കിയത് . പ്രശസ്തമായ തയ്യൽക്കടയായിരുന്നു. പിന്നീട് മക്കളോടൊപ്പം താമസിച്ചുവരുമ്പോൾ, ചില അസ്വാരസ്യങ്ങളുടെ പേരിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോന്നു. തുടർന്ന് ആനയറ ശ്രീനാരായണ വനിതാ സമിതിയുടെ വയോധികസദനത്തിൽ ( തപസ്യ ) അന്തേവാസിയായി.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ച മുൻപാണ് സുധാദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയ്ക്ക് സുഖമില്ലെന്ന വിവരം അറിയിക്കാനായി വയോധികസദനത്തിലെ അന്തേവാസികളും ആശുപത്രി അധികൃതരും മക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. നില വഷളായപ്പോൾ മരണസമയത്തെങ്കിലും മക്കളെ കാണാൻ അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. അതും നടന്നില്ല. മരണവിവരം അറിയിക്കാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് കണ്ണൂർ ഡി. എം. ഒ, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ബന്ധപ്പെട്ടാണ് വിവരമറിയിച്ചത്.

എല്ലാം മനസ്സിലാക്കിയ മാദ്ധ്യമപ്രവർത്തകർ വിളിച്ചപ്പോൾ ഫോണെടുത്തെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് അന്തേവാസികൾ മുൻകൈ എടുത്ത് സംസ്‌കാരത്തിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.