ചെന്നൈ: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ സൺടിവി ഉന്നത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സൺ ടിവി ചീഫ് ഓപ്‌റേറ്റിങ് ഓഫീസർ മലയാളിയായ പ്രവീണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇന്ന് ചെന്നൈയിൽ വച്ചായിരുന്നു അറസ്റ്റ്. ചാനലിൽ ജോലിചെയ്തിരുന്ന മുൻ ജീവനക്കാരിയാണ് പ്രവീണിനെതിരെ ആരോപണം ഉന്നയിച്ചത്. ജോലിയിൽ നിന്നും രാജിവച്ച് അഞ്ച് മാസത്തിന് ശേഷമാണ് യുവതി പരാതിയുമായി രംഗതെത്തിയത്. പരാതി ഉന്നയിച്ച യുവതിയും മലയാളിയാണ്.

കേരളത്തിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന് അഞ്ച് മാസം മുമ്പ് രാജിവച്ച യുവതിയാണ് പ്രവീണിനെതിരെ പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ ശമ്പള കുടിശ്ശിക കമ്പനി നൽകിയിരുന്നില്ല. സൺ ടിവിയുടെ അനുബന്ധ സ്ഥാപനമായ സൂര്യ ടിവിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പൊലീസിൽ ഇവർ നൽകിയ പരാതിക്കൊപ്പം വാട്‌സ്ആപ്പ് സന്ദേശങ്ങൾ, ഫോൺ കോൾ വിവരങ്ങൾ എന്നിവയും കൈമാറിയിരുന്നു.

സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് ആണ് പ്രവീണിനെ ചെന്നൈയിലെ വസതിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവതാരകയുടെ പരാതിയിൽ സൺ ടി.വിയുടെ ന്യൂസ് എഡിറ്ററെ നേരത്തെ സമാനമായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചാനൽ അവതാരകയാണ് അന്ന് ന്യൂസ് എഡിറ്റർക്കെതിരെ ലൈംഗിക ആരോപണം ഉയർത്തി പരാതി നൽകിയത്.

മുൻ ടെലികോം മന്ത്രി ദയാനിധിമാരന്റെ സഹോദരൻ കലാനിധി മാരന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനമാണ് സൺ ടി.വി. ടു.ജി സ്‌പെക്ട്രം അഴിമതി കേസിൽ സഹോദരന്മാർ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്.