കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിത ഹസീനക്ക് പ്രമുഖ ചലച്ചിത്രനടൻ സുരേഷ് ഗോപിയുടെ കാരുണ്യത്തിൽ വീടൊരുങ്ങി. സുരേഷ് ഗോപി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നിർമ്മിച്ചു നൽകുന്ന ആറാമത് വീടാണ് ഹസീനക്കും കുടുംബത്തിനും ഈ മാസം 24 ന് സമർപ്പിക്കുന്നത്.

മുംബൈ സ്വദേശികളായ എസ്. ബൾക്കീസിന്റേയും ഷെയ്ക്ക് കരീമിന്റേയും മകളാണ് ഇരുപത്തിയഞ്ചുകാരിയായ ഹസീന. ഹസീനക്ക് രണ്ടര വയസ്സായപ്പോഴാണ് കുടുംബം കാസർഗോഡ് പുല്ലൂരിലെത്തിയത്. എൻഡോസൾഫാൻ കീടനാശിനി തളിച്ച ഗ്രാമത്തിൽ താമസിച്ചു വരവേ ഹസീനക്ക് പനിയും തലവേദനയും ബാധിച്ചു.

അതുവരെ കളിച്ചു നടന്ന ഹസീനക്ക് ശാരീരിക- മാനസിക വൈകല്യം ബാധിക്കുകയായിരുന്നു. നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഹസീനയുടെ വൈകല്യത്തിന് പരിഹാരമായില്ല. ജനനം മുംബൈയിലായതിനാൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഹസീന ഉൾപ്പെട്ടതുമില്ല.

എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണനാണ് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ മുമ്പാകെ ഹസീനയുടെ കുടുംബത്തിന്റെ ദുരിതജീവിതം അറിയിച്ചത്. സാഹിത്യവേദി പ്രസിഡണ്ട് അംബികാസുതൻ മാങ്ങാട് ഹസീനക്ക് വീടൊരുക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപിയെ സമീപിക്കുകയായിരുന്നു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ മൂന്ന് സെന്റ് ഭൂമി ഈ കുടുംബത്തിന് ലഭിച്ചിരുന്നു.

ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നയിച്ചിരുന്ന ഹസീനയുടെ പിതാവ് അസുഖ ബാധിതനായതോടെ ഹസീന ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുസ്സഹമായി. സഹോദരൻ അഷറഫ് അലിയുടെ കൂലി വേല ചെയ്തുള്ള ഏകവരുമാനം കൊണ്ട് കുടുംബം പുലർത്താനും ചികിത്സാച്ചെലവ് തികയാതേയും വന്നു. ഈ കുടുംബത്തിന്റെ ദുരവസ്ഥ സുരേഷ് ഗോപിയെ അറിയിച്ചതോടെയാണ് ഹസീനക്ക് വീടെന്ന സ്വപ്‌നത്തിനു ചിറകു മുളച്ചത്.

സർക്കാർ അനുവദിച്ച മൂന്നു സെന്റ് ഭൂമിയിൽ നടൻ സുരേഷ് ഗോപിയുടെ സഹായത്തോടെ വീടു നിർമ്മാണം ആരംഭിച്ചത് കേവലം മൂന്നു മാസം മുമ്പാണ്്. എൻഡോസൾഫാൻ സമരസമിതി പ്രവർത്തകനായ എഞ്ചിനീയർ മധു എസ്. നായർ വീട് നിർമ്മാണത്തിന് മേൽ നോട്ടം വഹിക്കാൻ സജ്ജനായി. പ്രതിഫലമില്ലാതെ മധുവിന്റെ മേൽനോട്ടത്തിൽ വീടുപണി അതിവേഗം മുന്നേറിയപ്പോൾ നെഹ്‌റു കോളേജിലെ സാഹിത്യവേദിയും ജോലി ചെയ്യാൻ തയ്യാറായെത്തി. ഇരുപത്തിയഞ്ചിലധികം പ്രവർത്തകർ കോൺക്രീറ്റ് പണിക്ക് സഹായികളായി എത്തി. മൂന്നര മാസം കൊണ്ട് വീടുപണി പൂർത്തിയായി.

വീടിനോടു ചേർന്ന് ചെറിയ ഒരു കടമുറിയും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഉപജീവനത്തിനായി ഈ കട ഉപകരിക്കാനാണ് സാഹിത്യവേദി ലക്ഷ്യമിട്ടിട്ടുള്ളത്. കടയിൽ വിൽപ്പനക്കുള്ള സാധന സാമഗ്രികളും സൗജന്യമായി നൽകി ഈ കുടുംബത്തിന് ഒരു സ്ഥിരവരുമാനമുണ്ടാക്കാനാണ് സംഘാടകർ ലക്ഷ്യമിട്ടിട്ടുള്ളത്. ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുമ്പോൾ ഡിസംബർ 24 ന് ഹസീനക്കും കുടുംബത്തിനും സുരേഷ് ഗോപി താക്കോൽ നൽകിക്കൊണ്ട് വീട് സമർപ്പിക്കും.

കഴിഞ്ഞ 18 വർഷമായി ദുരിതജീവിതം നയിച്ച് വാടക ക്വാർട്ടേസിൽ പരിമിത സൗകര്യത്തിൽ കഴിഞ്ഞ ഹസീനയുടെ കുടുംബം തികഞ്ഞ സന്തോഷത്തിലാണ് പുതിയ വീട്ടിലേക്ക് പ്രവേശിക്കുക. മഹാരാഷ്ട്രയിൽനിന്നും മലയാള നാട്ടിലെത്തിയ കുടുംബത്തിന് താങ്ങായി വെള്ളിത്തിരയിലെ നായകനും അതോടൊപ്പം നെഹറു കോളേജ് സാഹിത്യ വേദിയും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയും സഹകരിച്ചതിനെ ദൈവതുല്യം എന്നാണ് ഈ കുടുംബം വിശേഷിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ നെഹ്‌റു കോളേജ് സാഹിത്യവേദി പണിയിച്ച് നൽകുന്ന ആറാമത്തെ വീടാണ് ഹസീനയുടേതെന്നും പ്രസിഡണ്ട് അംബികാസുതൻ മാങ്ങാട് പറഞ്ഞു. ഹസീനയുടേയും കുടുംബത്തിന്റേയും ഗൃഹപ്രവേശം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പുല്ലൂരിലെ ദേശവാസികൾ.