തിരുവനന്തപുരം: കേരളത്തിലെ മാദ്ധ്യമങ്ങൾ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഏതെന്ന് ചോദിച്ചാൽ, അത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ അടക്കമുള്ളവർ ആരോപണ വിധേയരായ കേസ് സരിത എസ് നായർ എന്ന യുവതിയെ ചുറ്റിപ്പറ്റിയായിരുന്നു. മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ അടക്കം സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണം പലഘട്ടങ്ങളിൽ ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ സരിത തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖ ഇന്നലെ റിപ്പോർട്ടർ ചാനലിലൂടെ പുറത്തുവന്നിരുന്നു. മറുനാടൻ മലയാളിയിലെ മുൻ ലേഖിക കൂടിയായ സുനിത ദേവദാസാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സരിതയുടെ വെളിപ്പെടുത്തലുകൾ റെക്കോർഡ് ചെയ്ത് പുറം ലോകത്തെ അറിയിച്ചത്.

സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ പെൺവാണിഭ സംഘത്തെ പോലെ പ്രവർത്തിക്കുന്നു എന്ന വെളിപ്പെടുത്തലായിരുന്നു സുനിതയെന്ന മാദ്ധ്യമപ്രവർത്തകയുടെ ബുദ്ധിയിലൂടെ കേരളം അറിഞ്ഞത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വെൡപ്പെടുത്തൽ യുഡിഎഫിന് മൊത്തത്തിൽ തിരിച്ചടിയാകുകയും ചെയ്തു. ഒരു തട്ടിപ്പു കേസ് എന്നതിൽ ഉപരിയായി ഒരു വാണിജ്യ ആവശ്യത്തിന് എത്തുന്ന സ്ത്രീയെ എങ്ങനെയാണ് അധികാരത്തിന്റെ ഭ്രമത്തിൽ അഭിരമിക്കുന്ന മന്ത്രിമാർ ചൂഷണം ചെയ്യുന്നത് എന്ന വ്യക്തമാക്കുന്നതിനാണ് സരിതയുടെ വെളിപ്പെടുത്തൽ അടങ്ങിയ ശബ്ദരേഖ പുറത്തുവിടാൻ സുനിതയെ പ്രേരിപ്പിച്ചത്. ഇതിന്റെ പേരിൽ സൈബർ ലോകത്ത് ഇപ്പോൾ അവരെ അധിക്ഷേപിക്കുന്ന വിധത്തിലാണ് കോൺഗ്രസ് പ്രവർത്തരുടെ വെല്ലുവിളികൾ.

ഒരു മന്ത്രിസഭയുടെ മുഴുവൻ നാണം കെട്ട കഥകൾ പുറത്തുവന്നിട്ടും അതിനെ കുറിച്ച് സംസാരിക്കാതെ മറിച്ച് ഇത് പൊതുജനസമക്ഷം കൊണ്ടുവന്നു എന്ന കാരണത്താൽ (പ്രത്യേകിച്ച്, ഒരു വനിതാ മാദ്ധ്യമപ്രവർത്തക ആയതിനാൽ) അവരെ അധിക്ഷേപിക്കുകയാണ് ഭരണാനുകൂലികൾ. പറ്റുമെങ്കിൽ രാഷ്ട്രീയക്കാരുമായി സന്ധിചെയ്ത് നേട്ടങ്ങൾ നേടിയെടുക്കാൻ തുനിയുന്ന മാദ്ധ്യമപ്രവർത്തകർക്കിടയിൽ സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തക വ്യത്യസ്തയാകുന്നത് ഇവിടെയാണ്. ഒരു മന്ത്രിസഭ മൊത്തം തനിക്ക് എതിരായി തിരിയുമെന്നും ശത്രുതയ്ക്ക് കാരണമാകുമെന്നും വ്യക്തമായ ബോധ്യത്തോടെ തന്നെയാണ് അതി നിർണ്ണായകമായ വെളിപ്പെടുത്തൽ സുനിത പുറത്തുവിട്ടത്.

