- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുളിച്ചത് എന്ന് പറയാതെ ഉപ്പ് എന്ന പറഞ്ഞതിന് ഒരു പുലയ യുവാവിനെ തല്ലിക്കൊന്ന നാടായിരുന്നു കേരളം; പുലയ പെൺകുട്ടി പഞ്ചമിയെ സ്‌കൂളിൽ ചേർക്കാത്തതിനാണ് അയ്യൻകാളി ആദ്യമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്; ആചാരം ആയിരുന്നു ശരിയെങ്കിൽ ശ്രീനാരായണ ഗുരു എങ്ങനെ കണ്ണാടി പ്രതിഷ്ഠിക്കും; ഗാന്ധിജിയെ പുറത്തിരുത്തിയ മന ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസാണ്; ചരിത്രം പകരം ചോദിക്കാതെ കടന്നുപോയിട്ടില്ല; സുനിൽ പി ഇളയിടത്തിന്റെ വൈറലായ വീഡിയോ ഇങ്ങനെ
തിരുവനന്തപുരം: ആചാരങ്ങളെ നിരന്തരം മാറ്റിയും സാമൂഹിക പരിഷ്‌ക്കണത്തിനുള്ള ശ്രമങ്ങൾ നടത്തിയുമാണ് കേരളം വളർന്നതെന്ന് ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. പുളിച്ചത് എന്ന് പറയാതെ ഉപ്പ് എന്ന പറഞ്ഞതിന് ഒരു പുലയ യുവാവിനെ തല്ലിക്കൊന്ന നാടായിരുന്നു കേരളം. പുലയ പെൺകുട്ടി പഞ്ചമിയെ സ്‌കൂളിൽ ചേർക്കാത്തതിനാണ് അയ്യൻകാളി ആദ്യമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.ആചാരം ആയിരുന്നു ശരി എങ്കിൽ ശ്രീനാരായണ ഗുരു എങ്ങനെയാണ് കണ്ണാടി പ്രതിഷ്ഠിക്കുക. നിങ്ങളുടെ ഏതു തന്ത്ര വിധി അനുസരിച്ചാണ് കണ്ണാടി പ്രതിഷ്ഠ ആകുന്നത് .ഗാന്ധിജിയെ പുറത്തിരിത്തിയ മന ഇന്ന് വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസാണെന്നും സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു. നവമാധ്യമങ്ങളിൽ വൈറലായ സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം ഇങ്ങനെയാണ്: ചരിത്രം പകരം ചോദിക്കാതെയൊന്നും കടന്നു പോയിട്ടില്ല. ശബരിമലയിൽ പരമോന്നത കോടതിയുടെ വിധി വന്നിട്ടും ആദ്യത്തെ അഞ്ചു ദിവസം ആരും കയറിയില്ലല്ലോ എന്നത് വലിയൊരു ഹുങ്ക് ആയി ആരും കരുതണ്ട. മനുഷ്യർ തീർച്ചയായും മുന്ന
തിരുവനന്തപുരം: ആചാരങ്ങളെ നിരന്തരം മാറ്റിയും സാമൂഹിക പരിഷ്‌ക്കണത്തിനുള്ള ശ്രമങ്ങൾ നടത്തിയുമാണ് കേരളം വളർന്നതെന്ന് ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. പുളിച്ചത് എന്ന് പറയാതെ ഉപ്പ് എന്ന പറഞ്ഞതിന് ഒരു പുലയ യുവാവിനെ തല്ലിക്കൊന്ന നാടായിരുന്നു കേരളം. പുലയ പെൺകുട്ടി പഞ്ചമിയെ സ്‌കൂളിൽ ചേർക്കാത്തതിനാണ് അയ്യൻകാളി ആദ്യമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.ആചാരം ആയിരുന്നു ശരി എങ്കിൽ ശ്രീനാരായണ ഗുരു എങ്ങനെയാണ് കണ്ണാടി പ്രതിഷ്ഠിക്കുക. നിങ്ങളുടെ ഏതു തന്ത്ര വിധി അനുസരിച്ചാണ് കണ്ണാടി പ്രതിഷ്ഠ ആകുന്നത് .ഗാന്ധിജിയെ പുറത്തിരിത്തിയ മന ഇന്ന് വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസാണെന്നും സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു.
നവമാധ്യമങ്ങളിൽ വൈറലായ സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം ഇങ്ങനെയാണ്:
ചരിത്രം പകരം ചോദിക്കാതെയൊന്നും കടന്നു പോയിട്ടില്ല. ശബരിമലയിൽ പരമോന്നത കോടതിയുടെ വിധി വന്നിട്ടും ആദ്യത്തെ അഞ്ചു ദിവസം ആരും കയറിയില്ലല്ലോ എന്നത് വലിയൊരു ഹുങ്ക് ആയി ആരും കരുതണ്ട. മനുഷ്യർ തീർച്ചയായും മുന്നോട്ടു പോകും. അത് ചിലപ്പോ കോടതി വിധിയിലൂടെയാകാം, സാമൂഹ്യ പരിഷ്‌ക്കാരങ്ങളിലൂടെയാകാം.
