കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ കാലടി സർവകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിം ബോർഡ് അക്രമികൾ നശിപ്പിച്ചു. വാതിലിന് മുന്നിൽ കാവിനിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണനചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സുനിൽ പി. ഇളയിടത്തിന് നേരേ വധഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഓഫീസിന് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.

സംഭവത്തിൽ സർവകലാശാല അധികൃതർ പൊലീസിൽ പരാതി നൽകി. നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സുനിൽ പി. ഇളയിടത്തിന് നേരേ വധഭീഷണിയുണ്ടായത്. അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ ഇയാളെ കണ്ടാൽ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നായിരുന്നു ആഹ്വാനം.

ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ആർ എസ്എസിൻെ വധഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നു. ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയുമെന്നാണ് സുനിൽ പി ഇളയിടത്തിനെതിരെയുള്ള ഭീഷണി. സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഇളയിടത്തിനെതിരെ ആർഎസ്എസ് പ്രവർത്തകൾ വധഭീഷണികൾ മുഴക്കിയിരുന്നത്.

ആർഎസ് എസ് അനുകൂല ഫേസ്‌ബുക്ക് പേജുകളിലൂടെ ആർഎസ് എസ്പ്രവർത്തകരാണ് ഭീഷണിപ്പെടുത്തിയത്. സുനിൽ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞു കൊല്ലാണമെന്നും ആർഎസ്എസ് പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.ഏതാനും മാസങ്ങളായി തനിക്ക് ഫോണിലൂടെ വധഭീഷണി വരുന്നതായാണ് ഇളയിടം പറഞ്ഞിരുന്നു. മരിക്കാൻ ഭയമുള്ളവർക്ക് നേരെയല്ലേ ഭീഷണി വിലപ്പോവുകയുള്ളു എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

സംഘപരിവാർ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. ഭയപ്പെടുത്തുകയുമില്ല. അത് ഞാൻ അതിധീരനായതു കൊണ്ടല്ല. അവർക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോദ്ധ്യം കൊണ്ടു മാത്രം'- സുനിൽ പി.ഇളയിടം വ്യക്തമാക്കിയിരുന്നു.

കാലടി സംസ്‌കൃത സർവകലാശാലയിലുള്ള തന്റെ ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടതിനെതിരെ സുനിൽ പി. ഇളയിടം. തന്നെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. സംഘ പരിവാറിന്റെ സ്ഥിരം ഭീഷണിയുടെ സ്വഭാവം തന്നെ ആണ് ഈ ആക്രമണത്തിനെന്നും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സംഘപരിവാർ സംഘടനകൾക്കെതിരെ നിലപാടെടുത്ത പ്രഭാഷകനും അദ്ധ്യാപകനും വാഗ്മിയുമായ ഡോ.സുനിൽ പി. ഇളയിടത്തിന്റെ കാലടി സംസ്‌കൃത സർവകലാശാലയിലുള്ള ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.