പൊതുവിൽ ആരെയും പിണക്കാതെ മാദ്ധ്യമപ്രവർത്തനം നടത്തുക എന്നതാണ് കേരളത്തിലെ വനിതാ മാദ്ധ്യമപ്രവർത്തകരുടെ പൊതുശൈലി. എന്നാൽ, സമ്മർദ്ദങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും മന്ത്രിമാർ നടത്തിയ ചൂഷണ വിവരം പുറത്തുവിടുകയായിരുന്നു സുനിത. സരിതയുടെ കൂടെ ജയിലിൽ കഴിഞ്ഞിരുന്ന ഒരു സ്ത്രീ സരിതയുടെ ഒരു കുറിപ്പ് വായിച്ചാണ് സരിതയുടെ അനുഭവങ്ങളെ കുറിച്ച് കൂടുതലായി അവർ അന്വേഷിക്കുന്നത്. അതിനു പുറമെ കേരള രാഷ്ട്രീയത്തിൽ എന്താണ് സംഭവിക്കുന്നതെന്നും എന്താണ് സരിത എഴുതിയതിന്റെ സത്യാവസ്ഥ എന്നും അറിയാനുള്ള ഒരു മാദ്ധ്യമപ്രവർത്തകയുടെ സ്വാഭാവികമായ താൽപര്യവും തനിക്കുണ്ടായിരുന്നെന്ന് സുനിത മറുനാടനോട് വ്യക്തമാക്കിയിരുന്നു.

മറുനാടനിൽ ജോലി ചെയ്യുന്ന വേളയിൽ തന്നെയാണ് സോളാർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു വനിതാ മാദ്ധ്യമപ്രവർത്തകയുടെ താൽപ്പര്യം വച്ച് സരിതയെ അട്ടകുളങ്ങര ജയിലിൽ എത്തി കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് കാണാൻ സാധിച്ചില്ല. പിന്നീട് ഒരു വനിതാ മാദ്ധ്യമപ്രവർത്തക കാണാൻ എത്തിയ വിവരം അറിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം സരിത സുനിതയെ വീട്ടിലെത്തി കാണുകയായിരുന്നു. അമ്പലമുക്കിലുള്ള സുനിതുയുടെ ഫ്‌ലാറ്റിലാണ് സരിത എത്തിയത്. ഇവിടെ വച്ച് സംസാരിച്ചപ്പോഴാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സംഭാഷണം റെക്കോർഡ് ചെയ്തതും.

അന്ന് മാദ്ധ്യമം ദിനപത്രത്തിൽ ജോലിക്ക് കയറിയ സുനിത ദേവദാസ് ഈ സംഭാഷണം അടക്കമുള്ള വിവരങ്ങൾ പത്രത്തിന്റെ എഡിറ്റർക്ക് നൽകിയെങ്കിലും രാഷ്ടീയ വിവാദങ്ങളെ ഭയന്ന് മാദ്ധ്യമം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. പിന്നീട് ഈ റെക്കോർഡിങ് കൈവശം വച്ച സുനിത ഒരു വർഷത്തിന് ശേഷമാണ് ഇത് പുറത്തുവിടാൻ തയ്യാറാകുന്നത്. സോളാർ കേസിലെ പല നിർണ്ണായക വെളിപ്പെടുത്തലും പുറത്തുവിട്ട റിപ്പോർട്ടർ ചാനൽ വഴിയായിരുന്നു രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.

അതിനിർണ്ണായകമായ വെളിപ്പെടുത്തൽ പുറത്തുവന്ന വേളയിൽ സജീവ മാദ്ധ്യമപ്രവർത്തന രംഗത്തു നിന്നും താൽക്കാലികമായി അവധിയെടുത്തിരിക്കയാണ് സുതനി. ഭർത്താവിനും മക്കൾക്കുമൊപ്പം കാനഡയിൽ താമസിക്കുകയാണ് അവർ. എന്നാൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ആളുകൾ രംഗത്തെത്തി. ഇതിന് നേതൃത്വം നൽകിയവരിൽ ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ഇതിന് കാരണം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു.

വർഷങ്ങളായി അധികാരികളുടെ കൺമുന്നിൽ നടക്കുന്ന ഈ അനധികൃ മദ്യപാനത്തിനെതിരെ വാർത്ത എഴുതിയത് സുനിത ദേവദാസായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും കുലുങ്ങാതെ തന്റെ വാദത്തിൽ അടിയുറച്ചു നിന്നും അവർ. മറുനാടൻ മലയാളിയുടെ ലേഖിക എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ പരമ്പര അടക്കം സുനിത റിപ്പോർട്ട് ചെയ്തിരുന്നു. പ്രമുഖ വ്യക്തികളുടെ നിർണ്ണായക വെളിപ്പെടുത്തൽ അടങ്ങിയ അഭിമുഖങ്ങളും അവർ നടത്തിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തന രംഗത്ത് ധീരമായി നിലപാട് കൈകൊള്ളുന്ന സുനിത ദേവദാസ് മറ്റ് വനിതാ മാദ്ധ്യമപ്രവർത്തകരിൽ നിന്നും വ്യത്യസ്തമാകുന്നതും നിലപാടിന്റെ പേരിലാണ്.