- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയമുണ്ടെന്ന് പറയുന്നത് പോലെ അത് നിരസിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്; സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ; സൂര്യ മരിച്ചെന്ന് ഉറപ്പാക്കിയ സുജീഷ് പൊലീസിൽ കീഴടങ്ങിയത് ഫോണുമായി; നടുക്കത്തോടെ നാട്
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവ് സൂര്യപ്രിയയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിലായിരുന്നു കൊലപാതകത്തോട് പ്രതികരിച്ചത്. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമായിരുന്ന സൂര്യപ്രിയ സാമൂഹ്യ രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായ ധീരയായ സഖാവും ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയായിരുന്നെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവരൂപീകരണമാണ് യുവതയെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നതെന്നും ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവൽകരിക്കണമെന്നും പോസ്റ്റിൽ പറയുന്നു. ''പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഈ ബോധം വളർത്താൻ ചിന്താശേഷിയുള്ള യുവസമൂഹം ആവശ്യമാണ്,'' ഡിവൈഎഫ്ഐ വ്യക്തമാക്കി. കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികൾ അതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യപ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടത്. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമായിരുന്നു സൂര്യപ്രിയ. സാമൂഹ്യ രാഷ്ട്രീയരംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത്.
വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവരൂപീകരണം യുവതയെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ്. നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവൽകരിക്കണം. പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഈ ബോധം വളർത്താൻ ചിന്താശേഷിയുള്ള യുവസമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടർന്നുകൊണ്ടിരിക്കാം. കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ട്... വിട... സഖാവ് സൂര്യപ്രിയാ...
ഫോണുമായി സ്‌റ്റേഷനിൽ, വാക്കുകൾ കേട്ടു പൊലീസും ഞെട്ടി
സൂര്യയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സുജീഷ് അവളുടെ മൊബൈൽ ഫോണുമായി പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. പൊലീസുകാർ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും കൊലപാതകം അറിയുന്നത്. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നും അതിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 11.30നായിരുന്നു കൊലപാതകം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരൻ രാധാകൃഷ്ണനുമാണ് ഇവിടെ താമസിച്ചിരുന്നത്. അമ്മ ഗീത ജോലിക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു.
മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ആലത്തൂർ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