- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ഏഴ് പവൻ നെക് ലേസിന് ജൂവലറിക്കാരെ ഭീഷണിപ്പെടുത്തി ഡിസ്‌കൗണ്ട് വാങ്ങി; ഏഴു പവൻ തങ്കമാലയ്ക്ക് 95ശതമാനം കിഴിവ്: ഐപിഎസുകാരനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശിപാർശ; എഫ് ഐ ആർ ഇട്ടാൽ സുദേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യും; മുഖ്യമന്ത്രിയുടെ മനസ്സ് നിർണ്ണായകം
തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ ജൂവലറിയിൽനിന്ന് ഏഴു പവന്റെ സ്വർണമാല വാങ്ങിയ ശേഷം അധികാരപദവി ദുരുപയോഗിച്ച് 95 ശതമാനം കിഴിവു നേടിയെന്ന പരാതിയിൽ ജയിൽ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണം വരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് സർക്കാരിനു ശിപാർശ നൽകി. ഇതു സംബഡിച്ച് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ട്. മുഖ്യന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയാൽ നടപടി വരും.
തെളിവ് നൽകാൻ പരാതിക്കാരൻ തയാറാണെന്നു അറിയിച്ച സാഹചര്യത്തിലാണ് അസാധാരണ നീക്കം. പൊലീസ് ഉന്നതതലത്തിൽ അടുത്തിടെ നടത്തിയ അഴിച്ചുപണിയിൽ സുദേഷ് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്നാണു സൂചന. ഉചിതമായ അന്വേഷണത്തിന് അനുയോജ്യമായ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാർശ സർക്കാർ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്.
ഐ.ജി: അനൂപ് കുരുവിള ജോണിന് അന്വേഷണച്ചുമതല നൽകിയേക്കും. പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്നു കണ്ടാൽ കേസ് രജിസ്റ്റർ ചെയ്യും. അങ്ങനെയെങ്കിൽ സുദേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യാനും സാധ്യതയുണ്ട്. ബി.വി.രവീന്ദ്രനാണ് പരാതിക്കാരൻ. മുഖ്യമന്ത്രിക്ക് ഇദ്ദേഹം നൽകിയ പരാതിയെക്കുറിച്ചു ദ്വിതല അന്വേഷണം നടന്നിരുന്നു. തിരുവനന്തപുരത്തെ ജൂവലറിയിൽ എത്തി ഡിസ്‌കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയോടെയാണു പ്രശ്നം വഷളയാതെന്നു പരാതിയിൽ വ്യക്തമാക്കുന്നു.
ഏഴു പവന്റെ മാല ഉന്നതൻ തെരഞ്ഞെടുത്ത ശേഷം ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു. ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നൽകാൻ തയാറായി. എന്നാൽ 95% കിഴിവിൽ പൊലീസ് ഉന്നതൻ ഉറച്ചു നിന്നു. പിന്നീട് 50% കിഴിവു നൽകാൻ ജൂവലറി തയാറായി. എന്നാൽ, താൽപര്യമില്ലെന്ന് അറിയിച്ച് മടങ്ങിയ അദേഹം പിറ്റേന്നു ജൂവലറിയിലെത്തി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്‌കൗണ്ടിൽ മാല കൊടുത്തു.
ഇൻവോയിസിൽ ഈ ഡിസ്‌കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാൻ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയിൽ ആരോപണമുണ്ട്. യാത്രയ്ക്കു ചെലവായത് 15 ലക്ഷം രൂപയാണെന്നും അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