തൃപ്പൂണിത്തുറ: സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് സഹപ്രവർത്തകയുടെ ഭർത്താവിന്റെ ക്രൂരമർദനം. ഹെൽമെറ്റ് കൊണ്ട് തലക്കും കൈക്കും തുടരെ ആഞ്ഞടിക്കുകയായിരുന്നു. പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജിക്കാണ് പരിക്കേറ്റത്. തന്നെ ആക്രമിച്ച തൃപ്പൂണിത്തുറ സ്വദേശി സതീഷനെതിരെ ഇവർ പൊലീസിൽ പരാതി നൽകി. ഇയാളും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിന്നെ കൊല്ലുമെടീ.. എന്നറലിക്കൊണ്ടായിരുന്നു മർദ്ദനം.

സൂപ്പർ മാർക്കറ്റിലെ ഫോണിലേക്ക് വിളിച്ച സതീഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന തന്റെ ഭാര്യയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തിരക്കായതിനാൽ പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാൾ ഫോണിലൂടെ അസഭ്യവർഷം നടത്തിയെന്നും പിന്നീട് സൂപ്പർമാർക്കറ്റിൽ എത്തി ആക്രമിച്ചെന്നുമാണ് പരാതി.

അതേസമയം വിഷയത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹിൽപാലസ് പൊലീസ് സ്റ്റേഷന് നിർദ്ദേശം നൽകി. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇതേക്കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് പരാതിയും ഉയർന്നിരുന്നു. സംഭവത്തിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വനിത കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നിർദ്ദേശം നൽകി. പരിക്കേറ്റ സൂപ്പർ മാർക്കറ്റ് ജീവനക്കാരി ഷിജിയെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ച് സംസാരിച്ചു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മിഷനെ അറിയിച്ചു.

സൂപ്പർമാർക്കറ്റിലെ ഹോം ഡെലിവറിക്കായി ഉപയോഗിക്കുന്ന ഫോണിലേക്ക് സഹപ്രവർത്തകയായ യുവതി ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭർത്താവ് സതീഷ് വിളിക്കുകയായിരുന്നു. എന്നാൽ സ്വന്തം ആവശ്യങ്ങൾക്കായി സൂപ്പർമാർക്കറ്റിലെ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഷിജി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് സഹപ്രവർത്തകയുടെ ഭർത്താവ് ഫോണിലൂടെ അസഭ്യം പറയുകയും പിന്നാലെ സൂപ്പർമാർക്കറ്റിലെത്തി ഷിജിയെ ഹെൽമറ്റ് ഊരി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഷിജിയുടെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിനിടെ പിടിച്ചുമാറ്റാൻ എത്തിയവരേയും ഇയാൾ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വൈകുന്നേരം മൂന്ന് മണിയോടെ സൂപ്പർമാർക്കറ്റ് ഉടമയടക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സി സി ടി വി അടക്കമുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നുമാണ് ആരോപണം. അതേ സമയം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.