തിരുവനന്തപുരം: ബാർ ലോബിയെ സഹായിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കത്തിന് യുഡിഎഫിൽ വീണ്ടും കളമൊരുങ്ങുന്നു. ബാർ കോഴ വിവാദം തുടരുന്നതിനിടെയാണ് ഇതെന്നത് തർക്കങ്ങളുടെ വ്യാപ്തി കൂടും. ബാറുടമകളെ സഹായിക്കാനാണ് കോഴ വിവാദം അണിയറയിൽ തയ്യാറാക്കിയതെന്ന ആരോപണം നിലവിലുണ്ട്. 10 ത്രീ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയ ഹെക്കോടതി വിധിയെ ഇതിനായി കൂട്ടുപിടിക്കാനുള്ള സാഹചര്യവും ഉണ്ട്. ഇത് മറികടക്കാൻ സമ്പൂർണ്ണ മദ്യനിരോധനമെന്ന വാദം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മുന്നോട്ട് വച്ചേക്കും.

പൂട്ടിക്കിടക്കുന്ന ബാറുകൾ ഒരു കാരണവശാലും തുറക്കാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് കെപിസിസി അധ്യക്ഷൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ത്രി സ്റ്റാറുകൾക്ക് ബാറില്ലെന്ന മദ്യനയവും അട്ടമിറിക്കരുത്. കോടതി വിധികൾ എതിരായാൽ കടുത്ത തീരുമാനത്തിലൂടെ മദ്യ ലോബിക്ക് തിരിച്ചടി നൽകിയേ മതിയാകൂ എന്നും മുഖ്യമന്ത്രിയെ സുധീരൻ അറിയിച്ചു കഴിഞ്ഞെന്നാണ് സൂചന. ജനപക്ഷ യാത്രയിലെ ജനവികാരമായി സമ്പൂർണ്ണ മദ്യനിരോധനത്തെ അവതരിപ്പിക്കാനാണ് സുധീരന്റെ നീക്കം. സമ്പൂർണ്ണ നിരോധനത്തിലൂടെ മദ്യനയത്തിലെ കോടതി ഇടപെടലിനും അവസാനമാകുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിലെ ഐ വിഭാഗം മദ്യനിരോധനത്തെ എതിർക്കുമെന്ന് സുധീരന് കണക്കുകൂട്ടൽ. പ്രയോഗികതയും മദ്യദുരന്തവുമെല്ലാം ഇവർ ഉയർത്തിക്കാട്ടും. എന്നാൽ സുധീരന് പണി കൊടുക്കാനാണ് ത്രിസ്റ്റാർ ബാറുകൾ പൂട്ടിയതെന്ന ആക്ഷേപം മുഖ്യമന്ത്രിക്ക് നേരെയുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ബാറുടമകളെ കടന്നാക്രമിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. ഈ സാഹചര്യത്തിൽ സമ്പൂർണ്ണ മദ്യനിരോധനമെന്ന ആശയമുയർത്തിയാൽ മുഖ്യമന്ത്രിയും എ ഗ്രൂപ്പും തനിക്ക് പിന്നിൽ അണിനിരക്കുമെന്നാണ് സുധീരന്റെ പ്രതീക്ഷ.

10 ബാറുകളുടെ ലൈസൻസ് പുതുക്കിനൽകാനുള്ള ഹൈക്കോടതിവിധി സർക്കാരിന്റെ മദ്യനയത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് സുധീരന്റെ വിലയിരുത്തൽ. അടച്ച ബാറുകൾ പലതും തുറന്നുകൊടുക്കാൻ സർക്കാർ നിർബന്ധിതമാകുന്ന സ്ഥിതിയാണ്. നിലവാരമില്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയവയടക്കമുള്ള ത്രീ സ്റ്റാർ- ഫോർ സ്റ്റാർ ബാറുകളുടെ ലൈസൻസ് പുതുക്കിനൽകാനാണ് കഴിഞ്ഞദിവസം ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദ്ദേശിച്ചത്. ടു സ്റ്റാറിനു താഴെയുള്ളവയെയാണ് നിലവാരമില്ലാത്തതെന്ന് സുപ്രീംകോടതി വിധിയെ ഉദ്ദരിച്ചായിരുന്നു കോടതി വിധി.

ഈ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന ബാറുടമകൾ വരും ദിനങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ത്രിസ്റ്റാർ-ടൂ സ്റ്റാർ ബാറുകൾക്ക് പോലും തുറന്ന് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം കോടതി വിധിയിലൂടെ ലഭിക്കുമെന്ന നിയമോപദേശം ബാറുടമകൾക്ക് കിട്ടിക്കഴിഞ്ഞു. ഇതോടൊപ്പം മദ്യനയത്തിൽ ഹൈക്കോടതി തീരുമാനം അനുകൂലമായില്ലെങ്കിലും സുപ്രീംകോടതിയിൽ കാര്യങ്ങൾ അനുകൂലമാകുമെന്നും കരുതുന്നു. യുഡിഎഫിലെ ഒരു വലിയ വിഭാഗത്തിന്റെ പിന്തുണയും ബാറുടമകൾക്കുണ്ട്. ഈ കൂട്ടുകെട്ടാണ് ബാർകോഴ വിവാദത്തിന് പിന്നിലെന്നതും പരസ്യമായ രഹസ്യമാണ്.

