മുകൾ നിലയിൽ വിദ്യാഭ്യാസ സ്ഥാപനവും താഴെ മദ്യശാലയുമുള്ള ലോകത്തിലെ ഏക സ്ഥാപനം ഏതെന്നറിയാമോ? തിരുവനന്തപുരം പ്രസ് ക്ലബ്!!! ആർക്കും ഒരു പരാതിയുമില്ല. ആദ്യം അടപ്പിക്കേണ്ടത് ഈ ബാറാണ്...അല്ലേ? ശ്രീ പിഎം മനോജ്? മദ്യ നിരോധന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ സുനിത ദേവദാസ് എന്ന 'മാദ്ധ്യമം' ലേഖിക ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പിഎം മനോജിനോട് ചോദിച്ച ചോദ്യമാണിത്.

പുതുപ്പള്ളിയിലെയും കോട്ടയത്തെയും കള്ബ്ബുകളിൽ മദ്യം വിളമ്പുന്നത് തടയാൻ ഉള്ള തണ്ടെല്ല് ഉമ്മൻ ചാണ്ടിക്കുണ്ടോ എന്ന മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയായിരുന്നു സുനിതാ ദേവദാസിന്റെ ചോദ്യം. ഈ ചോദ്യം അനേകം പേരുടെ ഉറക്കം കെടുത്തി. തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ അനധികൃതമായി പ്രവർത്തിപ്പിക്കുന്ന ബാറിനെക്കുറിച്ചുള്ള വിവരം പൊതുചർച്ചയായതോടെ ഒട്ടുമിക്ക പത്രപ്രവർത്തകരുടേയും യഥാർത്ഥ ഉള്ളിലിരുപ്പ് പുറത്ത് വരികയായിരുന്നു. പ്ലസ് ക്ലബ്ബിലെ അനധികൃത ബാറിലെ സ്ഥിരം സന്ദർശകർ ഒത്തൊരുമിച്ച് രംഗത്ത് വന്നതോടെ തലസ്ഥാനത്തെ പത്രപ്രവർത്തകർക്കിടയിൽ പ്രധാന ചർച്ചാ വിഷയമാണ് കുറേദിവസമായി ഈ സംഭവം.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിൽ അനധികൃത മദ്യശാല പ്രവർത്തിക്കുന്നു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്‌മെന്റുകളും ഉള്ള ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ബിവറേജസ് കോർപ്പറേഷനിൽ നിന്നും വാങ്ങുന്ന മദ്യമാണ് ഇവിടെ വിതരണം ചെയ്യുന്നത്. പ്രസ് ക്ലബ്ബിൽ അംഗത്വം ഉള്ള ആർക്കും ഇവിടെ കയറി മദ്യം കഴിക്കാം. എന്നാൽ വൈകുന്നേരം ചില നിയന്ത്രണങ്ങൾ ഒക്കെയുണ്ട്. മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് പ്രത്യേക ഇരിപ്പിടം വരെയുണ്ടത്രേ. അവിടെ കയറിയിരിക്കാൻ ശ്രമിച്ച താരതമ്യേനെ ജൂനിയറായ പലരേയും ബാറിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. സിൻഡിക്കേറ്റ് ജേർണലിസത്തിന്റെ ഉറവിടം ഈ ബാർ തന്നെയാണ് എന്ന് ചിലർ ആരോപിച്ചിട്ടുണ്ട്.

പത്രപ്രവർത്തകൻ എന്ന ആനുകൂല്യം കൈപ്പറ്റാനും അക്രഡിറ്റേഷനും മറ്റും സംഘടിപ്പിക്കാനും മാത്രമായി തല്ലിക്കൂട്ടി ഉണ്ടായക്കിയിട്ടുള്ള ചില പ്രാദേശികസായാഹ്ന പത്രങ്ങളുടെ പ്രതിനിധികൾ എല്ലാ സമയത്തും ഈ ബാറിൽ തന്നെയാണ് കഴിയുന്നത് എന്ന ആരോപണവും ഉണ്ട്. ഇവരിൽ ചിലർ മദ്യപിച്ച ശേഷം പ്രസ് ക്ലബ് ഹാളിൽ വന്നിരിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നു എന്നു ചില ജേർണലിസ്റ്റ് വിദ്യാർത്ഥികൾ മുമ്പ് തന്നെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പൊലീസ് പ്രതിചേർത്ത ഇത്തരം ഒരു പത്രക്കാരൻ ഒളി സങ്കേതമായി വർഷങ്ങളോളം ഇവിടെ തിരഞ്ഞെടുത്തിരുന്നതായി ഏതാനും വർഷങ്ങൾ മുൻപ് ആരോപണം ഉയർന്നിരുന്നു. ഇവിടെ കയറി പരിശോധന നടത്താൻ ഒരു പൊലീസും ധൈര്യം കാട്ടില്ല എന്ന ഉറപ്പാണ് ഇതിന്റെ കാരണം.

