തിരുവനന്തപുരം: അനുമതി ലഭിച്ചാകും ശബരിമലയിൽ സ്ത്രീകൾ പോകാൻ പാടില്ലെന്ന് സുഗതകുമാരി. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ തിരക്കിനിടയിൽ അവരിലേക്ക് നീളുന്ന കാമത്തിന്റെ നഖങ്ങൾ ചെറുക്കാനാവില്ല എന്നാണ് സുഗതകുമാരി പറഞ്ഞത്. മാതൃഭൂമി പത്രത്തിൽ എഴുതിയ 'ശബരിമല: സ്ത്രീ പ്രശ്‌നമല്ല' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സുഗതകുമാരിയുടെ പരാമർശം.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർക്കാൻ സുഗതകുമാരി മുന്നോട്ടുവെക്കുന്ന ഒരു കാരണം തിക്കിലും തിരക്കിലും പീഡനം നടക്കാനിടയുണ്ട് എന്നതാണ്. ' ഈ തിക്കിലും തിരക്കിലും സംഭവിക്കാവുന്നതും മനഃപൂർവ്വം സംഭവിപ്പിക്കുന്നതുമായ പീഡനങ്ങൾ നിങ്ങൾ എങ്ങനെ തടയും? എങ്ങനെ പരിഹരിക്കും? എത്രയായിരം പൊലീസുകാർ കൂടി വേണം സ്ത്രീകളെ ജനത്തിരക്കിൽ നിന്നും രക്ഷിക്കാൻ?' അവർ ചോദിക്കുന്നു.

സുപ്രീം കോടതിയിൽ നിന്നും അനുമതി ലഭിച്ചാലും സ്ത്രീകൾ ശബരിമലയിൽ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞുകൊണ്ടാണ് സുഗതകുമാരി ലേഖനം തുടങ്ങുന്നത്. ആ പ്രദേശത്തിന് ഇനിയും ജനലക്ഷങ്ങളുടെ ഭാരം താങ്ങാനുള്ള കഴിവില്ല എന്നതാണ് ഇങ്ങനെ പറയാനുള്ള പ്രധാനകാരണമെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു.

ദുരാചരാങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യണം. എന്നാൽ എല്ലാ വിശ്വാസങ്ങളെയും തകർത്തെറിയാൻ ഒരു കോടതിക്കും അധികാരമില്ലെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു. '41 ദിവസം വ്രതമെടുത്ത് ദേഹശുദ്ധിയും മനഃശുദ്ധിയും പാലിച്ച് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടും പേറി ദരിദ്ര, ധനിക ഭേദമന്യേ കറുപ്പുടുത്ത് നഗ്‌നപാദരായി വഴിയിൽവച്ചുണ്ട് കിടന്നുറങ്ങി കല്ലും മുള്ളും ചവിട്ടി ശരണം വിളിച്ച് കാണുന്നവരെല്ലാം അയ്യപ്പാ എന്നു സംബോധനചെയ്ത് ആ തിരുനടയിൽ മുദ്രണം ചെയ്തിരിക്കുന്ന തത്ത്വമസി എന്ന മഹാവാക്യം കണ്ടുധരിച്ച് മനനംചെയ്ത് സന്നിധിയിലെത്തി സർവ്വസമർപ്പണം ചെയ്ത് പോയി വരാനുള്ള ആ അഗാധഗംഭീരമായ പൂർവ്വിക ശാസനമെവിടെ?' സുഗതകുമാരി ചൂണ്ടിക്കാട്ടുന്നു.

ഏതുക്ഷേത്രത്തിലും ദേഹശുദ്ധിയോടെ പോകാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. എന്നാൽ തിരക്കിനിടയിൽ നീളുന്ന കാമത്തിന്റെ നഖങ്ങളെ ചെറുക്കാൻ സ്ത്രീകൾക്കാവില്ലെന്നും സുഗതകുമാരി പറയുന്നു. സ്ത്രീകൾക്കായി ചില പ്രത്യേകദിവസങ്ങൾ മാറ്റിവച്ചാൽ അവിടെയുള്ള കടകളും കച്ചവടക്കാരും ജീവനക്കാരും മറ്റും സ്ത്രീ സൗഹാർദ്ദപരമായി പെരുമാറുമോയെന്നും അവർ ചോദിക്കുന്നു.

രണ്ടാമത്തെ കാരണം ഇതാണ്. ഈ തിക്കിലും തിരക്കിലും സംഭവിക്കാവുന്നതും മനപ്പൂർവം സംഭവിപ്പിക്കുന്നതുമായ പീഡനങ്ങൾ നിങ്ങൾ എങ്ങനെ തടയും? എങ്ങനെ പരിഹരിക്കും? എത്രായിരം പൊലീസുകാർ കൂടീ വേണം സ്ത്രീകളെ ജനത്തിരക്കിൽ നിന്നും രക്ഷിക്കാൻ?. അതിനുള്ള സ്ഥലവിസ്തൃതിയുണ്ടോ ആ പ്രദേശത്തിന്? ഉണ്ടാക്കാമെന്നാണോ? സ്ത്രീകൾക്കുവേണ്ടി എത്രായിരം പ്രത്യേക ടോയ്‌ലെറ്റുകൾ ഉണ്ടാക്കണം? പശ്ചിമഘട്ടവനനിരകളെ മുഴുവൻ വെളുപ്പിച്ച് ആനക്കൂട്ടങ്ങളെയും, കടുവകളെയും മാൻപറ്റങ്ങളെയുമെല്ലാം തുരത്തിയോടിച്ച് പട്ടിണിക്കിട്ട് കൊന്നൊടുക്കി നമുക്ക് മഹാനഗരങ്ങൾ പണിയാമെന്നുമാണ് സുഗതകുമാരി ലേഖനത്തിൽ പറയുന്നത്.

ക്ഷേത്രപ്രവേശനം സ്ത്രീ സ്വാതന്ത്ര്യത്തിന്റെയോ, തുല്യാവകാശത്തിന്റെയോ പ്രശ്‌നമല്ലിതെന്നും, എല്ലാ വിശ്വാസങ്ങളെയും തകർത്തെറിയാൻ ഒരു കോടതിക്കും അധികാരമില്ലെന്നും സുഗതകുമാരി ലേഖനത്തിൽ വ്യക്തമാക്കുന്നു.