സുപ്രീംകോടതിയിലെ സുന്ദർദാസ് കേസിലെ പരാമർശങ്ങളാണ് ഹൈക്കോടതിവിധിക്ക ആധാരം. ഇതോടെ നിലവാരമില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തയ്യാറാക്കിയ പട്ടിക ടു സ്റ്റാറിനു താഴെയുള്ളവയ്ക്കു മാത്രമായി ചുരുങ്ങും. ഇതോടെ എല്ലാ ടു സ്റ്റാർ, ത്രീ സ്റ്റാർ ബാറുകൾക്കും ലൈസൻസ് പുതുക്കിനൽകേണ്ടി വന്നേക്കാം. സർക്കാർനയത്തിനു വിധേയമായി ലൈസൻസ് പുതുക്കാനാണ് സർക്കാർ നീക്കം. എന്നാൽ ഈ നയത്തിന് ഡിവിഷൻ ബഞ്ചിന്റെ സ്‌റ്റേ ഉള്ളതിനാൽ സിംഗിൾ ബെഞ്ച് വിധി സർക്കാർ നടപ്പാക്കണം. അല്ലാത്തപക്ഷം സർക്കാർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും. മന്ത്രിസഭയിലേയും മുന്നണിയിലേയും പല പ്രമുഖരും ബാർ ലോബിയെ സഹായിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ കോടതി വിധിയെ കൂട്ട് പിടിച്ച് മദ്യനയത്തെ പ്രതിരോധിച്ച് ബാറുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.

ഇതിനെ പ്രതിരോധിക്കാനാണ് സുധീരന്റെ നീക്കം. മദ്യപഭോഗം കുറയ്ക്കുകയാണ് സർക്കാർ നയം. അതിലുറച്ചു നിന്നാൽ മദ്യലോബിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന സംശയം ജനങ്ങളിൽ ഉണ്ടാകുമെന്നാണ് സുധീരന്റെ പക്ഷം. അതുകൊണ്ട് കടുത്ത നിലപാട് എടുക്കണം. മദ്യലോബിക്കായി യുഡിഎഫിൽ ആരുമില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുമുണ്ട്. അതുകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. സമ്പൂർണ്ണ മദ്യനിരോധനമെന്ന സാഹചര്യം ഉണ്ടായാൽ സർക്കാരിന്റെ മദ്യനയം കോടതിക്ക് പരിശോധിക്കാൻ കഴിയില്ല. വിവേചനമെന്ന നിർവ്വചനത്തിലാണ് മദ്യനയം നിലവിൽ കോടതി പരിശോധിക്കുന്നത്. നിയന്ത്രണമെന്നത് നിരോധനമായാൽ എല്ലാം ശുഭമാകുമെന്നാണ് സുധീരന്റെ പക്ഷം. ലോട്ടറിക്കേസിലെ വിധിയും ഇതിനായി ഉയർത്തിക്കാട്ടും.

ജനപക്ഷ യാത്രയുമായി മുന്നേറുന്ന സുധീരൻ ലഹരി വിരുദ്ധ സന്ദേശമാണ് പ്രസംഗങ്ങളിൽ ഉയർത്തുന്നത്. ബാർ തുറക്കാൻ അന്താരാഷ്ട്ര ലോബി നടത്തിയ ഗൂഡാലോചനയാണ് കോഴ അഴിമതിയെന്നു സുധീരൻ വ്യക്തമാക്കുന്നു. ഇതിലൂടെ കോൺഗ്രസിന് പുറത്തെ പിന്തുണയാണ് ലക്ഷ്യമിടുന്നത്. മദ്യനിരോധനത്തേയും പ്രായോഗികതാ വാദമുയർത്തി കോൺഗ്രസിലെ ഒരു വിഭാഗം എതിർക്കുമെന്ന് സുധീരന് അറിയാം. അതിനാൽ യുഡിഎഫിലെ മറ്റ് പാർട്ടികളുടെ പിന്തുണയാണ് ലക്ഷ്യമിടുന്നത്.

മുസ്ലിം ലീഗ് സമ്പൂർണ്ണ മദ്യനിരോധനത്തിനെ പരസ്യമായി പിന്തുണയ്ക്കുമെന്ന് സുധീരൻ കണക്കുകൂട്ടുന്നു. ഇതിനൊപ്പം കേരളാ കോൺഗ്രിസനേയും കെ.എം.മാണിയേയും അടുപ്പിക്കുകയാണ് ലക്ഷ്യം. കോഴ ആരോപണത്തിൽ കുടുങ്ങിയ മാണി സംശയ നിഴലിൽ പോലും നിർത്താതെ സുധീരൻ ക്ലീൻ ചിറ്റ് നൽകിയത് ഇതുകൊണ്ടാണ്. ബാർ ഉടമകളുമായി ഉടക്കി നിൽക്കുന്ന മാണി എല്ലാ അർത്ഥത്തിലും മദ്യനിരോധനത്തെ പിന്തുണയ്ക്കും. ലീഗിനേയും കേരളാ കോൺഗ്രസിനേയും ഒപ്പം കൂട്ടി കോൺഗ്രസിലെ എതിർപ്പുകളെ അവഗണിക്കാമെന്നാണ് സുധീരന്റെ കണക്ക് കൂട്ടൽ. ക്രൈസ്തവ മതമേലധ്യക്ഷന്മാരും തനിക്ക് പിന്തുണ നൽകുമെന്ന് സുധീരൻ കരുതുന്നു.