- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെട്ട് കഴിയുന്ന എനിക്ക് കൂട്ടിന് പട്ടിയും പൂച്ചയും മാത്രം; ഒരു നേരത്തെ ആഹാരത്തിന് നാട്ടുകാർ കനിയണം; ജോലി അന്വേഷിച്ച് ചെന്നപ്പോൾ തൃശൂർ മദർ ഹോസ്പിറ്റലിലെ ഡോ. ഹക്കീം ആക്ഷേപിച്ചു പുറത്താക്കി; ദയാവധത്തിന് അപേക്ഷിച്ച് കളക്ടറുടെ അനുമതിക്ക് കാക്കുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം
കൊച്ചി: സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും ജീവിക്കാൻ ഒരു മാന്യമായ തൊഴിൽ നൽകാത്തതും മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം. ഒരു നേരത്തെ ആഹാരത്തിന് മാർഗ്ഗമൊന്നുമില്ലാതെ അലയുന്ന സുജി ഗത്യന്തരമില്ലാതെ ജീവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങുകയാണ്. മാന്യമായ ഒരു സർക്കാർ ജോലി നൽകുക അല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക എന്ന ആവശ്യവുമായിട്ടാണ് ഇപ്പോൾ സുജി മുന്നോട്ട് വന്നിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് സുജി മറുനാടന്റെ മുന്നിൽ തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്നത്. 'സ്‌ക്ൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ പരിഹാസപാത്രമായിരുന്നു ഞാൻ. അച്ഛനൊഴികെ സഹോദരങ്ങൾക്കും അമ്മയ്ക്കും വെറുക്കപ്പെട്ട ജന്മമായി. എന്റെ അച്ഛൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത്. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അമ്മയ്ക്ക് എന്നിലെ സ്ത്രൈണ സ്വഭാവം പിടിച്ചിരുന്നില്ല. എന്നാൽ അച്ഛൻ
കൊച്ചി: സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും ജീവിക്കാൻ ഒരു മാന്യമായ തൊഴിൽ നൽകാത്തതും മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം. ഒരു നേരത്തെ ആഹാരത്തിന് മാർഗ്ഗമൊന്നുമില്ലാതെ അലയുന്ന സുജി ഗത്യന്തരമില്ലാതെ ജീവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങുകയാണ്. മാന്യമായ ഒരു സർക്കാർ ജോലി നൽകുക അല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക എന്ന ആവശ്യവുമായിട്ടാണ് ഇപ്പോൾ സുജി മുന്നോട്ട് വന്നിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് സുജി മറുനാടന്റെ മുന്നിൽ തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്നത്.
'സ്‌ക്ൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ പരിഹാസപാത്രമായിരുന്നു ഞാൻ. അച്ഛനൊഴികെ സഹോദരങ്ങൾക്കും അമ്മയ്ക്കും വെറുക്കപ്പെട്ട ജന്മമായി. എന്റെ അച്ഛൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത്. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അമ്മയ്ക്ക് എന്നിലെ സ്ത്രൈണ സ്വഭാവം പിടിച്ചിരുന്നില്ല. എന്നാൽ അച്ഛൻ എനിക്ക് പൊട്ട് തൊടുവിച്ചും കണ്ണെഴുതിയും മാലയും വളയുമൊക്കെ അണിയിച്ച് ഒരുക്കിയിരുന്നു. സ്‌ക്കൂൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു.കളിയാക്കലുകൾക്കിടയിലും ലൈംഗിക അതിക്രമങ്ങൾക്കിടയിലും അതിജീവിച്ച് മുന്നോട്ട് പോയി. പിന്നീട് എനിക്ക് നേഴ്സിങ്ങ് പഠിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ അച്ഛൻ എന്നെ ബാംഗ്ലൂരിൽ അയച്ചു പഠിപ്പിച്ചു. അവിടെ പക്ഷേ ഒരിക്കലും ആരുടെയും പരിഹാസത്തിനിരയാകേണ്ട് വന്നില്ല. അവരൊക്കെയും എന്റെ ലിംഗഭിന്നത മനസ്സിലാക്കി പെരുമാറുകയാണ് ചെയ്തത്.
