തിരൂർ: ചെമ്മണ്ണൂർ ജൂവലറിയുടെ തിരൂരിലെ ഷോറൂമിൽ നിന്നും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇസ്മായിലിന്റെ മരണം ഉൾക്കൊള്ളാനാകാതെ കുടുംബാംഗങ്ങൾ. കാളാട് പട്ടര് പറമ്പ് സ്വദേശി പാട്ടശ്ശേരി വീട്ടിൽ ഇസ്മായീൽ(50) ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് മലപ്പുറം തിരൂരിലെ ചെമ്മണ്ണൂർ ജൂവലറിക്കുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇസ്മായീലിനെ തൽക്ഷണം തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ഇന്നലെ മുതൽ ചികിത്സയിലായിരുന്ന ഇസ്മായിൽ ഇന്ന് രാവിലെ പതിനൊന്നിനാണ് മരിച്ചത്. പൊള്ളലേറ്റ ഇസ്മായീലിനെ ആശുപത്രിയിലേത്തിക്കുമ്പോഴേ നില ഗുരുതരമായിരുന്നു. തലയിലും ശരീരത്തിലും സാരമായ പൊള്ളലേറ്റിരുന്നു. എന്നാൽ ഇന്ന് രാവിലെ താനൂർ കെ.പുരത്തുള്ള ഇസ്മായീലിന്റെ വീട്ടിലേക്ക് മരണവാർത്ത എത്തിയതോടെ അടക്കാവാത്ത ദുഃഖത്തിലായി കുടുംബം.

വീട്ടിൽ നിന്നിറങ്ങുമ്പോൾ പെട്രോൾ കുപ്പിയോ പൊതിയോ കയ്യിലുണ്ടായിരുന്നില്ല. രാവിലെ ഒമ്പതരക്ക് ശേഷം പതിവു പോലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇസ്മായീൽ. പിന്നീട് വീട്ടുകാർ അറിയുന്നത് തിരൂരിൽ നിന്നും അറ്റാക്ക് വന്നതിനെ തുടർന്ന് ഇസ്മായീലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമാണ്. ഇസ്മായീൽ മരണത്തോട് മല്ലിട്ടുകൊണ്ടിരുന്ന കഴിഞ്ഞ രാത്രിയിൽ പിതാവിന് ഒന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയിലായിരുന്നു മക്കളും ഭാര്യ ഷഹീദയും. എന്നാൽ ആ വിളിക്ക് ദൈവം നൽകിയ ഉത്തരം മരണ വാർത്തയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇസ്മായീലിന്റെ ഇളയ മകൾ ഏഴാം ക്ലാസുകാരി  സഅദിയ്യ ഇപ്പോഴും സംഭവിച്ചെതെന്തെന്നറിയാതെ വീട്ടിലെത്തിയ കുടുംബാംഗങ്ങളോടൊപ്പം ഇരിക്കുകയാണ് ബാപ്പ വരുന്നതും കാത്ത്.

ഭാര്യയും മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് ഇസ്മായീലിന്റെ കുടുംബം. മക്കളെ നല്ല നിലയിൽ വളർത്തണമെന്നും വിവാഹം കഴിപ്പിച്ചയക്കണമെന്നും ഇസ്മായീലിന്റെ അതിയായ ആഗ്രഹമായിരുന്നു. പതിനാലു വയസുള്ള മകൻ മുഹമ്മദ് റിയാസ്  പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൂത്ത മകൾ സഫ്‌ലിയയെ നേരത്തെ നാട്ടിനടുത്ത പ്രദേശത്തേക്ക് കെട്ടിച്ചയച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചെമ്മാട് കൊടിഞ്ഞിയിലേക്ക് വിവാഹം കഴിച്ച രണ്ടാമത്തെ മകൾ സുമയ്യയുടെ വിവാഹാ ആവശ്യത്തിനായി തിരൂരിലെ ചെമ്മണ്ണൂർ ജൂവലറിയിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയത്.

ഇതിൽ 3,65,000 രൂപ നൽകിയിരുന്നു. ബാക്കി തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രയാസത്തിലായിരുന്ന ഇസ്മായീലിനെ തിരൂരിലെ ചെമ്മണ്ണൂർ ജൂവലറി അധികൃതർ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ തന്റെ കടബാധ്യത പെൺമക്കളെ വിവാഹം കഴിച്ച വീട്ടുകാരോ മറ്റുള്ളവരോ അറിയരുതെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നു ഇസ്മായീലിന്. ജൂവലറിക്കാരുടെ നിരന്തരമായ ഇടപെടൽ ഇസ്മായീലിനെ ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നു. സുമയ്യയും ഭർതൃ വീട്ടുകാരും വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്.

കൂലിപ്പണിയും കച്ചവടവും നടത്തി കുടുംബം പുലർത്തിയിരുന്ന ഇസ്മായീലിന്റെ വിയോഗത്തോടെ കുടുംബം അനാഥമായിരിക്കുകയാണ്. ആറംഗ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഇസ്മായീൽ. ഇതിനിടയിൽ ചെമ്മണ്ണൂർ മാനേജർ ഇസ്മായീലിനെതിരെ കടയിൽ നാശനഷ്ടം വരുത്തി എന്ന് കാണിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇതിന് നഷ്ട പരിഹാരം വേണമെന്നാണ് ജൂവലറിയുടെ ആവശ്യം. അതേ സമയം ഇസ്മായീൽ ആത്മഹത്യ നടത്താൻ ഇടയാക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെങ്കിൽ വീട്ടുകാരുടെ പരാതി കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കുമെന്ന് തിരൂർ എസ്.ഐ വിശ്വനാഥൻ കാരയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആത്മഹത്യക്ക് ശ്രമിച്ച തൊട്ട് തലേദിവസം ചെമ്മണ്ണൂർ ജൂവലറിയിൽ നിന്നുള്ള സംഘം ഇസ്മായീലിന്റെ വീട്ടിൽ എത്തിയതായി പൊലീസും സ്ഥിരീകരിക്കുന്നു. ബോബി ചെമ്മണ്ണൂരിന്റെ കൊള്ള പലിശക്ക് ഒരു രക്തസാക്ഷികൂടി ഉണ്ടായിരിക്കുന്നു. ഇസ്മായീലിനെ രക്ഷിക്കാൻ തുനിഞ്ഞ ജൂവലറി ജീവനക്കാരൻ പ്രജീഷും ഇപ്പോൾ ചികിത്സയിൽ ആശുപത്രിയിലാണ്. ഇരുവരെയും പൊള്ളേലേറ്റയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂവലറി അധികൃതർ ആശുപത്രിയിലെത്താതിരുന്നതും ജൂവലറി മിനുട്ടുകൾക്കകം തുറന്ന് പ്രവർത്തിച്ചതും നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിക്കും. കെ പുരം മഹല്ല് ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കുമെന്ന് മഹല്ല് അധികൃതർ അറിയിച്ചു.