ആചാരം ആയിരുന്നു ശരി എങ്കിൽ ശ്രീനാരായണ ഗുരു എങ്ങനെയാണ് കണ്ണാടി പ്രതിഷ്ഠിക്കുക. നിങ്ങളുടെ ഏതു തന്ത്ര വിധി അനുസരിച്ചാണ് കണ്ണാടി പ്രതിഷ്ഠ ആകുന്നത് ? നിങ്ങളുടെ ഏതു തന്ത്ര വിധിയിൽ ആണ് സത്യം, ധർമം, ദയ, ശാന്തി എന്നീ നാലു വാക്ക് എഴുതി അതാണ് വിഗ്രഹം എന്ന് പറയാൻ വ്യവസ്ഥയുള്ളത്? ഗുരു ഉണ്ടാക്കിയ ഈ ദൈവ സങ്കൽപ്പത്തിൽ തന്ത്രവിധിയില്ല ബ്രാഹ്മണ്യവുമില്ല.അയ്യാവൈകുണ്ഠൻ എല്ലാവരും തലയിൽ കെട്ടഴിച്ച്, മുണ്ടഴിച്ചു, കുനിഞ്ഞു നിന്ന് ദൈവത്തെ തൊഴണം, താഴ്ന്ന ജാതിക്കാർ ദൈവത്തെ തൊഴുതേ കൂടാ എന്നാചാരം നിലനിന്നിരുന്ന കാലത്ത് ആണ് തലയിൽ കെട്ടോടു കൂടി ദൈവത്തെ തൊഴണം എന്ന് ആഹ്വാനം ചെയ്തത്,
അയ്യങ്കാളിയെ നോക്കൂ, പഞ്ചമിയെ സ്‌കൂളിൽ ചേർക്കാൻ കൊണ്ട് ചെന്നു. പഞ്ചമിക്ക് സ്‌കൂളിൽ ചേരാനും പഠിക്കാനും രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നു. സുപ്രീം കോടതി വിധി പോലെ ഒരു ഉത്തരവ്. പക്ഷെ അന്നും ഇതേ ജാതി പ്രമാണിമാരും, സവർണ മാടമ്പിമാരും ചേർന്ന് പറഞ്ഞു 'പെലയ കുട്ടികളെ പഠിപ്പിക്കാൻ പറ്റില്ല'. ഒരുപാട് ബഹളങ്ങളൂം, വാഗ്വാദങ്ങളും നടന്നു. ഒടുവിൽ അയ്യങ്കാളി കേരള ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. അദ്ദേഹം പറഞ്ഞു ''ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങൾ കൊയ്യില്ല''. ഒന്നരക്കൊല്ലം തരിശു കിടന്നു, അങ്ങനെയാണ് പെലയ സമുദായത്തിലെ കുട്ടികൾ സ്‌കൂളിൽ പ്രവേശിച്ചത്. അല്ലാതെ ഒരു സവർണ തമ്പുരാക്കന്മാരുടെയും ഔദാര്യം കൊണ്ടല്ല അവകാശങ്ങൾ നേടിയെടുത്തത്. അയ്യങ്കാളിയുടെ സമരവീര്യം കൊണ്ടാണ്.
എത്ര എത്ര സമരങ്ങൾ മാറ് മറയ്ക്കൽ, കല്ല് മാല ധരിക്കൽ... താണ ജാതിയിലെ സ്ത്രീകൾ നിർബന്ധമായും കല്ല് മാല ധരിക്കണം എന്നൊരാചാരം ഇവിടെ ഉണ്ടായിരുന്നു. വഴി നടക്കാൻ അവകാശം ഇല്ലാത്ത ഒരു വിഭാഗം ഈ രാജ്യത്ത് ഉണ്ടായിരുന്നു. 'പറയന്മാർ' അവർക്കു പകൽ വെളിച്ചത്തിൽ ഇറങ്ങി നടന്നു കൂടാ. പൊന്തക്കാടുകൾക്കിടയിലൂടെ നൂണ്ടു നൂണ്ടു ഒളിച്ചു നടന്നിരുന്ന ലക്ഷോപലക്ഷം മനുഷ്യർ ഈ രാജ്യത്ത് ഉണ്ടായിരുന്നു. ഇതൊന്നും സഹസ്രാബ്ദങ്ങൾക്കു മുൻപല്ല ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്.
പത്തൊൻപതാം നൂറ്റാണ്ടിലാണ് പുളിച്ചത് എന്ന് പറയാതെ ഉപ്പ് എന്ന് പറഞ്ഞതിന് ഒരു പെലയ യുവാവിനെ തല്ലി കൊന്നത്. ഭാസ്‌കര ഉണ്ണി തന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട് ഈ സംഭവം. അവിടെ നിന്നും ആണ് നാം ഇന്നത്തെ അവസ്ഥയിൽ എത്തി ചേർന്നിരിക്കുന്നത്. അങ്ങനെ ആചാരങ്ങളെ ലംഘിച്ചു ലംഘിച്ചു ആണ് നമ്മൾ ഇവിടെ വരെ എത്തിയത്. അതിന്റെ പേരാണ് നവോത്ഥാനം.
ഹിന്ദുത്വവാദികൾക്ക് ഇതൊന്നും അറിയാൻ സാധ്യത ഇല്ല കാരണം അവർ നവോത്ഥാനത്തിൽ എവിടെയും ഉണ്ടായിരുന്നില്ല, സ്വതന്ത്ര സമരത്തിൽ എവിടെയും നാം അവരെ കണ്ടിട്ടില്ല.ആചാരങ്ങളുടെ ബലത്തിലല്ല അതിനെ വെല്ലുവിളിക്കാനും, മറി കടക്കാനും ശേഷിയുള്ള മനുഷ്യരുടെ ആത്മവീര്യത്തിന്റെയും സഹനത്തിന്റെയും ഫലത്തിലാണ് കേരളം ഇങ്ങനെ മുന്നേറ്റം കൈവരിച്ചത്.