നെയ്യാറ്റിൻകര: ഹോം നഴ്‌സിനെ നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. ആനയറ കുടവൂർ നമ്പൻ വിളാകത്ത് വീട്ടിൽ പരേതനായ സുരന്റെയും ശാന്തകുമാരിയുടെയും മകൾ സുജയെയാണ് (38) കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പിരായുംമൂട് ഭാഗത്തെ നെയ്യാറിൽ നിന്ന് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലങ്ങളായി സുജ ഹോംനോഴ്‌സ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സുജ, നെയ്യാറ്റിൻകര ഓലത്താന്നിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഉണ്ണികൃഷ്ണനെ തേടിയെത്തിയതും ഇരുവരും ഒരുമിച്ച് താമസിക്കാനിടയായതും മരണവുമെല്ലാം ദുരൂഹതകൾക്ക് ഇടയാക്കുന്നതാണെന്ന് സുജയുടെ ബന്ധുക്കൾ ആരോപിച്ചു.

വീട്ടുജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് പലപ്പോഴായി വീട്ടിൽ നിന്ന് ഇറങ്ങാറുള്ള സുജ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇത്തവണ വീട്ടിൽ നിന്ന് തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ സുജ ബുധനാഴ്‌ച്ച രാത്രി മടങ്ങിവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. നെയ്യാറ്റിൻകര പിരായും മൂടിൽ ഉണ്ണികൃഷ്ണനുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു സുജ.

രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങിയ സുജ, ഉണ്ണികൃഷ്ണനെ തേടിയാണ് എത്തിയത്. പകൽ കടയിൽ കുറച്ച് നേരം ചെലവഴിശേഷം ഇരുവരും പിരായുംമൂട് സ്വദേശി വിജയനെ സമീപിച്ച് വിവാഹിതരാണെന്നും വാടകയ്ക്ക് വീട് വേണമെന്നും ആവശ്യപ്പെട്ടു.

2000 രൂപ മാസവാടകയ്ക്ക് ഇവർ വിജയന്റെ വീടെടുത്തു. എന്നാൽ കഴിഞ്ഞ ദിവസം പിരായുംമൂട് കടവിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരിൽ നിന്നറിഞ്ഞ് വിജയൻ വാടക വീട്ടിലെത്തി. സുജയെ കാണാതിരുന്നതിനാൽ എവിടെപ്പോയെന്ന് വിജയൻ ഉണ്ണികൃഷ്ണനോട് ചോദിച്ചു.

സുജയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ തന്റെ കൈയിൽ നിന്ന് 2000 രൂപയും വാങ്ങി അവൾ നാട്ടിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു മറുപടി.എന്നാൽ നെയ്യാറ്റിൻകര പൊലീസ് ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണനും സുജയും തമ്മിൽ വിവാഹിതരല്ലെന്ന് തിരിച്ചറിഞ്ഞു.

ഇരുവരും ആറ്റിൽ കുളിക്കുന്നതിനിടയിൽ സുജ മുങ്ങിപ്പോവുകയും ഇത് കണ്ട് ഭയന്നുപോയ താൻ വാടക വീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞത്.എന്നാൽ ഉണ്ണികൃഷ്ണന്റെ മൊഴി പൂർണമായി വിശ്വസിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല.

കൂടെയുണ്ടായിരുന്ന സ്ത്രീ മുങ്ങി താഴുമ്പോൾ രക്ഷിക്കാൻ ശ്രമിക്കാതെ ഇവരുടെ വസ്ത്രങ്ങളുമായി രഹസ്യമായി വാടക വീട്ടിലേക്ക് മടങ്ങിയതിലാണ് പ്രധാനമായും സംശയം നിലനിൽക്കുന്നത്. വീട്ടുടമയോട് പറഞ്ഞ കാര്യത്തിലുള്ള പൊരുത്തകേടും പൊലീസിന് സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.

നെടുമങ്ങാട് കരകുളം കാവടി തലയ്ക്കൽ കാട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുന്ന വരദരാജനാണ് ഇവരുടെ ഭർത്താവ്. പതിനാല് വർഷം മുമ്പ് വിവാഹിതരായിരുന്ന ഇവർക്ക് പതിനൊന്ന് വയസുള്ള കുട്ടിയുണ്ട്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആർ.ഡി ഒയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. നെയ്യാറ്റിൻകര ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.