തളിപ്പറമ്പ്: കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനെതിരെ ശക്തമായ സമരം തുടരുന്ന വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലേറ്. ഇന്ന് പുലർച്ചെ 1.45ഓടുകൂടിയാണ് സംഭവം. കല്ലേറിൽ വീടിന്റെ മുകൾ നിലയിലെയും താഴെ നിലയിലെയും ജനൽ ചില്ലകൾ തകർന്നു. പുലർച്ചെ ബൈക്കിനെത്തിയ ചിലരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സുരേഷും കുടംബവും വിട്ടിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് സംഭവം. കല്ലേറുണ്ടായ ഉടൻ സുരേഷ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. ആരാണ് സംഭവത്തിന് പിറകിലെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വയൽക്കിളികൾ നടത്തുന്ന സമരം ശക്തമാകുന്നതിന്റെ ഭാഗമായി മാർച്ച 25ന് വ്യാപകമായ പ്രക്ഷോഭം നടത്തുന്നുണ്ട്. വയൽക്കിളികളുടെ സമരത്തെ പ്രതിരോധിക്കുന്നതിനായി സിപിഎം 24ന് ശക്തി പ്രകടനത്തിനും പദ്ധതിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. അതേസമയം വയൽക്കിളികളെ പേടിപ്പിച്ച് തുരത്താൻ സിപിഎം ശ്രമിക്കുമ്പോൾ മറുവശത്തും പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുകയാണ്. വയൽക്കിളികൾക്ക് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും സമരക്കാരെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എൽഡിഎഫിൽ നിന്നുള്ള സിപിഐയുടെ നിലപാടാണ് സർക്കാറിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. അതേസമയം കീഴാറ്റൂരിനെ നന്ദിഗ്രാമാന്നുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് സിപിഎമ്മിന്. സമരം തുടരുന്ന 'വയൽക്കിളികൾ' ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകളും മറ്റു ജനകീയസമരമുന്നണിക്കാരും ഒത്തുചേർന്ന് അടുത്തദിവസം കിഴാറ്റൂർ വയലിലേക്ക് മാർച്ച് നടത്തുകയാണ്. എന്നാൽ 'ഞങ്ങൾ വികസനവിരുദ്ധരല്ല' എന്നുപറഞ്ഞ് സിപിഎമ്മും മാർച്ചുമായി എത്തുന്നുണ്ട്.

ബുധനാഴ്ച എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ.യുടെ യുവവിഭാഗം എ.ഐ.വൈ.എഫ്. നേതാക്കൾ ബുധനാഴ്ച കീഴാറ്റൂരിലെത്തി സമരത്തിനുള്ള പിന്തുണയറിയിച്ചതും സർക്കാറിന് ക്ഷീണമായി. അതിനുമുൻപുതന്നെ സമരക്കാരായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം വയലോരത്തെ കീഴാറ്റൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രപരിസരത്തെത്തിയിരുന്നു. വയലിന്റെ ഒത്തനടുവിലും തൊട്ടടുത്ത് വെള്ളമൊഴുകുന്ന തോട്ടിലും മഞ്ഞച്ചായമടിച്ച ചെറിയ സർവേക്കുറ്റികൾ നാട്ടിക്കഴിഞ്ഞു. വലതുഭാഗത്തെ നേർപകുതിയാണ് ദേശീയപാതയ്ക്കായി അളന്നെടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ സാംസ്‌കാരിക സാമൂഹിക മേഖലകളിലുള്ളവർ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. നെൽവയൽ നശിപ്പിച്ച് ദേശീയ
പാത നിർമ്മിക്കുന്നതിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് പിൻതുണയേറി വരികയാണ്. വയൽക്കിളികൾ നടത്തുന്ന സമരത്തെ പരാജയപ്പെടുത്താൻ സിപിഐ (എം)ഉം പൊലീസും ശ്രമിക്കുകയാണെന്നാരോപിച്ച് മേധാപട്ക്കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ പ്രസ്താവന ഇറക്കി കഴിഞ്ഞു. ഭരണമുള്ളിടത്ത് വേട്ടക്കാരനൊപ്പവും ഭരണമില്ലാത്തിടത്ത് ഇരക്കൊപ്പവും എന്ന സിപിഐ.(എം). ന്റെ കാപട്യമാണ് കീഴാറ്റൂർ സമരത്തിന്റെ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്ന് മേധാ പട്ക്കർ, ഡോ.സനിൽ, എം. ജി. എസ്. നാരായണൻ, സാറാ ജോസഫ്, ശ്രീനിവാസൻ, ജോയ് മാത്യു തുടങ്ങി 32 പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

വയൽക്കിളി സമരത്തിന് പൂർണ്ണ പിൻതുണ നൽകാൻ കോൺഗ്രസ്സും തയ്യാറായിരിക്കയാണ്. വയൽക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും തകർക്കാമെന്ന് സിപിഐ.(എം). ഉം സർക്കാറും വ്യാമോഹിക്കേണ്ടതില്ലെന്ന് ഹസ്സൻ പറഞ്ഞു. ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇടതു പക്ഷം തന്നെ വിവിധ സ്ഥലങ്ങൾ കൊടി കുത്തി സമരം നടത്തിയിരുന്നു. കീഴാറ്റൂരിൽ സമരക്കാരുമായി ചർച്ച നടത്തണമെന്ന റവന്യൂ വകുപ്പിന്റെ നിർദ്ദേശം പോലും കാറ്റിൽ പറത്തുകയായിരുന്നു. മാത്രമല്ല സിപിഐ. (എം). പ്രവർത്തകർ പരസ്യമായി സമര പന്തൽ കത്തിക്കുകയായിരുന്നു. സമരക്കാർ മേൽപ്പാലം ഉൾപ്പെടെയുള്ള സമാന്തര പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടും അക്കാര്യം പരിശോധിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ഹസ്സൻ ആരോപിച്ചു.

25 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട നെൽവയൽ സമരത്തിൽ മുൻ.കെപിസിസി. പ്രസിഡണ്ട് വി എം. സുധീരൻ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കീഴാറ്റൂർ വയൽക്കിളികളെ വയൽ കഴുകന്മാരായി ചിത്രീകരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാടിലും സിഐടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റേയും പ്രസ്താവനയോടെ കൂടുതൽ സംഘടനകൾ പിൻതുണയുമായി രംഗത്ത് വരികയാണ്. എ.ഐ. വൈ. എഫ്. സംസ്ഥാന ഭാരവാഹികൾ ഇന്ന് കീഴാറ്റൂർ സന്ദർശിക്കുന്നുണ്ട്. വയൽക്കിളികളെ വികസന വിരോധികളായി ചിത്രീകരിച്ച് സമരത്തെ നേരിടുന്ന രീതി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.