ഈ മദ്യശാലയുടെ മുകളിലത്തെ നിലയിലാണ് തലസ്ഥാനത്തെ മിക്ക പത്രപ്രവർത്തകരും പഠിച്ചുവളർന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം സ്ഥിതി ചെയ്യുന്നത്. പ്രമുഖരായ പത്രക്കാരുമായി ബന്ധമുള്ള ചില വിദ്യാർത്ഥികൾക്കും ഇവിടെ പ്രവേശനം നൽകാറുണ്ടത്രേ. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കും എന്ന സൗകര്യം ആണ് പലരേയും ഇതിലേക്ക് ആകർഷിച്ചത്. പഞ്ച നക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കിയുള്ള ബാറുകൾ അടച്ച് പൂട്ടപ്പെടുന്നതോടെ തലസ്ഥാനത്തെ പത്രപ്രവർത്തകർക്ക് ചേക്കേറാനുള്ള ഏക ഇടമാണ് ഈ അനധികൃതബാർ, ഇതിന്റെ കടക്കൽ തന്നെ ഒരു പ്രവർത്തക കത്തി വച്ചതിന്റെ രോഷമാണ് മിക്കവരുടെയും പ്രതികരണങ്ങളിൽ.

കേരളത്തിലെ സർവ്വ നേതാക്കളും പലതവണ കയറി ഇറങ്ങുന്ന തലസ്ഥാനത്തെ പ്രസ്സ് ക്ലബ്ബിലെ ഈ അനധികൃത മദ്യ വില്പന ശാലയെക്കുറിച്ച് ഇതുവരെ ആരും അറിഞ്ഞതായി നടിച്ചിട്ടില്ല. മദ്യ വർജനത്തിന്റെ അപ്പോസ്തലനായി വി എം സുധീരൻ പോലും അനേകം തവണ ഈ മദ്യശാലയ്ക്ക് മുൻപിലൂടെ പടികയറിയാണ് പത്രസമ്മേളനങ്ങളിലേക്ക് പോയിട്ടുള്ളത്. ആഭ്യന്തരമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എന്തിനേറെ മുഖ്യമന്ത്രിക്കും വരെ ഇത് വ്യക്തമായി അറിവായിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ചില മാദ്ധ്യമ പ്രവർത്തകർ എങ്കിലും ഇതിനോട് വിയോജിച്ചിട്ടുണ്ടെങ്കിലും പുറം ലോകം ഇതുവരെ അറിഞ്ഞില്ല. ഇങ്ങനെ കെട്ടിയുണ്ടാക്കിയ കോട്ടയാണ് മാദ്ധ്യമത്തിൻറെ ലേഖിക പെട്ടെന്ന് പൊട്ടിച്ച് കളഞ്ഞത്. മറുനാടൻ മലയാളുടെ മുൻ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ആയിരുന്ന സുനിത ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാദ്ധ്യമത്തിൻറെ തിരുവനന്തപുരം ലേഖികയായി ജോലിയിൽ പ്രവേശിച്ചത്.

