ഹൂസ്റ്റൺ: പുതിയ കണ്ടുപിടുത്തങ്ങളിലെ അമരക്കാരനായി മാറിയിരിക്കുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. കഴിഞ്ഞ വർഷം കണ്ടുപിടുത്തങ്ങൾക്ക് പ്രതിഫലമായി സുന്ദർപിച്ചൈ കൈപ്പറ്റിയിരിക്കുന്നത് 200 ദശലക്ഷം ഡോളറാണെന്നാണ് റിപ്പോർട്ട്.

തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങായി പ്രതിഫലതുക വർദ്ധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ശമ്പളം 2015 നെ അപേക്ഷിച്ച് അൽപ്പം കുറഞ്ഞു. 2015 ൽ 652,500 ഡോളർ നേടിയ സുന്ദർപിച്ചൈ ഈ വർഷം 650,000 ഡോളറാണ് ശമ്പളമായി കൈപ്പറ്റിയിരിക്കുന്നത്.

2015 ആഗസ്റ്റിൽ കമ്പനി പുനഃ സംഘടിപ്പിച്ചപ്പോഴാണ് പിച്ചൈയെ സിഇഒ ആക്കിയത്. 2015 ൽ സ്റ്റോക്ക് അവാർഡിൽ 99.8 ദശലക്ഷം ഡോളർ സ്വീകരിച്ച ഇദ്ദേഹത്തിന് 2016 ൽ അത് 198.7 ദശലക്ഷമായി ഉയർത്താനായി. വിജയകരമായ ഒട്ടനേകം ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചതിനെ തുടർന്നാണ് പിച്ചൈയെ സിഇഒ ആക്കി ഉയർത്തിയപ്പോൾ വൻ തുക പ്രതിഫലമായി നൽകിയത്.

പിച്ചൈയ്ക്ക് കീഴിൽ പരസ്യങ്ങൾക്കും യൂട്യൂബ് ബിസിനസ്സുകൾക്കും പുറമേ മെഷീൻ ലേണിങ്, ഹാർഡ്വേയർ, ക്ളൗഡ് കംപ്യൂട്ടിങ് തുടങ്ങിയ ഗൂഗിളിന്റെ ഉൽപ്പന്ന വിൽപ്പനയിൽ വൻ കുതിച്ചുകയറ്റമാണ് സാധ്യമായിരിക്കുന്നത്. പുതിയ സ്മാർട്ട്ഫോൺ, വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ്, റൗട്ടർ, വോയ്സ് കൺട്രോൾഡ് സ്മാർട്ട് സ്പീക്കർ തുടങ്ങി 2016 ൽ ഗൂഗിൾ വിജയകരമായ ഒട്ടേറെ ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചത്.

ഹാർഡ്വേയർ, ക്ളൗഡ് സർവീസസ് എന്നീ വിഭാഗങ്ങളിലൂടെ 3.1 ബില്യൺ ഡോളർ ആദ്യ ക്വാർട്ടറിൽ തന്നെ നേടിയിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയതിന്റെ 50 ശതമാനം വരുമിത്. ആൽഫാബെറ്റ്സ് സ്റ്റോക്കും ഈ വർഷം 600 ബില്യൺ അമേരിക്കൻ ഡോളർ നേടി ഈ ആഴ്ച മുന്നിലെത്തിയിരുന്നു.