- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും തളരാതെ പോരാടി; ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനുമെതിരെ പ്രതിഷേധമുയർത്തിയ പ്രജ്വലയുടെ സാരഥി: ആന്ധ്രാപ്രദേശ് സർക്കാർ നാമനിർദ്ദേശം ചെയ്തു പത്മ പുരസ്‌കാരം നേടിയ സുനിത കൃഷ്ണനെ അറിയാം
ന്യൂഡൽഹി: പതിനഞ്ചാം വയസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വ്യക്തിയാണ് പാലക്കാടു സ്വദേശിയായ സുനിത കൃഷ്ണൻ. എന്നാൽ, തന്നെ വെറും ഒരു ഇരയായി തളച്ചിടാൻ കൂട്ടാക്കാതെ അതിക്രമങ്ങൾക്കെതിരെ പോരാടാൻ തന്നെയായിരുന്നു സുനിതയുടെ തീരുമാനം. ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനുമെതിരെ പോരാടി ലോകം തന്നെ അറിയുന്ന ഒരു സാമൂഹ്യപ്രവർത്തകയായി മാറി സുനിത
ന്യൂഡൽഹി: പതിനഞ്ചാം വയസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വ്യക്തിയാണ് പാലക്കാടു സ്വദേശിയായ സുനിത കൃഷ്ണൻ. എന്നാൽ, തന്നെ വെറും ഒരു ഇരയായി തളച്ചിടാൻ കൂട്ടാക്കാതെ അതിക്രമങ്ങൾക്കെതിരെ പോരാടാൻ തന്നെയായിരുന്നു സുനിതയുടെ തീരുമാനം.
ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനുമെതിരെ പോരാടി ലോകം തന്നെ അറിയുന്ന ഒരു സാമൂഹ്യപ്രവർത്തകയായി മാറി സുനിത പിന്നീട്. പത്മശ്രീ പുരസ്‌കാരം ലഭിക്കുമ്പോൾ രാജ്യം തന്നെ ഈ വ്യക്തിത്വത്തെ അംഗീകരിക്കുകയാണു ചെയ്തിരിക്കുന്നത്.
മലയാളിയാണെങ്കിലും ആന്ധ്രാപ്രദേശ് നാമനിർദ്ദേശം ചെയ്തവരുടെ കൂട്ടത്തിൽ നിന്നാണു സുനിതയ്ക്കു പത്മ പുരസ്‌കാരം ലഭിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ പാലക്കാട്ടുകാരി തുടക്കം കുറിച്ച 'ഷെയിം ദി റേപ്പിസ്റ്റ്' ക്യാംപയിൻ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ് സുനിത.
പാലക്കാട് സ്വദേശിയായ സുനിതയുടെ പഠനം ബാംഗ്ലൂരിലായിരുന്നു. പതിനഞ്ചാം വയസ്സിൽ കൂട്ടബലാത്സംഗത്തിനും ഇരയായി. എന്നാൽ, ആ സംഭവത്തിൽ തളരാതെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങൾക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു.
ബംഗളൂരുവിൽ 1996ൽ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ലൈംഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കാനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തി.
മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയിൽ ഏർപ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവർത്തനം നടത്തുന്നു. ഇതിനായാണു പ്രജ്വല എന്ന സംഘടനയ്ക്ക് സുനിത രൂപംകൊടുത്തത്.
വേശ്യാലയങ്ങളിൽനിന്ന് പെൺകുട്ടികളെ വിദ്യാഭ്യാസവും ജോലിയും നൽകി രക്ഷപ്പെടുത്തുന്നതിനൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന 'പ്രജ്വല'യ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സുനിത ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിനിന് തുടക്കമിട്ടത്. കൂട്ടബലാത്സംഗം നടത്തുന്നതിനിടെ ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന അഞ്ചുപേരുടെ വീഡിയോ സുനിത യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ബലാത്സംഗം ചെയ്യുന്നവരെ അവഹേളിക്കുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ക്യാംപയിൻ. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന അഞ്ചുപേരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു തുടക്കം. ഇതിൽ പ്രകോപിതരായ അക്രമികൾ സുനിതയുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു.
സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി നിർമ്മിച്ച 'എന്റെ' എന്ന ചലച്ചിത്രം ഭർത്താവും ചലച്ചിത്ര പ്രവർത്തകനുമായ രാജേഷ് ടച്ച്‌റിവർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013ൽ പുറത്തിറക്കിയിരുന്നു. ആന്ധ്രപ്രദേശിൽ താമസമായിക്കിയ സുനിത ആന്ധ്ര വനിതാ കമ്മീഷൻ അംഗം കൂടിയാണ്.
2002ൽ കേന്ദ്ര സർക്കാരിന്റെ അശോക ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സുനിതക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങളിൽ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുവർക്ക് യുഎൻ നൽകുന്ന പെർഡിറ്റ ഹുസ്റ്റൺ പുരസ്‌കാരം 2006ൽ സുനിതയ്ക്ക് ലഭിച്ചിരുന്നു. 2011ലെ ഇന്ത്യാവിഷൻ പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌കാരവും അന്തർദേശീയ സംഘടനയായ ഹ്യൂമൻ സിംഫണി ഫൗണ്ടേഷന്റെ 2013 ലെ ലിവിങ് ലെജൻഡ് അവാർഡും നേടിയിട്ടുണ്ട്.