എല്ലാവർക്കും അറിയാവുന്ന എന്നാൽ ആരും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത അരമന രഹസ്യം പുറത്ത് വന്നതിനോട് കലിപൂണ്ട ഒരു സംഘം പത്രപ്രവർത്തകർ സുനിതയുടെ പോസ്റ്റിന് കീഴിൽ തെറിവിളിയുമായി പെട്ടന്ന് അണി നിരന്നു. മഹാത്മാഗാന്ധിക്ക് മദർതെരേസയിൽ പിറന്ന മകളാണോ സുനിതാ ദേവദാസ് എന്ന ചോദ്യം ഉന്നയിച്ച് പ്രസ് ക്ലബ് ബാറിലെ ചില പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെയാണ് ചർച്ചകൾക്ക് ചൂട് പിടിച്ചത്. കുടുംബത്തിൽ ഒരാൾ വീട്ടിലെ അടുക്കളയിലിരുന്നു കള്ള് കുടിച്ചാൽ കുടുംബം ബാർ ആണെന്ന് പറയാൻ പറ്റില്ല ഇതായിരുന്നു ഒരു പത്രപ്രവർത്തകന്റെ ന്യായീകരണം. ചില പഴങ്ങൾ ആവശ്യത്തിന് വളർച്ച എത്താതെ പഴുക്കും... ആ പഴങ്ങൾ ഇങ്ങനെയാ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ എല്ലാം കയറി അഭിപ്രായം കാച്ചും.... ഇതുപോലെ വേറൊരു ചുവന്ന പഴമുണ്ടായിരുന്നു. അവസാനം പറഞ്ഞു പറഞ്ഞ് തലസ്ഥാനത്തെ ഒരു കിടിലൻ നേതാവിനെ പെട്ടിയെടുപ്പുകാരെനെന്നു വിളിച്ചു... അവസാനം പണി കിട്ടി.. ഇപ്പോൾ ആവിയുമില്ല അനക്കോമില്ല... ബിവറേജിൽ നിന്നു സീസർ വാങ്ങി വീ്ട്ടിലിരുന്നു ഒറ്റയ്ക്കടിയാ ഇതായിരുന്നു വേറൊരു മാദ്ധ്യമപ്രവർത്തകൻ സുനിതയ്ക്ക് നേരെ ഉയർത്തിയ ആരോപണം.

 ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടനയിലും ഫെഡറൽ സംവിധാനത്തിലും വിശ്വാസമില്ലെന്നും സർക്കാർ ജോലിയിൽ പ്രവേശിക്കില്ലെന്നും പറയുന്ന ജമാഅത്ത് ഇസ്ലാമിക്കെതിരെ മോൾ ആദ്യം പോസ്റ്റിട്. എന്നിട്ട് മതി പ്രസ്‌ക്ലബിന്റെ നേരെ ഉറഞ്ഞ് തുള്ള്. എന്താ ധൈര്യമുണ്ടോ? ചെമ്മീൻ ചാടീയാല് മുട്ടോളം... വേറൊരു മാദ്ധ്യമ പ്രവർത്തകന്റെ ധാർമ്മിക രോഷം ഇങ്ങനെ പൊട്ടിയൊഴുകി. എന്നാൽ പത്രക്കാർക്ക് ചുട്ട മറുപടിയുമായി പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലേയും കുടിയന്മാർ ചേർന്ന് ഒരു മുറി വാടകയ്ക്ക് എടുത്ത് കുടുംബമായി പ്രഖ്യാപിച്ചാൽ നിങ്ങൾ പത്രക്കാർ വെറുതേ വിടുമോ എന്ന ചോദ്യമാണ് ചിലർ ഉന്നയിച്ചിരിക്കുന്നത്. പട്ടാളക്കാരൻ അവന്റെ കോട്ട ആർക്കെങ്കിലും കൊടുത്താൽ ഒളിക്യാമറ വച്ച് വാർത്ത ഉണ്ടാക്കുകയും ഓട്ടോറിക്ഷക്കാർ പൈന്റ് കൈമാറിയാൽ അനധികൃത മദ്യകച്ചവടമാക്കി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പത്രക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണ് എന്ന വാദം ശക്തമായിക്കഴിഞ്ഞു.

