പത്തനംതിട്ട: കോഴഞ്ചേരി മഹിളാമന്ദിരത്തിലെ അഞ്ചു പെൺകുട്ടികളുടെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത. സംഭവം പൊലീസിനെ അറിയിക്കാതെ മറച്ചു വച്ചതും ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പെൺകുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു രണ്ടു പെൺകുട്ടികൾ കൂടി അമിതമായ അളവിൽ പാരാസെറ്റാമോൾ ഗുളിക കഴിച്ചതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇവർ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് നടന്ന സംഭവം മഹിളാമന്ദിരം അധികൃതർ ആറന്മുള പൊലീസിനെ അറിയിച്ചിരുന്നില്ല. അമിതമായ അളവിൽ പാരാസെറ്റാമോൾ ഉള്ളിൽച്ചെന്ന് അവശനിലയിൽ ജില്ലാശുപത്രിയിലേക്കാണ് അഞ്ചു വിദ്യാർത്ഥിനികളെ കൊണ്ടുവന്നത്. നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നുമാണ് ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് ഇന്നലെ ഉച്ചയോടെ അറിയിപ്പ് എത്തിയത്.

സ്‌കൂളിൽ നിന്ന് മടങ്ങി വരുന്ന വഴി വിദ്യാർത്ഥിനികൾ ഗുളിക കഴിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് അഞ്ച് പേരിൽ രണ്ടു വിദ്യാർത്ഥിനികളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി. ഇതേ തുടർന്ന് വാർഡൻ ഇവരെ വഴക്കു പറഞ്ഞിരുന്നു. ഇതാവും ആത്മഹത്യാ കാരണമെന്നും ആരോപണമുയർന്നിരുന്നു.

15 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ് ആശുപത്രിയിലായിരിക്കുന്നത്. സ്‌കൂളിൽ നിന്നും മയങ്ങിവന്ന വിദ്യാർത്ഥിനികൾ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നി അധികൃതർ വിവരം തിരക്കുകയായിരുന്നു. ഇതോടെ കുട്ടികൾ ഉറക്ക ഗുളിക കഴിച്ച വിവരം തുറന്ന് പറഞ്ഞു. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പെൺകുട്ടികൾ കാമുകന്മാർ വഞ്ചിച്ചതിന്റെ മനോവിഷമം മൂലമാണു ഗുളിക കഴിച്ചതെന്ന് പൊലീസിനു വിവരം കിട്ടിയത്. കൂട്ടുകാരികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മറ്റു രണ്ടുപേർ കൂടി ഗുളിക തിന്നത്. പ്ലസ് ടൂവിനു പഠിക്കുന്ന മൂന്നുപേരും കാമുകന്മാർക്കൊപ്പം നാടുവിടാൻ തീരുമാനിച്ചിരുന്നു. പറഞ്ഞ സമയത്ത് കാമുകന്മാർ എത്താതെ വന്നതോടെ മനോവിഷമത്തിലായ മൂന്നുപേരും പാരാസെറ്റാമോൾ അമിതഅളവിൽ കഴിക്കുകയായിരുന്നു.

വിവരമറിഞ്ഞ മറ്റു രണ്ടുപേർ കൂടി ഗുളിക കഴിക്കാൻ തയാറായി. സമാനമായ രീതിയിലാണ് കോന്നിയിലെ മൂന്നുപെൺകുട്ടികൾ നാടുവിട്ടതും പിന്നീട് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയതും. ഇവരിൽ ഒരാളുടെ മനോവിഷമത്തിൽ പങ്കാളിയായിട്ടാണ് മറ്റു രണ്ടു പേരും ജീവനൊടുക്കിയത് എന്നതാണ് ശ്രദ്ധേയം.