കണ്ണൂർ: അർഹതയുള്ള എംബിബിഎസ് സീറ്റായിരുന്നു സുൽത്താന സുമയ്യയുടേത്. രോഗിയായ അച്ഛന്റേയും കൂലിപ്പണിക്കാരിയായ അമ്മയുടേയും ജീവിതത്തിന്റെ സ്വപ്‌നമായിരുന്നു അവളുടെ എംബിബിഎസ് പഠനം. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലോടെ തകർന്നത് സുമയ്യയുടേത് മാത്രമല്ല മതിയായ യോഗ്യതയുണ്ടായിരുന്ന 42 വിദ്യാർത്ഥികളുടെകൂടി ജീവിതമാണ്.

സുമയ്യയ്ക്കു ഹയർ സെക്കൻഡറി മാർക്ക് 1200ൽ 1156 മമാർക്ക് ഉണ്ടായിരുന്നു. വർഷം 'നീറ്റ്' പ്രവേശന പരീക്ഷയിൽ ലഭിച്ചത് 720ൽ 453 മാർക്ക്. കണ്ണൂർ മെഡിക്കൽ കോളജിൽ 2016ൽ ഒന്നാം റാങ്കുകാരിയായി എംബിബിഎസ് പ്രവേശനം നേടിയെങ്കിലും പഠനം മുടങ്ങി. അടച്ച ഫീസും സർട്ടിഫിക്കറ്റുകളും പോലും തിരികെ ലഭിച്ചത് ഏതാനും ദിവസം മുൻപു മാത്രമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബിഫാമിനു പഠിച്ചുകൊണ്ടിരിക്കെയാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. ഇതോടെ ബിഫാം പഠനം ഉപേക്ഷിച്ചാണ് സമയ്യ കണ്ണൂർ മെഡിക്കൽ കോളേജിൽ ചേർന്നത്. തിരുവനന്തപുരം വക്കം നദീർ മൻസിലിൽ ഫാറൂഖിന്റെ മകളാണ് സുമയ്യ. രോഗിയായ പിതാവിന്റെയും ദിവസവേതനക്കാരിയായിരുന്ന മാതാവിന്റെയും സ്ഥിതിയറിഞ്ഞ് അവസാന നിമിഷം ബന്ധുക്കളും നാട്ടുകാരും ചേർന്നു പിരിച്ചാണു സ്‌പെഷൽ ഫീസ് അടക്കം 11.65 ലക്ഷം രൂപ അടച്ചത്.

സർക്കാരുമായി കരാറുണ്ടാക്കിയ മറ്റു മെഡിക്കൽ കോളജുകളിൽ 10 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചപ്പോൾ കണ്ണൂർ, കരുണ കോളജുകളിൽ 4.40 ലക്ഷം രൂപ മാത്രമായിരുന്നു ആദ്യം ഫീസ് നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ടാണു മറ്റു സ്വാശ്രയ കോളജുകൾ ഒഴിവാക്കി കണ്ണൂരിൽ ചേർന്നത്.
എന്നാൽ, ഹൈക്കോടതി വിധി വന്നതോടെ എല്ലാ സ്വാശ്രയ കോളജുകളിലും ഫീസ് 10 ലക്ഷമായി. ഏതാനും മാസം കഴിഞ്ഞപ്പോൾ മാനേജ്‌മെന്റിന്റെ പ്രവേശന ക്രമക്കേടുമൂലം ബാച്ചിലെ 150 വിദ്യാർത്ഥികളെയും സുപ്രീം കോടതി പുറത്താക്കി. ഇതോടെ പ്രാരാബ്ദങ്ങൾക്കിടയിൽ എംബിബഎസ് മോഹം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ഈ കുടുംബം.