തിരുവല്ല: പത്തനംതിട്ടയിലെ തിരുവല്ലയിൽ വീടിനു തീ പിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി വെന്തുമരിച്ച സംഭവം ആത്മഹത്യയെന്നു പൊലീസ്. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

സഹോദരന്റെ ബാഗിൽനിന്നു പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. മാതാപിതാക്കൾ തുടർച്ചയായി വഴക്ക് പറയുന്നതാണ് മരണ കാരണമായി പെൺകുട്ടി കുറിച്ചിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടർന്നതാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച് തിരുവല്ല സിഐക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.

പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആത്മഹത്യയുടെ സൂചനകളുണ്ട്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തിരുവല്ല സിഐക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.

തിരുവല്ല മീന്തലക്കര തെങ്ങണാം കുളത്തിൽ ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോൾ സൺ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ടി.എ. അഭിരാമി (15) യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. വിദ്യാഭ്യാസ ബന്ദായിരുന്നതിനാൽ സ്‌കൂളിൽ പോയ വിദ്യാർത്ഥിനി തിരികെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീണ്ടും സ്‌പെഷൽ ക്ലാസിനായി സ്‌കൂളിലെത്താൻ അദ്ധ്യാപിക ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് വേഷം മാറാൻ മുറിക്കുള്ളിൽ കയറിയ ശേഷമാണ് പെൺകുട്ടി പൊള്ളലേറ്റു മരിക്കുന്നത്.

പെൺകുട്ടി മുറിക്കുള്ളിൽ കയറി നിമിഷങ്ങൾകൊണ്ട് മുറിയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളിലും മറ്റും തീ പടർന്ന് പിടിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയുടെയും ഏക സഹോദരൻ അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വീടിന്റെ മേൽക്കൂര ഉൾപ്പെടെ കത്തിയമർന്നു താഴേക്കു പതിച്ചു. ഉടൻതന്നെ അഭിരാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.