ശബരിമല: ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുഹാസിനി രാജ് എന്ന അമേരിക്കൻ പത്രത്തിന്റെ ലേഖിക മലചവിട്ടിയത്. അതും ഭക്ത എന്ന നിലയിലായിരുന്നില്ല സുഹാസിനിയുടെ മലകയറ്റം. മറിച്ച് ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ തന്റെ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യാൻ വേണ്ടിയായിരുന്നു സുഹാസിനി ഇന്ന് സുഹൃത്തുമൊത്ത് മലകയറിയത്. എന്നാൽ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ പോലും അവർക്ക് സന്നിധാനത്ത് എത്താനായില്ല. പ്രതിഷേധക്കാരുടെ ഭീഷണിയെ തുടർന്ന് അവർ മരക്കൂട്ടത്തിന് അടുത്ത് വെച്ച് തിരിച്ചിറങ്ങുകയായിരുന്നു.

സുഹാസിനിയുടെ പടിയിറക്കം വൻ ആഹ്ലാദ പ്രകടനത്തോടെയാണ് പ്രതിഷേധക്കാർ ആഘോഷിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും നല്ല മാധ്യമ പ്രവർത്തകരിൽ ഒരാളാണ് സുഹാസിനി രാജ് എന്ന ലഖ്‌നൗ സ്വദേശിനി. അന്വേഷണാത്മക പത്രപ്രവർത്തക എന്ന പേരിൽ പേരെടുത്തയാളാണ് സുഹാസിനി. സുഹാസിനി നടത്തിയ അത്തരം അന്വേഷണാത്മക റിപ്പോർട്ടുകളാണ് ഇന്ത്യൻ മാധ്യമ പ്രവർത്തക എന്ന ലേബലിൽ നിന്നും സുഹാസിനിയെ അന്താരാഷ്ട്ര മാധ്യമ പ്രവർത്തക എന്ന നിലയിൽ വളരാൻ സഹായിച്ചത്. അതും ലോകം എമ്പാടും അറിയപ്പെടുന്ന അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ലേഖിക എന്ന നിലയിൽ വരെ എത്തിച്ചത് ജീവൻ പണയം വെച്ചുമുള്ള സുഹാസിനിയുടെ ഈ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനോടുള്ള ത്വരയായിരുന്നു.

എന്നാൽ ശബരിമല സന്നിധാനത്ത് എത്താനുള്ള സുഹാസിനിയുടെ നീക്കം മാത്രം പാളിപ്പോവുകയായിരുന്നു. 2014ൽ ന്യൂയോർക്ക് ടൈംസിന്റെ ഇന്ത്യൻ ലേഖികയായി ജോലിയിൽ പ്രവേശിച്ച സുഹാസിനി നിരവധി ഇന്ത്യൻ മാധ്യമങ്ങളിലും മികച്ച മാധ്യമ പ്രവർത്തക എന്ന നിലയിൽ പേരെടുത്തിരുന്നു. ഒരു ദശാബ്ദമായി അന്വേഷണാത്മക പത്ര പ്രവർത്തക എന്ന നിലയിൽ പേരെടുത്ത സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റിൽ ജോലി ചെയ്തിരുന്നു. 2005 ൽ ആജ് തക്കിൽ സംപ്രേഷണം ചെയ്ത ഓപ്പറേഷൻ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോർട്ടുകളിലൊന്നാണ്. നിലവിൽ ഡൽഹിയിലെ ന്യൂയോർക്ക് ടൈംസിന്റെ തെക്കേ ഏഷ്യാ ബ്യൂറോയിൽ പ്രവർത്തിക്കുന്നു.

2005 ഡിസംബർ 23നായിരുന്നു വിവാദമായ ഓപ്പറേഷൻ ദുര്യോധനയിലൂടെ പാർലമെന്റ് അംഗങ്ങൾക്ക് പുറത്ത് പോകേണ്ടി വന്നത്. ചോദ്യം ചോദിക്കാൻ കോബ്രാ പോസ്റ്റ് അംഗങ്ങളിൽ നിന്നും കോഴ വാങ്ങിയ 11 എംപിമാരെ പാർലമെന്റ് പുറത്താക്കുകയായിരുന്നു. ലോക്സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റേയും അംഗത്വം റദ്ദാക്കി.'ഓപ്പറേഷൻ ദുര്യോധന' എന്ന പേരിൽ കോബ്ര പോസ്റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാർ കുരുങ്ങിയത്. പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്സഭയിലും ഡോ. കരൺസിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോർട്ട് കുറ്റക്കാരെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

ഉത്തരേന്ത്യൻ ചെറുകിട ഉത്പാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളിൽ നിന്നാണ് എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പു രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു.

