കടുത്തുരുത്തി: മംഗലാപുരം ശക്തിനഗറിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കമിതാക്കളുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം നാല് മുതൽ കോട്ടയം കടുത്തുരുത്തിയിൽ നിന്നും കാണാതായ കമിതാക്കളെ മംഗലാപുരം ശക്തിനഗറിലെ വാടക വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തി കാവുങ്കര മഠത്തിൽ മാത്യു തോമസ് (33) മുണ്ടാർ ശംഗരമംഗലത്ത് വീട്ടിൽ മഞ്ജു (28) എന്നിവരാണ് തൂങ്ങി മരിച്ചത്.

ഇരുവരും കോട്ടയം തലയോലപറമ്പിലെ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോളാണ് പരിചയപ്പെടുന്നത്. മാത്യു ഒരു സ്വകാര്യ ഇലക്ട്രിക്കൽ സ്ഥാപനത്തിലും മഞ്ജു അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫാർമസിയിലും ജോലി ചെയ്യുമ്പോളാണ് ഇരുവരും തമ്മിൽ അടുക്കുന്നതും പിന്നീട് പ്രണയത്തിലാകുന്നതും തുടർന്ന് ഒളിച്ചോടുകയുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ മാസം നാല് മുതൽ ഇരുവരേയും കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.

മഞ്ജുവിന്റെ ഭർത്താവും പ്ലംബിങ്ങ് തൊഴിലാളിയുമായ സാബുവും മാത്യുവിന്റെ ഭാര്യയുമാണ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇരുവരും വീട്ടിലേക്ക് ഫോണിലൂടെ പോലും ബന്ധപ്പെട്ടിരുന്നില്ല. ആറ് വർഷം മുൻപാണ് മഞ്ജുവും സാബുവും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്. ഇവർക്ക് 5 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. മാത്യുവിന്റെ ഭാര്യ മുട്ടുചിറ ഗവ: ആശുപത്രി ജീവനക്കാരിയാണ്. ഇവർക്ക് കുട്ടികളില്ല.

കഴിഞ്ഞ ഒരു മാസത്തോളമായി മംഗലാപുരത്ത് ഭാര്യാ ഭർത്താക്കന്മാരെന്ന മട്ടിൽ താമസിച്ചുവരികയായിരുന്നു. പൊലീസിൽ കുടുംബം നൽകിയ പരാതിയെ കുറിച്ചും അന്വേഷണത്തെ കുറിച്ചും ഇരുവരും മനസ്സിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. ആത്മഹത്യ നടന്ന സ്ഥലത്ത് അസ്വാഭാവികമായി ഒന്നും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല.

എന്നാൽ കഴിഞ്ഞ ദിവസം ഇരുവരേയും പുറത്ത് കാണാത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മുറിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലേക്കും ഇരുവരുടേയും വീടുകളിലേക്കും വിവരമറിയിക്കുകയായിരുന്നു. മരണവാർത്തയറിഞ്ഞ ബന്ധുക്കൾ ഇന്നലെ മംഗലാപുരത്തേക്ക് പോയി. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. കേസിൽ മംഗലാപുരം കൺകണടി റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.