പഠനശേഷം എനിക്ക് വിദേശത്തേക്ക് ജോലി കിട്ടി.അങ്ങനെ നാലുവർഷം കുവൈറ്റിലായിരുന്നു. ആ സമയമാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ച ശേഷമാണ് ഞാനീ ലോകത്ത് ഒറ്റപ്പെട്ടുപോയി എന്ന് മനസ്സിലായത്. അതിനിടയിൽ ജോലി ചെയ്ത ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി. ഞാൻ പെണ്ണാണോ ആണാണോ എന്ന് മെഡിക്കൽ എടുത്ത് വരാൻ പറഞ്ഞു. അങ്ങനെ ആ ജോലി പോയി. നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ വേർപാട് എനിക്ക് നൽകിയ ശൂന്യത എത്രമാത്രം ഭീകരമാണെന്ന് മനസ്സിലായ്ത്.' സുജി പറഞ്ഞു നിർത്തിയപ്പോഴേക്കും വാക്കുകൾ ഇടറി. അച്ഛനെ സുജി എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നു. അമ്മയുടെ പിന്നീടുള്ള സമീപനം കൂടുതൽ സുജിയെ വേദനയുടെ കയങ്ങളിലേക്ക് തള്ളി വിടുകയാണുണ്ടായത്. '
നാട്ടിലെത്തിയ ശേഷം അമ്മ എന്നോട് മിണ്ടാറേയില്ലായിരുന്നു. സഹോദരങ്ങൾക്കും എന്നെ കാണുന്നതേ വെറുപ്പായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഇടമുട്ടത്തെ വീട്ടിൽ തനിച്ചായി. ആരും കൂട്ടിനില്ലാതെ ഞാൻ മാനസികമായി തകർന്നു. അതിനിടയിലാണ് ഞാൻ ഒരു പട്ടിയേയും പൂച്ചയേയും വളർത്തിയത്. അവരായി പിന്നെ എന്റെ എല്ലാം. കുറച്ചു കിളികളെക്കൂടി പിന്നീട് വാങ്ങി. ഞാൻ വിഷമങ്ങളും സന്തേഷങ്ങളും അവരോട് പങ്കുവച്ചു. ഗൾഫിൽ നിന്നും തിരികെ എത്തി കുറച്ചു നാൾ ആയപ്പോഴേക്കും കൈയിലെ പണമൊക്കെ തീർന്നു. ഒരു ജോല തേടിയായി പിന്നീടുള്ള യാത്ര. ഭിന്ന ലിംഗക്കാരിയായതിനാലാവണം പലരും എന്റെ മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു.
തൃശൂർ മദർ ഹോസ്പിറ്റലിലെ ഡോ.ഹക്കീം എന്നെ ഭിന്നലിംഗക്കാരി എന്ന് വിളിച്ച് കളിയാക്കി ആക്ഷേപിച്ചു മടക്കി അയക്കുകയും ചെയ്തു. ഇതോടെ എന്റെ ജീവിതം തീർന്നു എന്നാണ് കരുതിയത്. ഒരു നേരത്തെ ആഹാരത്തിനായി ഞാൻ ഏറെ ബുദ്ധിമുട്ടി. എന്റെ നിസഹായാവസ്ഥ കണ്ട് അയൽ വീട്ടുകാർ സഹായിക്കാൻ തുടങ്ങി. അവരാണ് എന്റെ ജീവൻ നിലനിർത്താൻ കാരണമായിട്ടുള്ളത്.' സുജി പറയുന്നു. ജീവിതം ഏറെ വഴിമുട്ടിയപ്പോഴാണ് അന്തസായി ജീവിക്കാൻ മാർഗമില്ലാത്തതിനാൽ അന്തസായി മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടർക്കു മുന്നിൽ സുജി അപേക്ഷ സമർപ്പിച്ചത്.ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷയുമായി കളക്ടറെ സമീപിച്ചത്.
