- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഹറും തരൂരും മൂന്നു ദിവസം ദുബായ് ഹോട്ടലിൽ ഒരുമിച്ച് താമസിച്ചതായി വെളിപ്പെടുത്തൽ; ഉണരാതിരുന്ന സുനന്ദയെ ഉണർത്താൻ ആഫ്രിക്കൻ കോൺസുൽ ഹോട്ടലിൽ പോയതെന്തിനെന്നും അന്വേഷണം
ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കൊലപാതകക്കേസിൽ മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ ഡൽഹി പൊലീസ് ചോദ്യം ചെയ്യൂ. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരിൽനിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. അതിനിടെ കേസിൽ നളിനി സിങ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ
ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കൊലപാതകക്കേസിൽ മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ ഡൽഹി പൊലീസ് ചോദ്യം ചെയ്യൂ. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരിൽനിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. അതിനിടെ കേസിൽ നളിനി സിങ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. സുനന്ദ മരിച്ച ദിവസം ഡൽഹി ചാണക്യപുരിയിലെ ഹോട്ടൽ ലീലാ പാലസിൽ ഉണ്ടായിരുന്ന സഞ്ജയ് ദിവാനെന്ന വ്യവസായിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തരൂരിനുമുമ്പ് സുനന്ദയുടെ മുറിയിൽ പ്രവേശിച്ച വ്യക്തിയെന്ന നിലയ്ക്ക് വീണ്ടും ചോദ്യംചെയ്യുമ്പോൾ മുറിയിൽ കണ്ടെത്തിയ കുപ്പിച്ചില്ലുകളെ കുറിച്ചും മറ്റും സഞ്ജയ് ദിവാൻ കൂടുതൽ വിശദീകരിക്കേണ്ടിവരും. അതിനിടെ, സുനന്ദയുടെ ആന്തരികാവയവങ്ങൾ പൊലീസ് വിശദപരിശോധനയ്ക്ക് ലണ്ടനിലേക്കയച്ചു. വിഷം നൽകിയാണ് സുനന്ദയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ആന്തരാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് ലണ്ടനിലെ ലബോറട്ടറിയിലേക്ക് അയച്ചത്. വിഷം ഏതെന്നും അതിന്റെ അളവും മറ്റും കണ്ടെത്തുകയാണ് ലക്ഷ്യം. തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായൺ സിങ്ങിന്റെ ഹിമാചൽപ്രദേശിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇതിനിടെയാണ് ശശി തരൂരും പാക് മാദ്ധ്യമ പ്രവർത്തക മെഹ്ർ തരാരും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാക്കുന്ന മൊഴി പുറത്തുവന്നത്.
2013 ജൂണിൽ തരൂരും മെഹറും മൂന്ന് പകലും രാത്രിയും ദുബായിയിൽ ഒരുമിച്ച് താമസിച്ചതായി സുനന്ദ പറഞ്ഞിരുന്നുവെന്ന് സുഹൃത്തും മാദ്ധ്യമ പ്രവർത്തകയുമായ നളിനി സിങ് കേസ് അന്വേഷിച്ച സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയാണ് പുറത്തായത്. നളിനി സിംഗിന്റെ മൊഴിയിൽ പറയുന്ന സമയത്ത് താൻ ദുബായിയിൽ ഉണ്ടായിരുന്നതായി മെഹർ തരാർ സ്ഥിരീകരിച്ചു. താൻ ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് അവിടെ പോയതെന്നും മെഹർ തരാർ ഒരു മാദ്ധ്യമത്തിനോട് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ വിളിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അവർ പറഞ്ഞു.
പശ്ചിമാഫ്രിക്കൻ തീരത്തുനിന്ന് 570 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ 'കേപ്പ് വേർഡെ' എന്ന കൊച്ചുരാജ്യത്തിന്റെ ഡൽഹിയിലെ ഓണററി കോൺസൽ ജനറലാണ് സഞ്ജയ് ദിവാൻ. സഞ്ജയ് ദിവാന്റെ മൊഴി നേരത്തേ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. 'ഉറക്കത്തിലായിരുന്ന' സുനന്ദയെ വിളിച്ചുണർത്താൻ ശ്രമിച്ചെന്നാണ് അന്നത്തെ മൊഴി. ശശി തരൂരിനെ 2006 മുതൽ അറിയാമെന്നും ഇദ്ദേഹം സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന് മൊഴിനൽകിയിരുന്നു.
