തിരുവനന്തപുരം: വിവാദ ഭൂമിയായ മെത്രാൻ കായലിൽ കൃഷിയിറക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കൃഷി സെക്രട്ടറി രാജു നാരായണസ്വാമിയോടു മന്ത്രി വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ഭൂമി മാഫിയയെ തകർക്കാൻ കരുതലോടെയുള്ള ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നത്. തരിശ് ഭൂമികൾ തന്ത്രത്തിൽ കൈയടക്കി വൻകിട ഫ്‌ലാറ്റുകളും ബഹുനില കെട്ടിടങ്ങളും പണിയുന്നവരെ ചെറുക്കാനാണ് കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ ലക്ഷ്യം. കൃഷി സെക്രട്ടറിയായ രാജു നാരായണ സ്വാമിയും ഏറെ ആവശേത്തിലാണ്. മൂന്നാർ ദൗത്യത്തിന് ചുക്കാൻ പിടിച്ച രാജുനാരായണ സ്വാമിയെ കൃഷി സെക്രട്ടറിയാക്കി കൊണ്ടുവന്നതും ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്.

ആറന്മുളയിലും കൃഷിയിറക്കാനുള്ള നീക്കത്തിലാണു സർക്കാർ. വിവാദ ഭൂമികളിൽ സർക്കാർ ചെലവിലാണു കൃഷിയിറക്കുക. മെത്രാൻ കായൽ വെള്ളിയാഴ്ച മന്ത്രി വി എസ് സുനിൽ കുമാർ സന്ദർശിക്കും. കേരളം പോലൊരു സംസ്ഥാനത്തു നിലങ്ങൾ തരിശായി കിടക്കുന്നത് അപരാധമാണെന്നും ഈ സ്ഥിതി തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഈ പദ്ധതി വ്യാപിപ്പിക്കുകയും ചെയ്യും. മന്ത്രിയും വകുപ്പ് സെക്രട്ടറിയും തന്നെ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ പരിസ്ഥിതി പ്രവർത്തകർ കാണുകയാണ്. തൊഴിലാളികളെ കിട്ടാതെ ഭൂമിയും പാടവും വെറുതെ ഇട്ടിരിക്കുന്നവർക്കും ആവേശം പകരുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. അരിയും പച്ചക്കറിയും ഉണ്ടാക്കുന്നതിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ അടുപ്പിക്കുകയാണ് കൃഷിമന്ത്രിയുടെ ലക്ഷ്യം.

തരിശുകിടക്കുന്ന മുഴുവൻ ഭൂമിയും മാപ്പിങ്ങിലൂടെ കണ്ടെത്തി അവിടങ്ങളിലെല്ലാം കൃഷിയിറക്കാനാണ് പദ്ധതി. ഒരിഞ്ചുകൃഷിഭൂമിപോലും കൈയേറാൻ ആരെയും അനുവദിക്കില്ല. കൈയേറ്റം നടന്ന ഭൂമി പിടിച്ചെടുത്ത്, കുടുംബശ്രീപോലുള്ള ഏജൻസികളുടെ സഹായത്തോടെ കൃഷിയിറക്കും. കേരളത്തിനാവശ്യമായ നെല്ല് ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. കാർഷകിമേഖലയെ തകർച്ചയിൽനിന്ന് കരകയറ്റും. നെൽകൃഷിക്ക് പ്രഥമപരിഗണന നൽകിയാകും പ്രവർത്തനം. 2008ലെ നെൽവയൽ സംരക്ഷണനിയമം കർശനമാക്കും. മുൻ എൽഡിഎഫ് സർക്കാരിന്റെകാലത്ത് എഴുപതുശതമാനം പൂർത്തീകരിച്ച ഡാറ്റാബാങ്ക് നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാക്കും. ഐഎസ്ആർഒയുടെ സഹായത്തോടെയാണ് ഡാറ്റാബാങ്ക് പൂർത്തിയാക്കുക.

ഇതോടെ കൃഷിഭൂമി നികത്താനാകാത്ത സ്ഥിതി ഉണ്ടാകും. തരിശുഭൂമി കണ്ടെത്തി രേഖപ്പെടുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കൃഷിവകുപ്പിലെയും സർവകലാശാലയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും കർഷകർക്കൊപ്പം കൃഷിവ്യാപനത്തിന് രംഗത്തിറങ്ങും. ജൈവകൃഷി സംവിധാനത്തിന് സർട്ടിഫിക്കേഷൻ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ കേരളമാകെ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കൃഷി മന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂർണ്ണമായും കൃഷി സെക്രട്ടറിക്കാകും. ഇത്തരമൊരു ജനകീയ പദ്ധതി ലക്ഷ്യമിട്ടാണ് രാജു നാരായണ സ്വാമിയെ കൃഷി വകുപ്പിൽ മന്ത്രി എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് രാജു നാരായണ സ്വാമിയെ വേണമെന്ന് സുനിൽകുമാർ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മാഫിയകളെ കൃഷി വകുപ്പിൽ നിന്ന് അകറ്റുകയെന്നതായിരുന്നു ലക്ഷ്യം.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി ഭൂമി കുംഭകോണങ്ങൾ നടന്നിരുന്നു. മെത്രാൻ കായൽ അഴിമതി അതിൽ പ്രധാനമായിരുന്നു. അതിന്റെ മുൻനിരയിൽ സമരം ചെയ്ത നേതാവായിരുന്നു സുനിൽുകമാർ. ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരത്തിലും പരിസ്ഥിതി സ്‌നേഹികൾക്ക് കരുത്തായി. അതുകൊണ്ട് തന്നെ കൃഷി മന്ത്രിയായി സുനിൽുകമാർ എത്തുമ്പോൾ മലയാളികൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്തു. അത് നിറവേറ്റുമെന്ന പ്രതീക്ഷയാണ് പുതിയ പദ്ധതി നൽകുന്നത്. മണ്ണിനെ സംരക്ഷിച്ച് ആഗോള താപനത്തെ തടയുകയെന്ന വലിയ സന്ദേശത്തിന്റെ പ്രസക്തി മനസ്സിലാക്കിയാണ് മന്ത്രിയുടെ ഇടപെടൽ. ബോധവൽക്കരണത്തിലൂടേയും മറ്റും പാടങ്ങളുടെ പ്രസക്തി ആളുകളിലേക്ക് പകർന്നു നൽുകം. കൃഷിയുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്.

