തൊടുപുഴ: പൊലീസിന്റെ പീഡനത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട വീട്ടമ്മയുടെ ആരോപണങ്ങൾ കടയിലെ സിസിടിവി ദൃശ്യങ്ങൾ വന്നതോടെ തന്നെ കളവാണെന്ന് വ്യക്തമായി. കടക്കാരനെതിരെ ഉന്നയിച്ച പരാതിയിൽ കഴമ്പില്ലാത്തതു കൊണ്ടാണ് യുവതിയുടെ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തത്. ഫേസ്‌ബുക്കിലൂടെ ആത്മഹത്യാപ്രഖ്യാപനം നടത്തി സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം കിട്ടിയതോടെ തൊടുപുഴ സംഭവം വലിയ ചർച്ചയാക്കി. എന്നാൽ ജനശ്രദ്ധയാകർഷിച്ച കേസിൽ വീട്ടമ്മ പൊലീസിനെ അപമാനിക്കാൻ കരുതിക്കൂട്ടി പോസ്റ്റിടുകയായിരുന്നുവെന്നാണ് സൂചനകൾ.

തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ തന്നെ, എസ്‌ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സ്വീകരിച്ചതെന്നും തന്റെ ഭർത്താവിനെ മർദ്ദിച്ചവശനാക്കിയെന്നും പൊലീസ് പീഡനം തുടരുന്ന സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കിയായിരുന്നു ജോളിയുടെ പോസ്റ്റ്. എന്നാൽ ഇതെല്ലാം എസ് ഐ ജോബിൻ ആന്റണി നിഷേധിക്കുകയാണ്. സംഭവം അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കും വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് മനസ്സിലായിട്ടുണ്ട്. പരാതിക്കാരിയുടെ ഭർത്താവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയും സ്‌റ്റേഷനിൽ വച്ച് അക്രമാസക്തനാകുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ സമയത്ത് മറ്റു പലരും സ്റ്റേഷനിലുണ്ടായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.

യുവതിയുടെ പരാതി വിശ്വസിച്ച് ഉടനെതന്നെ മൊബൈൽ ഷോപ്പ് ഉടമയ്‌ക്കെതിരെ നടപടിയെടുക്കാത്തതാണ് തിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കാൻ കാരണമെന്ന് എസ് ഐ ജോബിൻ ആന്റണി മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവം നടന്ന ഉടനെ തന്നെ കൺട്രോൾ റൂമിൽ യുവതി പരാതി അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ താനും പൊലീസുകാരും സംഭവ സ്ഥലതെത്തിയതാണെന്നും എസ്‌ഐ പറയുന്നു. അവിടെ വച്ച് സ്ത്രീക്ക് പറയാനുള്ളത് കേട്ട ശേഷം മൊബൈൽ ഷോപ്പിനുള്ളിൽ പ്രവേശിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുകയായിരുന്നുവെന്നും എസ്‌ഐ പറയുന്നു.

തുടർന്ന് സ്ത്രീയുടെ ഭർത്താവാണ് മൊബൈൽ ഷോപ്പിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും മനസ്സിലായിരുന്നു. ഉടൻ തന്നെ പരാതിക്കാരിയോടും മൊബൈൽ ഷോപ്പ് ഉടമയോടും നേരിട്ട് സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കടയിൽ വേറെ ആളില്ലെന്നും അൽപ്പം കൂടി സമയം നൽകണമെന്നും കടയുടമ ആവശ്യപ്പെട്ടെങ്കിലും ഒരു വനിത നൽകിയ പരാതിയിൽ നടപടികൾ വൈകിപ്പിക്കാനാകില്ലെന്നും എത്രയും വേഗം സ്റ്റേഷനിൽ ഹാജരാകണമെന്നും അയാളോട് പറയുകയായിരുന്നു. പിന്നീട് താൻ സ്റ്റേഷനിലെത്തിയതിന് പിന്നാലെ കടയുടമ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിൽ സ്‌റ്റേഷനിലേക്ക് എത്തിയ സ്ത്രീ വനിതാ പൊലീസുകാരിയായ ആശാലതയ്‌ക്കൊപ്പമാണ് എസ്‌ഐയുടെ മുറിയിലേക്ക് വന്നത്.

എസ്‌ഐയുടെ മുറിയിൽ വച്ച് പരാതിക്കാരിയുടേയും കടയുടമയുടേയും വാദങ്ങൾ കേട്ടുകൊണ്ടിരുന്നപ്പോൾ ഇവരുടെ ഭർത്താവ് ഷർട്ടിന്റെ കൈയും ചുരുട്ടി അകത്തേക്ക് ഇടിച്ച് കയറുകയും എന്ത് ചോദ്യം ചെയ്യലാണ് ഇതെന്നും ഒരു വനിത പരാതി നൽകിയിട്ട് ഇത്രയും നേരമായിട്ടും ഇയാളെ പിടിച്ച് അകത്തിടാറായില്ലേ എന്ന ചോദ്യമായിരുന്നു യുവതിയുടെ ഭർത്താവ് ഉന്നയിച്ചതെന്നും എസ് ഐ പറയുന്നു. എന്നിട്ട് ഉടൻ തന്നെ ഇയാൾ നിലത്ത് കിടക്കുകയും ചെയ്തതായും എസ്‌ഐ പറയുന്നു. അപ്പോഴാണ് അവിടെയുണ്ടായിരുന്ന പൊലീസുകാർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. മർദ്ദിച്ചുവെന്ന് ഇവർ പരാതി പറയുന്നു. പക്ഷേ ആ സമയത്ത് സ്റ്റേഷനിൽ വേറെയും ആളുകളുണ്ടായിരുന്നു. അവരോട് തിരക്കിയാൽ കാര്യങ്ങൾ മനസ്സിലാകും. പിന്നെ യുവതിയോട് അപമര്യാദയായ് പെരുമാറി എന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിൽ നിരവധിപേരുണ്ടായിരുന്നുവെന്നും യുവതി തന്നെ പറയുന്നുമുണ്ട് അപ്പോൾ താൻ സ്വഭാവ വൈകൃതം പ്രകടിപ്പിക്കുന്നത് എങ്ങനെയാണെന്നും എസ്‌ഐ ചോദിക്കുന്നു.

സ്‌റ്റേഷനിൽ നിലത്ത് കിടന്ന യുവതിയുടെ ഭർത്താവ് റെജി കുഴഞ്ഞ് വീഴുകയായിരുന്നു. നേരത്തെ ന്യൂറോ വിഭാഗം ശസ്ത്രക്രിയ നടത്തിയ ഇയാൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അപസ്മാരം വന്നതായി അറിയാൻ കഴിഞ്ഞുവെന്നും എസ്‌ഐ പറയുന്നു. പോലസുകാർ തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയെക്കുറിച്ച് വ്യക്തിപരമായി തനിക്ക് ആരോപണങ്ങൾ ഇല്ലെന്നും അവർ എത്തരക്കാരിയാണെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും എസ്‌ഐ പറയുന്നു. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾക്ക് മറുപടിയായി നിയമ നടപടി സ്വീകരിക്കുമെ്‌നനും അദ്ദേഹം മറുനാടനോട് പറഞ്ഞു.

താനും ഒരു സാധാരണ മനുഷ്യനെപ്പോലെ സൃഷ്ടിക്കപ്പെട്ടവനാണ് . തനിക്കും കുടുംബമുണ്ട്. തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തന്റെ ഡിപ്പാർട്‌മെന്റിനെ മാത്രമേ ബോധിപ്പിക്കേണ്ടതുള്ളുവെന്നും ജോബിൻ ആന്റണി പറയുന്നു.