എൻഡിഎ ഭരണകാലത്തു തെഹൽക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥ പുറത്തുകൊണ്ടുവന്നു ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്മണിന്റെയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും കസേര തെറിപ്പിച്ച അനിരുദ്ധ ബഹാലിനൊപ്പം കോബ്ര പോസ്റ്റ് ഒരുക്കിയ'ഓപ്പറേഷൻ ദുര്യോധന'യിൽ സുഹാസിനി രാജായിരുന്നു പ്രധാന പങ്കുവഹിച്ചത്.

ഇന്ത്യൻ മാധ്യമങ്ങളിലും വിദേശ മാധ്യമങ്ങളിലും ഒരു ദശാബ്ദത്തിലേറെയായി അന്വേഷണാത്മക പത്ര പ്രവർത്തകയായി ജോലി ചെയ്തുവരുകയാണ് സുഹാസിനി രാജ്. 2014ലാണ് ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ലേഖികയായി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഒരു ഹിന്ദു പുരോഹിതന്റെ രാഷ്ട്രീയ പിന്തുടർച്ചയെ ചോദ്യം ചെയ്ത് സുഹാസിനി രാജ് പ്രസിദ്ധീകരിച്ച ലേഖനം ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഴിമതി നടത്തിയ ഒരു ക്രിസ്ത്യൻചാരിറ്റി സംഘടന പൂട്ടിക്കെട്ടിച്ചതും സുഹാസിനിയുടെ അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു.

ടൈംസിൽ ജോലി ചെയ്യുന്ന സമയത്ത് 11 പാർലമെന്റ് അംഗങ്ങളുടെ കൈക്കൂലിയെ സംബന്ധിച്ച വൻ വാർത്ത പുറത്തുകൊണ്ടു വന്നത് സുഹസിനി ആയിരുന്നു. ഇതേ തുടർന്ന് ഈ പാർലമെന്റ് അംഗങ്ങൾക്കെല്ലാം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഇത് വൻ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഭീഷണികൾ പലതും വകവെയ്ക്കാതെയാണ് സുഹാസിനി തന്റെ അന്വേഷണാത്മക പത്ര പ്രവർത്തനം തുടരുന്നത്. രാഷ്ട്രീയ പത്രപ്രവർത്തകരിൽ നിന്നും ജീവന് പോലും ഭീഷണി ഉണ്ടായിട്ടും തന്റെ ജോലിയിൽ നൂറ് ശതമാനവും സത്യസന്ദത പുലർത്തി മുന്നോട്ട് പോവുകയാണ് സുഹാസിനി രാജ് എന്ന 46കാരി. വിവാഹിതയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ് ഇവർ.

എന്നാൽ ജോലിയുടെ ഭാഗമായി കേരളത്തിലെത്തിയ സുഹാസിനിക്ക് പക്ഷേ അത് പൂർത്തിയാക്കാതെ പാതിവഴിയിൽ തന്നെ മടങ്ങേണ്ടി വരികയായിരുന്നു. കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി എത്തിയ പ്രതിഷേധക്കാർക്ക് മുന്നിൽ സുഹാസിനിക്ക് മുട്ടുമടക്കേണ്ടി വന്നു. സന്നിധാനത്ത് എത്താൻ കിലോമീറ്ററുകൾ മാത്രം ബാക്കി നിൽക്കേ മരക്കൂട്ടത്തിനടുത്ത് യാത്ര അവസാനിപ്പിച്ച് സുഹസിനിക്ക് മടങ്ങേണ്ടി വരികയായിരുന്നു. അത്രയ്ക്ക് മേലായിരുന്നു സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ച സുഹാസിനിക്ക് നേരെ ഉണ്ടായ പ്രതിഷേധം. പ്രതിഷേധക്കാരും അയ്യപ്പ ഭക്തരും ഇവരെ തടയുകയായിരുന്നു. ഒടുവിൽ സുഹാസിനിയുടെ സഹപ്രവർത്തകനും വിദേശിയുമായ കാൾഷ്വാസ് തിരിച്ചിറങ്ങാമെന്ന് സുഹാസിനിയോട് പറയുകയായിരുന്നു. ഇതേ തുടർന്ന് പൊലീസിന്റെ സംരക്ഷണത്തിൽ ഇവർ മലയിറങ്ങുകയും ചെയ്തു.