ബി.എസ്.സി. നഴ്‌സിങ് ബിരുദദാരിയും നാലുവർഷത്തിലേറെ വിദേശത്ത് ജോലി നോക്കുകയും ചെയ്ത എടമുട്ടം സ്വദേശിയായ സ്വർണ്ണഭവനിൽ സുജി മറ്റുമാർഗങ്ങളില്ലാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1989ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് സുജി ബി.എസ്.സി. നഴ്‌സിങ് പാസാകുന്നത്. വിസ പുതുക്കാത്തതിനെത്തുടർന്നാണു സൗദിയിൽനിന്നു മടങ്ങിയെത്തിയത്. നാട്ടിൽ ജോലി ലഭിച്ചില്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളെ നഴ്‌സാക്കാൻ ആശുപത്രി അധികൃതർ ആരും തയാറായില്ല. 51 വയസു പിന്നിട്ടതിനാൽ സർക്കാർ ജോലിക്കും സാധ്യതയില്ല. വീട്ടുകാരും കൈവിട്ടു. ഇതോടെയാണ് ജീവിതം ദുരിതത്തിലായത്.
ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി സുജി കളക്ടറെ സമീപിച്ചത്. തറവാടിനുസമീപം പണിത ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കാണ് സുജിയുടെ താമസം. സൗദിയിൽ നിന്നുള്ള ജോലിയിൽനിന്നു മിച്ചം പിടിച്ച തുകകൊണ്ടാണ് ഈ വീട് വച്ചത്. തന്റെ നിസഹായത വിവരിച്ച് ഒരു ജോലി നൽകി സഹായിക്കണമെന്നഭ്യർഥിച്ച് രണ്ടുമാസം മുമ്പ് ജില്ലാ കലക്ടർക്ക് ഒരു അപേക്ഷ നൽകി. അതിനും പ്രതികരണമില്ലാതെവന്നതോടെയാണ് സുജി കടുത്ത തീരുമാനത്തിനു മുതിർന്നത്. ദയാവധത്തിനുള്ള അപേക്ഷ എന്ന തലക്കെട്ടിലാണ് കലക്ടർക്ക് അപേക്ഷ നൽകിയത്.
ആണിനും പെണ്ണിനുമൊപ്പം ഭിന്നലിംഗക്കാരെ അംഗീകരിക്കുന്നതിനുള്ള സുപ്രീം കോടതി വിധിയെത്തിയത് 2014 ലാണ് . ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടവകാശം ലഭിച്ചശേഷം കേരള നിയമസഭയിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ സുജി വോട്ടും ചെയ്തു. തൃശൂരിൽ നിന്ന് വോട്ട് ചെയ്ത് ഏക ട്രാൻസ്ജെൻഡർ. അതിനപ്പുറം ഒരു അംഗീകാരമോ പരിഗണനയോ സമൂഹമോ സർക്കാരോ സുജിക്ക് നൽകിയില്ല. ഇതാണ് ആത്മഹത്യയെന്ന വഴിയിലേക്ക് എത്താൻ സുജിയെ നിർബന്ധിതമാക്കുന്നത്. ആരുടേയും മുന്നിൽ കൈനീട്ടാനാവില്ല. അതിജീവനത്തിനാണ് താൻ അപേക്ഷിച്ചത്. അന്തസോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ മരിക്കുക. അതും തനിക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള വ്യവസ്ഥിതിയുടെ അനുമതിയോടെ തന്നെയാവണം-സുജി പറഞ്ഞു നിർത്തുന്നു.
കേരളം ഉറ്റു നോക്കുന്ന ഈ സംഭവത്തിൽ തൃശൂർ ജില്ലാ കലക്ടർ എ. കൗശികൻ എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് കണ്ടറിയേണ്ടത്.