ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീരിൽനിന്ന് ഇന്ത്യയിൽ മെഡിക്കൽ വീസ തേടുന്നവർക്ക് പാക്ക് സർക്കാരിന്റെ ശുപാർശ കത്തു വേണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക്കിസ്ഥാൻ അത് അനധികൃതമായി കൈവശപ്പെടുത്തിയതാണ്. അവിടെനിന്നുള്ളവർക്കു വീസ നൽകുമെന്നും അതിനു പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ എഴുത്തു വേണ്ടെന്നും സുഷമ ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കി.

കരളിൽ ട്യൂമർ ബാധിച്ച ഉസാമ അലിക്കാണ് (24) സുഷമ സ്വരാജ് മെഡിക്കൽ വീസ അനുവദിച്ചത്. വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷനു കത്തെഴുതാൻ സർതാജ് അസീസ് വിസമ്മതിച്ചുവെന്നു കാട്ടി ഉസാമ അലിയുടെ കുടുംബം സുഷമ സ്വരാജിനെ സമീപിക്കുകയായിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ റാവ്ലകോട്ടിലാണ് അലി ജീവിക്കുന്നത്. ഡൽഹി സാകേതിലെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ ധാരണയായിട്ടുണ്ട്.

പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ വീസ വേണമെങ്കിൽ അപേക്ഷിക്കുന്നവർക്ക് പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശ കൂടി വേണമെന്ന് ഈ മാസം ആദ്യം സുഷമ ട്വീറ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരൻ കുൽഭൂഷൻ ജാദവിന്റെ അമ്മയ്ക്കു വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഷമ സ്വരാജ് അയച്ച കത്ത് ലഭിച്ചെന്നുപോലും വ്യക്തമാക്കാൻ അസീസ് ശ്രമിച്ചിട്ടില്ലെന്നും സുഷമ കുറ്റപ്പെടുത്തിയിരുന്നു.

ഉസാമയുടെ പിതാവ് ജാവേദ് നാസ് ഖാൻ റാവ്ലകോട്ടിലെ അഭിഭാഷകനാണ്. പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പ്രവർത്തകനുമാണ്. യൂറോപ്പിലോ മറ്റെവിടെങ്കിലുമോ കൊണ്ടുപോയി മകനെ ചികിൽസിക്കാനുള്ള കഴിവില്ലെന്നു ജാവേദ് അറിയിച്ചു. മറ്റിടങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ചെലവു കുറവാണെന്നും ജാവേദ് പറഞ്ഞു.