തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദ്ദിച്ച കേസിൽ ജയിൽ മേധാവി ഡി.ജി.പി: സുധേഷ് കുമാറിന്റെ മകൾക്കെതിരേ കുറ്റക്കാരിയാണെന്നു റിപ്പോർട്ട്. ഐ.പി.സി 294 ( ബി ), 324, 322 എന്നീ വകുപ്പുകൾ ചുമത്തിയുള്ള പ്രഥമ വിവര റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.അതേസമയം ഡി.ജി.പിയുടെ മകളുടെ കാലിൽ കാർ കയറ്റിയിറക്കിയെന്നും സ്ത്രിത്വത്തെ അപമാനിച്ചുവെന്നും കയ്യിൽ കയറി പിടിച്ചുവെന്നും ഉള്ള പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ അവ തള്ളിക്കളയാനും ക്രൈം ബ്രാഞ്ച് പൊലീസ് തീരൂമാനിച്ചു.

കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് സുധേഷ് കുമാർ. പൊലീസ് മേധാവിയാക്കാൻ യുപിഎസി തയ്യാറാക്കിയ പട്ടികയിൽ ആദ്യ പേരുകാരൻ. എന്നാൽ സുധേഷ് കുമാറിന് ആ പദവി സർക്കാർ നൽകിയില്ല. പിന്നീട് വിജിലൻസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി. നിലവിൽ ജയിൽ വകുപ്പ് ഡിജിപിയാണ്. കേന്ദ്ര സർക്കാർ അംഗീകരിച്ച ഡിജിപി പദവിയിലുള്ള മൂന്ന് പേരിൽ ഒരു ഉദ്യോഗസ്ഥൻ. ഈ ഉദ്യോഗസ്ഥന്റെ മകൾക്കെതിരെയാണ് കുറ്റപത്രം.

ഡി.ജി.പിയുടെ മകൾക്കെതിരേയുള്ള കുറ്റപത്രം തിരുവനന്തപുരം ജുഡിഷ്യൽ മജിസ്‌ടേറ്റ് കോടതിയിൽ ഉടൻ സമർപ്പിക്കും. കേസ് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് പ്രോസിക്യൂഷൻ ഡയറക്ടർ ജനലറിന്റെ നിയമോപദേശം തേടിയിരുന്നു. പൊലീസ് ഉന്നതന്റെ മകൾ കുറ്റക്കാരിയാണെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ തുടർനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി: ഷേക്ക് ദർവേഷ് സഹിബ്. മംഗളം പത്രത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2018 ജൂൺ 13നാണ് തിരുവനന്തപുരം കനക കുന്നിന് സമീപം മർദ്ദനം നടക്കുന്നത്. വെറും 70 സെക്കൻഡ് ദൈർഘ്യത്തിനുള്ളിൽ നടന്ന വിവാദ സംഭവത്തിന് ദൃക്‌സാക്ഷികൾ ആരുമില്ലായിരുന്നു. റോഡിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് ശാസ്ത്രീയ / മെഡിക്കൽ തെളിവുകൾ ആസ്പദമാക്കി നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തെ അട്ടിമറിക്കാൻ ഉന്നതങ്ങളിൽ നിന്നു വരെ ശക്തമായ ഇടപെടൽ ഉണ്ടായി.

തലനാരിര കീറി നടത്തിയ അന്വേഷണം അട്ടിമറിക്കുന്നതിനായി ഫാക്ച്വൽ റിപ്പോർട്ടിന്മേൽ പിഴവുകൾ കടന്നു കൂടിയതായും കോടതിയിൽ ചെല്ലുമ്പോൾ കേസ് വിട്ടു പോകുമെന്നും ചൂണ്ടിക്കാട്ടി പല തവണ ഉന്നതർ മനഃപൂർവ്വം കുറ്റപത്ര സമർപ്പണം വലിച്ചു നീട്ടി. ഇതിനിടെ, പ്രത്യേക സംഘത്തിന്റെ പ്രധാനിയെ നേരിട്ട് വിളിച്ച് വരുത്തി അനുനയ രൂപേണ ഭംഗിവാക്ക് പറഞ്ഞ് ഭീഷണിപ്പെടുത്താനുള്ള നീക്കവും അരങ്ങേറി. യൂണിഫോം അഴിച്ചു വെക്കേണ്ടി വന്നാലും കണ്ണിൽ കണ്ടതല്ലാതെ മറിച്ച് എഴുതില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥൻ ഉറച്ച നിലപാട് എടുത്തതോടെ ഉന്നതന്റെ നീക്കം പൊളിഞ്ഞു.

