തിരുവനന്തപുരം: ദത്തു നൽകൽ സംബന്ധിച്ച് അനുപമ എസ്.ചന്ദ്രന്റെ പോരാട്ടം വെറുതെയായില്ല. അമ്മത്തൊട്ടിലിൽ ലഭിച്ച മറ്റൊരു കുഞ്ഞിനെ ഉപേക്ഷിച്ച് 9 മാസത്തിനുശേഷം അമ്മയ്ക്കു തിരിച്ചു നൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി. ഡിഎൻഎ പരിശോധന നടത്തിയാണ് കുട്ടിയെ തിരിച്ചു കൊടുത്തത്. ഈ അമ്മ കുട്ടിയുമായി വിദേശത്തേക്കും പോയി. അനുപമയുടെ കുഞ്ഞിനെ തിരികെനൽകാൻ കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു.

ഫെബ്രുവരിയിലാണ് കുട്ടിക്ക് വേണ്ടി അമ്മ പോരാട്ടം തുടങ്ങിയത്. എന്നാൽ തീരുമാനം എടുക്കാതെ വച്ചു താമസിപ്പിക്കുകയായിരുന്നു ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മറ്റിയും. അനുപമയുടെ പോരാട്ടം അങ്ങനെ ഒരു കുട്ടിക്ക് കൂടി അമ്മയെ നൽകുകയാണ്. കവി സുഗതകുമാരി അന്തരിച്ചതിനു പിന്നാലെ ജനുവരിയിൽ ശിശുക്ഷേമ സമിതിയിൽ ലഭിച്ച പെൺകുഞ്ഞിനു 'സുഗത' എന്നു പേര് നൽകിയിരുന്നു. ഈ കുഞ്ഞിനെയാണ് ഏതാനും ദിവസം മുൻപു പെറ്റമ്മയെ തിരിച്ചേൽപിച്ചത്. ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ ഗർഭിണിയായ അവിവാഹിത യുവതി തിരുവനന്തപുരത്തെത്തി പ്രസവിച്ചു. ജനുവരിയിൽ തൈക്കാട് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു. കുഞ്ഞിന്റെ പിതാവ് വിവാഹത്തിനു വിസമ്മതിക്കുകയും സ്വന്തം വീട്ടുകാർ എതിർക്കുകയും ചെയ്തതോടെയാണു യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്.

കുഞ്ഞിനെ ദത്തു നൽകുന്നതിനു മുന്നോടിയായി അവകാശികളുണ്ടെങ്കിൽ അറിയിക്കുന്നതിനു പത്രപ്പരസ്യം നൽകി. അപ്പോഴേക്കും കുഞ്ഞിനെ തിരിച്ചെടുത്തു വളർത്താൻ യുവതി സന്നദ്ധയായി. ഇതിനായി ഫെബ്രുവരിയിൽ സിഡബ്ല്യുസിയിൽ അപേക്ഷ നൽകി. കുഞ്ഞ് തന്റേതാണെന്നു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് അപേക്ഷകയുടേതാണെന്നു തെളിഞ്ഞു. അനുപമ വിവാദ പശ്ചാത്തലത്തിൽ കുട്ടിയെ അമ്മയ്ക്ക് അതിവേഗം കൈമാറി.

ഫെബ്രുവരിയിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നൽകിയതാണ് നിർണ്ണായകമായത്. ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെടാൻ ഇവരോട് നിർദേശിച്ചു. ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദേശത്തായിരുന്ന അമ്മ കമ്മിറ്റിക്ക് ഇ-മെയിൽ അയയ്ക്കുകയും ചെയ്തു.

കുഞ്ഞിന്റെ അച്ഛൻ വിവാഹവാഗ്ദാനത്തിൽനിന്നും പിന്മാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്നാണ് അമ്മ അധികൃതരോടു പറഞ്ഞത്. വിവാഹം നടക്കാതെ വന്നതോടെ സ്ത്രീയുടെ വീട്ടുകാരും കുഞ്ഞിനെ ഒഴിവാക്കാൻ നിർബന്ധിക്കുകയായിരുന്നു. അനധികൃതമായി ദത്തുനൽകാനുള്ള നീക്കങ്ങളും നടന്നു. തുടർന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്.

തുടർന്ന് ജോലിക്കായി അമ്മ വിദേശത്തേക്കു പോവുകയും ചെയ്തു. കുഞ്ഞിന്റെ ചിത്രവും കുഞ്ഞിനെ ഉപേക്ഷിച്ചതിനൊപ്പമുണ്ടായിരുന്ന ആരോഗ്യ കാർഡിന്റെ വിവരങ്ങളും അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയിരുന്നു. ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ രണ്ടാഴ്ച മുമ്പാണ് ഡി.എൻ.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെനൽകുകയും ചെയ്തു.