- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദം; അതിജീവിത നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും; നടി ആദ്യമായി നേരിട്ടെത്തുന്നത് ,പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ; ആശങ്കകൾ രേഖാമൂലം പരാതിയായി മുഖ്യമന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10 ന് സെക്രട്ടേറിയറ്റിൽ വച്ചാണ് കൂടിക്കാഴ്ച. കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നടി ഹർജി നൽകിയത് വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച.പരാതിയിൽ വെട്ടിലായ സർക്കാറും കൂടിക്കാഴ്ചക്ക് താല്പര്യമെടുത്തു.
അതിജീവിതയ്ക്കൊപ്പം ഭർത്താവും അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കാണും.കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക അതിജീവിത മുഖ്യമന്ത്രിയെ ധരിപ്പിക്കും. ആശങ്കകൾ രേഖാമൂലം പരാതിയായി മുഖ്യമന്ത്രിക്ക് കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം.അതിനിടെ തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതിഭാഗത്തിന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സർക്കാരിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിരോധത്തിലായ സർക്കാരും കൂടിക്കാഴ്ചക്ക് താല്പര്യമെടുത്തിരുന്നു. അന്വേഷണത്തിന്റെ ഗതിയിലുള്ള ആശങ്ക നടി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ നിയമനം നൽകാത്തതും ചൂണ്ടിക്കാട്ടും. പരാതിയെ രാഷ്ട്രീയമായി വലിച്ചിഴതിലുള്ള അതൃപ്തിയും നടി അറിയിച്ചേക്കും. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്നും അന്വേഷണം തുടരാൻ കൂടുതൽ സാവകാശം തേടി ഹർജി നൽകാൻ ക്രൈം ബ്രാഞ്ചിന് നിദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിക്കും.
ഇതിനിടെ നടി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സർക്കാർ അഭിഭാ.കൻ അറിയിച്ചു. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