ഇതിന് അനുയോജ്യമായ സ്ഥലങ്ങളുടെ ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയ്യാറാക്കും. അതിന് ശേഷം സ്ഥലം ഉടമകളുമായി ആശയവിനിമയം. കുടുംബ ശ്രീ പ്രവർത്തകരുടേയും തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ളവരേയും ഉപയോഗിച്ച് ഈ പാടങ്ങളിൽ കൃഷിയിറക്കും. ലാഭം സർക്കാരെടുക്കാതെ വസ്തു ഉടമയ്ക്കും കർഷകർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലെ പദ്ധതിയാകും തയ്യാറാക്കുക. കൃഷി ഇറക്കാൻ വേണ്ട സാങ്കേതിക സഹായങ്ങൾ സർക്കാർ നൽകും. സാമ്പത്തിക സഹായം കൊടുക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും സർക്കാർ ആരായും. പദ്ധതി തയ്യാറാക്കിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇടത് മുന്നണിയുടേയും അംഗീകാരത്തോടെ നടപ്പാക്കാനാണ് സുനിൽകുമാറിന്റെ പദ്ധതി. ഇടത് സർക്കാരിനെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മെത്രാൻകായലിലും ആറന്മുളയിലും സർക്കാർ ചെലവിലാകും കൃഷി ഇറക്കുക.

ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതിന് സമാനമായ വിപ്ലവമാകും ഇതിലൂടെ സർക്കാർ നടപ്പിലാക്കുകയെന്ന് കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അനുയോജ്യമായ കൃഷി സംരഭങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തിയുള്ള വിശദ റിപ്പോർട്ടാകും തയ്യാറാക്കുക. ഈ മാസം 17ന് മെത്രാൻ കായൽ പ്രദേശം മന്ത്രി സന്ദർശിക്കുകയും ചെയ്യും. കൃഷിയോഗ്യമായ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അതിനാലാണ് കൃഷി ഇറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി സുനിൽ കുമാർ വിശദീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാൻ കായലിൽ 378 ഏക്കർ നികത്താനുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പിന്നീട് പദ്ധതി വിവാദമായതോടെ യു.ഡി.എഫ് ഉത്തരവ് പിൻവലിക്കുകയായിരുന്നു. മെത്രാൻ കായൽ പ്രദേശത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കാൻ റക്കിൻഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ഇതിന്റെ 14 ഉപ സ്ഥാപനങ്ങൾക്കുമാണ് 378 ഏക്കർ നികത്താൻ അനുമതി നൽകിയത്. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷത്തോടെ 2007 മുതൽ തരിശുകിടക്കുന്ന നിലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നൽകിയത്. ഇതിന് സമാനമാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ വിവാദ സ്ഥലവും.

വിവാദമായ ഈ രണ്ട് സ്ഥലങ്ങളും കൃഷി ഭൂമി തന്നെയാണെന്നായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് എൽ.ഡി.എഫിന്റെ നിലപാട്. 2006-2011 എൽ.ഡി.എഫ് ഭരണകാലത്ത് വ്യവസായ വകുപ്പ് കൊണ്ടുവന്ന മെത്രാൻകായൽ പദ്ധതിയെ അന്നത്തെ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരന്റെ എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായ ഇടപെടലാണ് സുനിൽകുമാറും നടത്തുന്നത്. ഇതിനൊപ്പം ഭാവിയിൽ മെത്രാൻ കായൽ കൈയേറനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങൾ തരിശ് ഭൂമിയായി കിടക്കുന്നത് ഭൂമാഫിയയുടെ ഇടപെടലിന് കാരണമാകുമെന്നതാണ് തിരിച്ചറിവ്. കൃഷി ഭൂമിയാക്കി മ്ാറ്റിയാൽ അതിലേക്ക് പിന്നീടാർക്കും അവകാശം ഉന്നയിക്കാൻ കഴിയില്ല. ഈ മാതൃകയിൽ സർക്കാരിന് അർഹതപ്പെട്ട എല്ലാ ഭുമിയിലും കൃഷി സജീവമാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയാകും ഇത്.