കൊച്ചി: കോടതിക്ക് വലുതായിട്ടൊന്നും തെറ്റുപറ്റില്ലെന്ന് നടൻ ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് സുരേഷ് ഗോപി എംപി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് നീതി ലഭിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. കോടതി പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് സഹപ്രവർത്തകർ വാദി-പ്രതി ഭാഗത്തു നിൽക്കുന്ന നടി ആക്രമണ കേസിൽ സൂപ്പർ സ്റ്റാറുകൾ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയർത്താൻ പലരും വിസമ്മതിച്ചു. ഇതിനിടെയാണ് വ്യക്തമായ നിലപാട് പറയാതെ സുരേഷ് ഗോപിയുടെയും ഒഴിഞ്ഞു മാറ്റം.

നേരത്തെ നടി ആക്രമണ കേസിലെ മുഖ്യപ്രതിയായ ദിലീപിന് ആലുവ സബ് ജയിലിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയതായി ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖയുടെ തുറന്നുപറഞ്ഞിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രതികരണം.

നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാൾ കൂടിയാണ് ദിലീപ്. ശ്രീലേഖയുടെ തുറന്നുപറച്ചിൽ അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.ജയിൽ ഡിജിപിയായിരിക്കെ നടി ആക്രമണ കേസിലെ പ്രതി ദിലീപിന് സൗകര്യങ്ങൾ ചെയ്തു നൽകിയെന്ന് നേരത്തെയും ആർ ശ്രീലേഖയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ വിവാദം മുൻനിർത്തി അവതാരകൻ ചോദ്യമുന്നയിച്ചതോടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.

അവിടെ കണ്ട കരളലയിക്കുന്ന കാഴ്‌ച്ചയാണ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു മുൻ ജയിൽ ഡിജിപിയുടെ മറുപടി.ഞാൻ അത് (കൂടുതൽ സൗകര്യങ്ങൾ) ചെയ്തു കൊടുത്തിട്ടുണ്ട്. കാരണം ഒരു ദയയുടെ പുറത്ത്, ഒരാളെ ഇത്രയധികം ദ്രോഹിക്കാൻ പാടില്ല എന്നതുകൊണ്ട്. ആലുവയിൽ പോയി നോക്കിയപ്പോൾ സബ് ജയിലിൽ കണ്ട കാഴ്‌ച്ച വളരെ കരളലയിക്കുന്നതായിരുന്നു. ശ്രീലഖ മനോരമ ന്യൂസിനോട് പറഞ്ഞു.

'ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിനു കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിനു ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്നു നാലു ജയിൽവാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണു പോയി.

സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്നു തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്കു പെട്ടെന്നു മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാൻ അതു ചെയ്യും. മൂന്നാംമുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

ദിലീപിന് നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന് ജയിലിൽ ദിലീപിന് കമ്പിളി അടക്കം ലഭ്യമാക്കാൻ ശ്രീലേഖയായിരുന്നു ഇടപെട്ടത്. ആലുവ സബ് ജയിലിൽ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയർന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാർക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോർട്ടുകൾ. എല്ലാ തടവുകാർക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ദിലീപിനെ അയച്ചിരുന്നില്ല. അവർ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാൻ വിട്ടു എന്ന ആക്ഷേപവും ഉയർന്നിരുന്നു.