''തരൂരിന്റെ കുടുംബസുഹൃത്തായ എനിക്ക് സുനന്ദാജിയെ നല്ലപോലെ അറിയാമായിരുന്നു. തരൂരും സുനന്ദയും തമ്മിൽ നല്ലബന്ധമായിരുന്നു. അവസാനമായി അവരെക്കണ്ടത് ഡിസംബർ 18ന് മാലെദ്വീപ് അംബാസഡറുടെ യാത്രയയപ്പ് ചടങ്ങിലാണ്. ഇരുവരും വളരെ സന്തോഷത്തിലായിരുന്നു''. ജനവരി 17ന് ഡോ. തരൂരിനെ ബന്ധപ്പെട്ടപ്പോൾ സുനന്ദ, ലീലാ ഹോട്ടലിലുണ്ടെന്ന് അറിഞ്ഞു. അവിടേക്ക് വിളിച്ചപ്പോൾ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. വൈകിട്ട് അഞ്ചോടടുപ്പിച്ച് നാരായൺ (തരൂരിന്റെ വീട്ടുജോലിക്കാരൻ) ഓഫീസിലേക്ക് വിളിച്ചു. സുനന്ദ ഒന്നുംതന്നെ കഴിച്ചിട്ടില്ലെന്നും അവിടെച്ചെന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഹോട്ടലിലെത്തിയശേഷം അവരെ ഉണർത്തുന്നതിന് സുനന്ദയുടെ മുറിയിലേക്ക് പോയെന്നും സഞ്ജയ് ദിവാന്റെ മൊഴിയിൽ പറയുന്നു.
തന്റെ പരിചയത്തിലുള്ള ഡോ. രജത് മോഹനെ മുറിയിലേക്ക് വരുത്താനുള്ള നടപടികൾ ഏകോപിപ്പിച്ചുവെന്നും ദിവാൻ വ്യക്തമാക്കുന്നു. രാത്രി എട്ടോടെ തരൂർ വന്നു. ഡോക്ടറെ കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. രാത്രി ഒമ്പതിന് ചാനൽ ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ ഡോക്ടറോട് വ്യക്തിപരമായി സംസാരിക്കണമെന്നും തരൂർ പറഞ്ഞു. എട്ടരയോടെ, ഡോക്ടർ വരുന്നതിനുമുമ്പ് സുനന്ദയെ വിളിച്ചുണർത്താമെന്ന് തരൂർ പറഞ്ഞു. കിടപ്പുമുറിയിൽ കയറിയ തരൂർ എന്തോ സംഭവിച്ചുവെന്ന് പറഞ്ഞ് അലറിവിളിച്ചു. ഞങ്ങളും മുറിയിലേക്ക് കയറി. ഡോക്ടറെ വിളിക്കാൻ ഹോട്ടൽ അധികൃതരോട് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ഡോ. രജത് മോഹൻ വന്നു, പിന്നാലെ ഹോട്ടലിലെ ഡോക്ടറും. ഡോ. രജത് മോഹൻ ഇ.സി. ജി. എടുത്തശേഷം സുനന്ദ മരിച്ചതായി ഉറപ്പിച്ചു. തരൂർ തന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തിയെന്നും സഞ്ജയ് ദിവാൻ നൽകിയ മൊഴിയിലുണ്ട്.
നളിനി സിംഗിന്റെ വെളിപ്പെടുത്തലും നിർണ്ണായകമാണ്. തരൂരും മെഹറും ദുബായിൽ ഒരുമിച്ച് താമസിച്ച കാര്യം ഏതാണ്ട് ആറ് ഏഴ് മാസം മുൻപാണ് സുനന്ദ എന്നോട് പറഞ്ഞത്. അതിന് സുനന്ദയുടെ പക്കൽ തെളിവുണ്ടായിരുന്നു. മെഹറുമായുള്ള തരൂരിന്റെ ബന്ധം അവസാന കാലത്ത് സുനന്ദയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തന്നിൽ നിന്ന് വിവാഹമോചനം തേടാനാണ് തരൂരിന്റെ പദ്ധതിയെന്നും മെഹറുമായുള്ള ബന്ധത്തിന് തരൂരിന്റെ കുടുംബാംഗങ്ങളുടെ പ്രോത്സാഹനം ഉണ്ടെന്നും സുനന്ദ പറഞ്ഞതായും നളിനി സിങ് പറഞ്ഞു.
മരിക്കുന്നതിന്റെ തലേന്ന് (ജനുവരി 16 ) അർദ്ധരാത്രി സുനന്ദ എന്നെ ഫോണിൽ വളിച്ചു. തരൂരൂം മെഹറും പരസ്പരം അയച്ച ചില പ്രണയ മെസേജുകൾ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് അവർ ഒരുപാട് നേരം കരഞ്ഞു. ഒരു മെസേജിൽ തരൂരില്ലാതെ ജിവിക്കാനാവില്ലെന്ന് മെഹർ പറയുന്നുണ്ട്. മറ്റൊരു യുവതിയുമായി തരൂരിനുണ്ടായ ബന്ധത്തെക്കുറിച്ചും സുനന്ദ പറഞ്ഞു. ആ സ്ത്രീയുടെ പേര് സുനന്ദ വ്യക്തമാക്കിയില്ല. ഐ.പി.എൽ പ്രശ്‌നത്തിൽ തരൂരിന്റെ ബന്ധം വ്യക്തമാക്കുന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സുനന്ദ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങൾ അവർ പറഞ്ഞില്ലെന്നും നളിനി വ്യക്തമാക്കുന്നു.