ഈ അനധികൃത മദ്യശാലയ്‌ക്കെതിരെ ശബ്ദം ഉയർത്തിയിട്ടുള്ള അപൂർവ്വം പത്രക്കാരിൽ ഒരാളും ഒരിക്കലും ഈ ബാറിൽ നിന്നും മദ്യം കഴിച്ചിട്ടില്ലാത്ത ആളുമായ മനോജിനെ തന്നെ എന്തുകൊണ്ടാണ് സുനിത ചോദ്യം ചോദിക്കാനുള്ള ആളായി തിരഞ്ഞെടുത്തത് എന്നതായിരുന്നു ചിലർ ഉയർത്തിയ ചോദ്യം. ക്ലബ്ബുകളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ധൈര്യം കാട്ടുമോ എന്ന ചോദ്യം ചോദിച്ചത് മനോജ് ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ കാരണമായതെന്ന് സുനിത പറയുന്നു. അതിനെന്തായാലും സുനിതയുടെ വാദത്തെ പിന്തുണച്ചുകൊണ്ട് മനോജും രംഗത്ത് വന്നു. "ഒരു ഭാഗത്ത് 'മദ്യ നിരോധന'ത്തിന്റെ അപ്പോസ്തലന്മാരാവുകയും ഗാന്ധിജിയുടെയും കേളപ്പന്റെയും ലേഖനങ്ങൾ തപ്പിയെടുത്ത് പ്രസിദ്ധീകരിക്കുകയും മദ്യ വിരോധ പ്രസംഗം നടത്തുകയും ചെയ്യുന്നവർ തന്നെ വൈകീട്ടാകുമ്പോൾ മദ്യപാനത്തിന് എത്തി എന്ന് വരാം. അത് അവരുടെ കാപട്യമായല്ല, തൊഴിലിനോടുള്ള കൂറായാണ് കാണേണ്ടത്. അത്തരക്കാർ തന്നെ സ്വന്തം കൂടപ്പിറപ്പായ വനിതാ മാദ്ധ്യമ പ്രവർത്തക മദ്യവിരോധ പോസ്റ്റുമായി എത്തുമ്പോൾ പരിഹസിക്കരുത്. ആക്ഷേ
പിക്കയുമരുത്. നിങ്ങൾക്ക് സങ്കേതം നടത്താനുള്ള 'അവകാശ' ത്തിന്റെ പത്തിലൊന്നെങ്കിലും സുനിതയ്ക്ക് അഭിപ്രായം പറയാന് ഉണ്ട് എന്ന് മനസ്സിലാക്കി ഇടപെടണം" ഇതായിരുന്നു മനോജിന്റെ പോസ്റ്റ്.

ഈ വെല്ലുവിളികൾ ഏറ്റെടുത്ത് സുനിതയും സജീവമായി രംഗത്തുണ്ട്. 'ഒഴുക്കിനെതിരെ നീന്താൻ കുറച്ച് ചങ്കൂറ്റം വേണം. അങ്ങനെയുള്ളവരെ അംഗീകരിക്കാൻ വ്യക്തിത്വം വേണം. കൂട്ടത്തിൽ പാടാൻ ഇതൊന്നും വേണ്ട. നാണവും മാനവുമില്ലാതിരുന്നാൽ മാത്രം മതി. ഒരാൾ വീണാൽ ആദ്യം ചവിട്ടുക ആരാണ്? കൂട്ടത്തിലുള്ളവർ തന്നെ. ഏറ്റവും നല്ല വ്യക്തി ആരാണ്? സ്വന്തമായി അഭിപ്രായം ഇല്ലാത്തവരും കൂട്ടത്തിൽ പാടുന്നവരും സ്തുതിപാഠകരും. ഏറ്റവും നല്ല സ്ത്രീ?ഏറ്റവും അനുസരണയുള്ളവൾ, വ്യക്തിത്വമില്ലാത്തവൾ, അഭിപ്രായങ്ങളില്ലാത്തവൾ, ഉണ്ടെങ്കിലും പറയാത്തവൾ എന്നു വച്ചാൽ വെറും പെണ്ണ്. ഏറ്റവും നല്ല സഹപ്രവർത്തകർ? ഒരു കാര്യത്തിലും കൂടെയുള്ളവരെ കടത്തിവെട്ടാത്തവർ നിർഗുണപരബ്രഹ്മം' ഇങ്ങനെയായിരുന്നു സുനിതയുടെ പിന്നീടുള്ള പ്രതികരണം.

എന്തായാലും സുനിതയുടെ കലാപം തലസ്ഥാനത്തെ പത്രക്കാരുടെ കള്ളുകുടി മുട്ടിക്കുമെന്നാണ് സൂചന. ചില പത്രപ്രവർത്തകർ തന്നെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ശ്രദ്ധയിൽ ഇത് പെടുത്തിയെന്നും കൂടുതൽ വിശദാംശങ്ങൾ സുധീരൻ തേടിയിട്ടുണ്ട് എന്നും സൂചനയുണ്ട്. ബാറുകൾ അടച്ച് പൂട്ടുന്ന സാഹചര്യത്തിൽ പത്രക്കാർക്ക് മദ്യപിക്കാൻ ഇടമില്ലാത്ത സാഹചര്യം കൂടി ഉണ്ടാകുമോ എന്ന ഭയാശങ്കയിലാണ് വൈകുന്നേരങ്ങളിൽ മദ്യം ശീലമാക്കിയ പത്രപ്രവർത്തകർ എന്നാണ് റിപ്പോർട്ട്.