തൃശ്ശൂർ: വിഷുക്കൈനീട്ടം നൽകിയതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ വീണ്ടും പ്രതികരിച്ച് ബിജെപി. എംപിയും നടനുമായ സുരേഷ് ഗോപി. ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങൾ മാറുന്നതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാഷ്ട്രീയ ഇടപെടലുകൾ കാരണം വിഷു കഴിഞ്ഞാലും ജനങ്ങൾ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഇതിൽ നന്ദിയുണ്ടെന്നും സുരേഷ് ഗോപി പരിഹസിച്ചു.

അതേ സമയം കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്നെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും. സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ടം.

ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി പ്രവർത്തകർ ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിയത്. തൊഴാനെത്തുന്ന എല്ലാ ഭക്തർക്കും വിഷുക്കൈനീട്ടം നൽകുമെന്നും അറിയിച്ചു. സുരേഷ് ഗോപിയെ വിലക്കിയ അതേ കാര്യം ബിജെപി ചെയ്യും. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്‌നമാണെന്നും ബിജെപി ആരോപിച്ചു.

ഹൈന്ദവ വിശ്വാസപ്രകാരം ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ദക്ഷിണ കൊടുക്കാനും ഭക്തർക്ക് അവകാശമുണ്ട്. ഇത് കാലങ്ങളായി തുടരുന്ന ആചാരമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി പണം നൽകിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച മുതൽ ജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയിലാണ് സുരേഷ്ഗോപി. താൻ നൽകുന്ന പണത്തിൽ നിന്നും കൈനീട്ടം കൊടുക്കുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേൽശാന്തിമാരോട് അഭ്യർത്ഥിച്ചിരുന്നു.

റിസർവ് ബാങ്കിൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം ക്ഷേത്രങ്ങളിൽ നൽകിയത്.അതേസമയം, കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോർഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയാണ് ബോർഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്.

കുരുന്നുകൾക്ക് വിഷുക്കൈനീട്ടം നൽകിയത് രസിക്കാത്തത് ചൊറിയൻ മാക്രിക്കൂട്ടങ്ങൾക്കാണെന്നും നന്മ മനസ്സിലാക്കാൻപറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നും കഴിഞ്ഞ ദിവസം വിമർശനങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു.

കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകുന്നത് പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പണം വാങ്ങിയശേഷം സ്ത്രീകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.