ഉന്നതങ്ങളിലെ എതിർപ്പുകളും പ്രലോഭനങ്ങളും മറികടന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. താഴേ തട്ടിലുള്ള ഒരു പൊലീസുകാരന് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നീതി ലഭിക്കുന്നതും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകൾ നൽകിയത് കള്ള പരാതിയാണെന്നു കണ്ട് റഫർ ചെയ്യാനുള്ള അന്തിമ റിപ്പോർട്ട് തയ്യാറാകുന്നതും പൊലീസ് സേനയിൽ ഇതാദ്യമാണ്, അസാധാരണമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കേസ് നേരിട്ട് വിലയിരുത്തിയതും ഗവാസ്‌കകറുടെ ബന്ധുവായ മാധ്യമ പ്രവർത്തകയുടെ നിതാന്ത ജാഗ്രതയും കേസ് അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞു.

പ്രഭാത സവാരിക്ക് ഔദ്യോഗിക വാഹനത്തിൽ ഡി.ജി.പിയുടെ മകളും ഭാര്യയുമായി പൊലീസ് ഡ്രൈവർ ഗവാസ്‌കർ കനകക്കുന്നിൽ എത്തുന്നു. ദിവസങ്ങൾക്ക് മുമ്പ് പൊലീസ് ഉന്നതന്റെ മകളുടെ ഫിസിക്കൽ ട്രയിനർ മെറീനയോടു ഗവാസ്‌കർ തന്റെ കാര്യം പറഞ്ഞുവെന്നാരോപിച്ച് തർക്കിക്കുന്നു. താൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും ക്യാമ്പിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഗവാസ്‌കർ മറുപടി പറയുന്നു.

ഇതിനിടെ ഉന്നതന്റെ മകൾ അറപ്പുള്ള വാക്കുകൾ ഉപയോഗിക്കുന്നു. തന്റെ ഐപോഡ് കാറിന്റെ മുൻവശത്തെ ഇടതു സീറ്റിൽ വച്ചിട്ട് പുറത്തേക്ക് ഇറങ്ങുന്നു. കാറിൽ തന്നോടൊപ്പം മടക്കമില്ലെന്നും കാറിന്റെ താക്കോൽ തിരിച്ചു തരണമെന്നുള്ള ഉന്നതന്റെ മകൾ ആവശ്യപ്പെടുന്നു. ഔദ്യോഗിക കാറിന്റെ താക്കോൽ ആർക്കും കൈമാറാനാവില്ലെന്നും അങ്ങനെ ചെയ്താൽ തനിക്ക് പണി വീഴുമെന്നും പറഞ്ഞ് ഗവാസ്‌കർ അവശ്യം നിരാകരിക്കുന്നു. പിന്നീട് അമ്മയും മകളും പുറത്തോട്ട് ഇറങ്ങി നടക്കുന്നതിന് ഇടയിൽ ഐപോഡ് കാറിലാണെന്ന കാര്യം ഓർക്കുന്നു.

തിരിച്ച് തങ്ങളുടെ പിറകെ വന്നു കൊണ്ടിരുന്ന കാറിനടുത്തേക്ക് പോയ ഉന്നതന്റെ മകൾ കാറിന്റെ ബോണറ്റിൽ ശക്തമായി ഇടിക്കുന്നു. പിന്നീട് ഡോർ തുറന്നു ഐപോഡ് എടുക്കുകയും ഗവാസ്‌കറുടെ കഴുത്തിൽ രണ്ടു വട്ടം ഇടിക്കുകയും ചെയ്തു. ഗവാസ്‌കർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം കൗണ്ടർ കേസായി ഡി.ജി.പിയുടെ മകൾ , തന്നെ അപമാനിച്ചുവെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡി.ജി.പിയുടെ മകളുടെ കാലിൽ കണ്ട പരുക്ക് ഓട്ടോറിക്ഷാ ഇടിച്ചാണെന്നും കണ്ടെത്തി.